
മലപ്പുറം: കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം 30ന് കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് 2.10ന് 430 തീർത്ഥാടകരുമായി ജിദ്ദയിലേക്ക് പുറപ്പെടുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ കൊച്ചിയിൽ നടക്കും.
കേരളത്തിൽ നിന്ന് 13,194 പേരാണ് ഹജജിന് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ 7,943 പേർ കൊച്ചി, 4,279 പേർ കണ്ണൂർ, 944 പേർ കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് യാത്രയാകും. കേരളത്തിലെ 28 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് പോകുന്നത്. ലക്ഷദ്വീപ്-107, പോണ്ടിച്ചേരി-39, തമിഴ്നാട്-263, കർണാടക-239, ഉത്തർപ്രദേശ്-അഞ്ച്, മഹാരാഷ്ട്ര-രണ്ട്, തെലങ്കാന-രണ്ട് എന്നിങ്ങനെ മറ്റിടങ്ങളിൽ നിന്നുള്ള ഹാജിമാർ കേരളത്തിലെ എംബാർക്കേഷൻ പോയിന്റിൽ നിന്ന് പോകുന്നുണ്ട്. മൂന്ന് വിമാനത്താവളങ്ങളിൽ നിന്നായി 40 സർവീസുകളുണ്ടാവും.
ഫ്‌ളൈനാസ് എയർലൈൻസാണ് കൊച്ചിയിൽ നിന്ന് സർവീസ് നടത്തുന്നത്. ഏപ്രിൽ 30 മുതൽ മേയ് എട്ട് വരെ 20 സർവീസുകളുണ്ട്. കണ്ണൂരിൽ നിന്ന് മേയ് 6നാണ് ആദ്യ ഹജ്ജ് വിമാനം. മേയ് 15 വരെ 13 സർവീസുകളാണ് 'ഫ്‌ളൈ അദീൽ' കണ്ണൂരിൽ നിന്ന് നടത്തുക. കരിപ്പൂരിൽ നിന്ന് മേയ് 14നാണ് ഹജ്ജ് സർവീസ് തുടങ്ങുക. മേയ് 17 വരെ നീണ്ടുനിൽക്കുന്ന ഏഴ് സർവീസുകൾ ആകാശ എയർ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |