
കോഴിക്കോട്: കുടുംബത്തോടൊപ്പം കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്യവേ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കണ്ണൂർ ഇരിക്കൂർ കണ്ണൻ കുന്നേൽ പരേതരായ ചാക്കോ, മുണ്ടക്കൽ അന്നമ്മ ദമ്പതികളുടെ മകൻ കെ.ജെ.സുനിൽ (40) ആണ് മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപം ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം.
അതേ ദിശയിൽ വന്ന ലോറി ബസിൽ വന്ന് ഇടിക്കുകയായിരുന്നു. ബസിന്റെ പിറകിൽ വലതുവശത്തെ വിൻഡോ സീറ്റിലിരുന്ന സുനിൽ ഇടിയുടെ ആഘാതത്തിൽ തെറിച്ച് കമ്പിയിലിടിച്ച് വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുനിലിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, ഇടിച്ചു കയറിയ ലോറി സുനിലിന്റെ തലയിൽ തട്ടിയിരിക്കാമെന്നാണ് പൊലീസ് സംശയം.
കോട്ടയം പാലായിൽ നിന്ന് കണ്ണൂരിലെ കൊശവൻ വയലിലെ വീട്ടിലേക്ക് വരികയായിരുന്നു സുനിലും കുടുംബവും. ഭാര്യ റിയ സുനിൽ, സഹോദരി സിസ്റ്റർ സോളി, റിയയുടെ സഹോദരൻ, സുനിലിന്റെ സഹോദരന്റെ മകൻ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |