
'മോരുണ്ടോ? എങ്കിൽ അൽപ്പം ഉണ്ടു കളയാം.' ചിലരുടെ പ്രകൃതം ഇതാണ്. നല്ല വിശപ്പുണ്ട്. ഉണ്ണണമെന്ന ആഗ്രഹവും. പക്ഷേ, ഡൈനിംഗ് ഹാളിലേക്ക് എങ്ങനെ വലിഞ്ഞു കയറിച്ചെല്ലും. അവർ ക്ഷണിച്ചാലും അൽപ്പം വെയിറ്റിടാം. അതിനാണ് മോരുണ്ടോ എന്ന ചോദ്യം. അതുപോലെയാണ് കേരളത്തിൽ മുഖ്യമന്ത്രിക്കസേര കൊതിക്കുന്ന കോൺഗ്രസ് നേതാക്കളുടെ കാര്യം. മുഖ്യമന്ത്രിയാകാൻ അഗ്രഹം. പക്ഷേ, ഹൈക്കമാൻഡിന്റെ ഇണ്ടാസ് കണ്ട് പരസ്യമായി പറയാൻ പേടി. 'അത്ര താത്പര്യമില്ല,നിർബന്ധിക്കണം.' അതിനുള്ള ഏർപ്പാടുകളൊക്കെ ശിങ്കിടികളെക്കൊണ്ട് ഒപ്പിച്ചു വയ്ക്കും. എന്നിട്ട്, ഞാനൊന്നുമറിഞ്ഞില്ലേ, രാമ നാരായണ എന്ന ഭാവം.
പത്രക്കാർ കുത്തിക്കുത്തി ചോദിച്ചാലും ഒന്നും വിട്ടുപറയരുത്. കളിയെല്ലാം അണ്ടർ ഗ്രൗണ്ടിൽ. പത്തുകൊല്ലം വെയിലു കൊണ്ടതാണ്. എന്നുവച്ച് ആരും താലത്തിൽ കൊണ്ടുവന്ന് തരുമെന്ന് കരുതേണ്ട. പാരവയ്പുകളെയും കുതികാൽ വെട്ടുകളെയും തന്ത്രപൂർവം അതിജീവിച്ച് തളരാതെ നിൽക്കണം. കിട്ടിയാൽ ഊട്ടി, അല്ലെങ്കിൽ ചട്ടി. ഇപ്പോഴല്ലെങ്കിൽ പിന്നെയെന്ന്?. മുഖ്യമന്ത്രിയാവാൻ രമേശ് ചെന്നിത്തലയ്ക്കും, വി.ഡി.സതീശനുമൊപ്പം ഉടുപ്പ് തയ്ച്ചുവച്ച് മാസങ്ങളായി കാത്തിരിപ്പിലാണ് കെ.സി.വേണുഗോപാലും. അണിയറ നീക്കങ്ങൾ വോട്ടണ്ണൽ ദിനം അടുക്കുംതോറും പരസ്യമായി തുടങ്ങി. ഓരോ നേതാവിന്റെയും പോരാട്ട കഥകളും സാഹസ കൃത്യങ്ങളും വിവരിക്കുന്ന റീൽസ്, ഡോക്യുമെന്ററി, പോഡ്കാസ്റ്റ്, ഭാവി മുഖ്യമന്ത്രിയുടെ പ്രതിഛായ മിനുക്കൽ ഒക്കെ തകൃതി.
കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം അങ്ങ് ഡൽഹിയിൽ നിന്ന് പറന്നെത്തുന്ന 'കെ.സി കാക്ക' ഒടുവിൽ കൊത്തിക്കൊണ്ടുപോകുമോ എന്നാണ് ഭൈമീകാമുകന്മാരായ രമേശ് ചെന്നിത്തയും വി.ഡി.സതീശനും ഭയക്കുന്നത്. തിരഞ്ഞെടുപ്പിൽ ജയിച്ചു വരുന്ന കോൺഗ്രസ് എം.എൽ.എമാരിൽ കൂടുതൽ പേരും കെ.സി.കാക്കയ്ക്കു വേണ്ടി കൈ പൊക്കിയാലോ?
മത്സരിക്കാൻ ടിക്കറ്റ് ലഭിച്ച കോൺഗ്രസുകാരിൽ ഏറെയും കെ.സി കാക്കയോട് കൂറ് പുലർത്തുന്നവരാണെന്ന് കേൾക്കുന്നു. ഒരെത്തും പിടിയുമില്ല. ആകെ വേവലാതി. 'ഊണിന്നാസ്ഥ കുറഞ്ഞു, നിദ്ര നിശയിങ്കൽ പോലുമില്ലാതെയായി'. ഈ വേവലാതിയിലാണ് റീലുകളും ഡോക്യുമെന്ററികളും പോഡ് കാസ്റ്റുമൊക്കെ ഇറക്കി പരീക്ഷിക്കുന്നത്.
യു.ഡി.എഫിന് ഭരണം ലഭിച്ചാൽ തന്നെ മൂന്നുപേരിൽ ഒരാളെയല്ലേ മുഖ്യമന്ത്രിയാക്കാനാവൂ. മറ്റ് രണ്ടുപേരെയും ഉപ മുഖ്യമന്ത്രിമാരാക്കാമെന്ന് വച്ചാൽ അവർ സമ്മതിക്കുമോ?. ഉപ മുഖ്യമന്ത്രി സ്ഥാനത്തിൽ കണ്ണുള്ള മുസ്ലിംലീഗ് സമ്മതിക്കുമോ? കണ്ടറിയണം. ചെന്നിത്തലയുടെ ജീവ ചരിത്രം വരച്ചു കാട്ടുന്നതാണ് 'ജനനായകൻ ' എ.ഐ വീഡിയോ. ഇനി, കെ.സി. വേണുഗോപാലിനെക്കുറിച്ച് കൂടുതൽ അറിയണോ?, ഉടൻ വരുന്നു ഡോക്യുമെന്ററി. പാർലമെന്റിൽ മോദി സർക്കാരിന്റെ മുഖത്തുനോക്കി അദ്ദേഹം നടത്തിയ ഘോര ഘോര പ്രസംഗങ്ങൾ വായിക്കാൻ സുവർണാവസരം.'നേരിനൊപ്പം,പോരാട്ടങ്ങൾ,നിലപാടുകൾ' എന്നതാണ് പുസ്തകത്തിന്റെ പേര്. അതേസമയം, മുഖ്യമന്ത്രി ചർച്ചകളിലൊന്നും തനിക്ക് തീരെ താത്പര്യമില്ലെന്നും അതെങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നുമാണ് കെ.സിയുടെ നിലപാട്.
വി.ഡി.സതീശൻ നിയമസഭയിൽ നടത്തിയ 'ഇടിവെട്ട് ' പ്രസംഗങ്ങളും വായിച്ച് കോൾമയിർ കൊള്ളാം. പക്ഷേ,സതീശൻ ഇക്കാര്യത്തിൽ 'മൗനം വിദ്വാന് ഭൂഷണം 'എന്ന നിലപാടിലാണ്. നിരാശാ കാമുകനെന്ന് തോന്നുന്ന മട്ടിൽ നിസംഗഭാവം. 'കേരള യാത്ര' എന്ന പേരിലുള്ള രമേശ് ചെന്നിത്തലയുടെ പോഡ് കാസ്റ്റിൽ കേരളത്തിന്റെ വികസനത്തിനുള്ള ചർച്ച തുടങ്ങാമെന്ന ആഹ്വാനമാണ്. രാഷ്ട്രീയ വിവാദങ്ങളും, പ്രസ്താവനകളും മുൻനിറുത്തിയുള്ള യാത്രയല്ല, രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുമല്ല. തന്റെയും കോൺഗ്രസിന്റെയും സ്വപ്നങ്ങൾ ജനങ്ങളോട് പങ്കു വയ്ക്കലാണ് ലക്ഷ്യം. ലോൺ ആപ്പുകൾക്കെതിരെ, വരുന്ന യു.ഡി.എഫ് സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കുന്ന ആദ്യ എപ്പിസോഡ് ഇറങ്ങി.
വി.ഡി.സതീശന്റെ കൂറ്റൻ ഹോർഡിംഗുകൾ ദേശീയ പാതയോരങ്ങളിൽ നിരന്നു തുടങ്ങി. കുഞ്ഞിനെ പ്രസവിക്കുന്നതിന് മുമ്പ് ജാതകം എഴുതണോ. 2021ലേതുപോലെ ചാപിള്ളയാവില്ലെന്നും ,ജീവനുള്ള കുഞ്ഞാണെന്നും ആദ്യം ഉറപ്പുവരുത്തണം. അതിന് മേയ് നാല് വരെ ക്ഷമിച്ചുകൂടേ എന്നുചോദിക്കാം. ഒടുവിൽ മണ്ണും
ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയാലോ. ഇപ്പോഴല്ലെങ്കിൽ പിന്നെ ജീവിത കാലത്ത് നടക്കുമോ? പാർട്ടി സി.പി.എമ്മല്ല, കോൺഗ്രസാണ്.
മലർന്നുകിടന്ന് തുപ്പിയാൽ അത് പതിക്കുക തുപ്പുന്നയാളുടെ മുഖത്തായിരിക്കും. 'പോടാ പുല്ലേ,പൊലീസേ' എന്ന പ്രതിഷേധ മുദ്രാവാക്യം ബ്രിട്ടീഷുകാരുടെ ഭരണകാലം മുതൽ കേട്ടു തഴമ്പിച്ചവരാണ് കേരള പൊലീസ്.ഭരണത്തിൽ ഇരിക്കുമ്പോൾ ആജ്ഞാനുവർത്തികളാവുന്ന പൊലീസ് അതേ മുന്നണി പ്രതിപക്ഷത്താവുമ്പോൾ വെറും പുല്ലാവുന്നത്
സ്വാഭാവികം.പക്ഷേ,പത്തുമുപ്പത് കൊല്ലം കാക്കി വേഷം ധരിച്ച് തലപ്പത്തിരുന്ന് പൊലീസിനെ അടക്കി ഭരിച്ചവർ തന്നെ കാക്കി ഊരിയ ശേഷം പൊലീസുകാരുടെ മുഖത്ത് നോക്കി 'പോടാ പുല്ലേ' എന്ന് വിളിച്ചാലോ.
അത് കേൾക്കുന്ന പൊലീസുകാർക്ക് മാത്രമല്ല,പൊതുജനത്തിനും ഓക്കാനും വരും.തിരുവനന്തപുരം വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിനിടെയാണ് സംഭവം.മുൻ ഡി.ജി.പിയും കോർപ്പറേഷനിലെബി.ജെ.പി കൗൺസിലറും,വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ ആർ.ശ്രീലേഖയാണ്പ്രവർത്തകർ വിളിച്ച 'പോടാ പുല്ലേ,പൊലീസേ' എന്ന മുദ്രാവാക്യം ആവേശത്തിൽ സ്വയം മറന്ന് ഏറ്റുവിളിച്ചത്. ഇത്രയും നാൾ താൻ പ്രവർത്തിച്ച പൊലീസിന്റെ ഇന്നത്തെ അവസ്ഥയിൽ നാണം തോന്നുന്നുവെന്നും ശ്രീലേഖ പറയുമ്പോൾ
ഉരിയുന്നത് സ്വന്തം തൊലി കൂടിയല്ലേ?
പക്ഷേ,അങ്ങനെ വിളിച്ചതിൽ ശ്രീലേഖയ്ക്ക് തെല്ലും ജാള്യതയില്ല. മാത്രമല്ല, താൻ പൊലീസ് സർവീസിലിരുന്നപ്പോഴും കുഴപ്പം കാട്ടുന്ന പൊലീസുകാരുടെ മുഖത്ത് നോക്കി 'പോടാ പുല്ലേ' എന്ന് വിളിച്ചിട്ടുണ്ടെന്നും അവർ അഭിമാനം കൊള്ളുന്നു.
'പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ ചൂട്ടും കെട്ടി പട' എന്നതു പോലെയാണ്, പിന്നാലെ മറ്റൊരു മുൻ ഡി.ജി.പിയും ബി.ജെ.പി അനുഭാവിയുമായ ടി.പി.സെൻകുമാർ പൊലീസിനെതിരെ നടത്തിയതായി പറയുന്ന പരാമർശം. വേണ്ടിവന്നാൽ പൊലീസ് സ്റ്റേഷൻ ആക്രമിക്കുമെന്നാണത്രെ മുന്നറിയിപ്പ്. പൊലീസിൽ ഉന്നത പദവികൾ
വഹിക്കുകയും അതിന്റെ പേരിൽ സർക്കാർ ഖജനാവിൽ നിന്ന് ഭാരിച്ച ശമ്പളവും അടുത്തൂൺ പറ്റിയ ശേഷം ഭാരിച്ച പെൻഷനും കൈപ്പറ്റുകയും ചെയ്യുന്ന ഈ മുൻ ഡി.ജി.പിമാർക്ക് ബി.ജെ.പിയിൽ ചേർന്നതോടെ രാഷ്ട്രീയ തിമിരം ബാധിച്ചതാണോ?. എങ്കിൽ ഉടൻ അതിനുള്ള കണ്ണട വയ്ക്കണം.
ക്ഷേത്രത്തിൽ പൊലീസ് പ്രവേശിച്ചതിനെതിരെ സംഘപരിവാർ സംഘടനകൾ നടത്തിയ മാർച്ചിലായിരുന്നു സെൻ കുമാറിന്റെ പരാമർശം. പൊലീസ് സ്റ്റേഷനുകളും, പൊലീസുകാരെയും ആക്രമിക്കുന്ന സ്വഭാവത്തിലേക്ക് തങ്ങളെ തിരിച്ചു വിടരുതെന്നാണ് താൻ
പറഞ്ഞതെന്നാണ് പിന്നീട് സെൻകുമാറിന്റെ വിശദീകരണം. സംഘപരിവാറുകാരനായി മാറിയ സെൻ കുമാറിന്റെ ന്യായീകരണത്തിലുമുണ്ട് പൊലീസിനു നേർക്ക് ഭീഷണി.റിട്ട.ഐ.പി.എസുകാരായ ഇവർ അതിന്റെ പേരിലുള്ള പെൻഷനെങ്കിലും ഉപേക്ഷിച്ചശേഷം പോരേ, ഉണ്ട ചോറിന് നന്ദികേട് കാട്ടേണ്ടതെന്നാണ് ചോദ്യം. ഇനി കിട്ടാൻ പോകുന്ന ഉയർന്ന ലാവണങ്ങളിലായിരിക്കുമോ കണ്ണ്.
നുറുങ്ങ്:
ഉരുൾ പൊട്ടൽ നടന്ന മുണ്ടക്കൈ-ചൂരൽമലയിൽ സർക്കാർ നിർമ്മിച്ചു കൊടുക്കുന്ന വീടുകളിലൊന്നിൽ കണ്ടെത്തിയ വിള്ളൽ നിർമ്മാണത്തിലെ ക്രമേക്കടെന്ന് കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് നിർമ്മിച്ചു നൽകുമെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി തറക്കല്ലിട്ട സ്ഥലത്ത് ഇനിയും വീട് പണി തുടങ്ങാത്തതെന്തെന്ന് സി.പി.എം നേതാക്കൾ.
♦ഇരുകാലിലും മന്തുള്ളവൻ അത് മറച്ചുവച്ച് ഒരു വിരലിൽ മന്തുള്ളവനെ മന്തുകാലനെന്ന് വിളിക്കുന്നതു പോലെ.
(വിദുരരുടെ ഫോൺ:9946108221)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |