
ടെഹ്‌റാൻ: യു.എസ് - ഇറാൻ സംഘർഷത്തെ തുടർന്ന് ഹോർമൂസ് കടലിടുക്ക് ഉപരോധത്തിന് പിന്നാലെ ഇറാന്റെ എണ്ണ വ്യവസായ മേഖലയിൽ പ്രതിസന്ധി. കയറ്റുമതി നിലച്ചതോടെ അസംസ്കൃത എണ്ണ സംഭരിക്കാൻ സ്ഥലമില്ലാതെ വലയുകയാണ് ഇറാൻ. ഒരുവശത്ത് എണ്ണക്കിണറുകൾക്ക് കേടുപാടുവരുത്താതെ ഉത്പാദനം നിർത്താൻ കഴിയാത്ത അവസ്ഥയും മറുവശത്ത് നാവിക ഉപരോധം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളെ തുടർന്ന് എണ്ണ കയറ്റുമതി നിശ്ചലമായ സ്ഥിതിയുമാണ് ഉള്ളത് . ഇതോടെ ഇറാനിൽ അസംസ്‌കൃത എണ്ണ കെട്ടിക്കിടക്കുന്ന സാഹചര്യമാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒപെക്കിൽ [OPEC] രണ്ടാം സ്ഥാനത്തുള്ള ഇറാന്റെ എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കേണ്ടിവരുമെന്നും ശേഷിക്കുന്ന സംഭരണ ശേഷി 12 മുതൽ 22 ദിവസം വരെ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും അനലിറ്റിക്സ് സ്ഥാപനമായ കെപ്ലർ പറയുന്നു. ഇറാന്റെ ആകെയുള്ള എണ്ണ ഉത്പാദനത്തിൽ 90 ശതമാനവും സംഭാവന ചെയ്യുന്നിടവും 30 ബില്യൻ ബാരൽ ക്രൂഡ് ഓയിൽ സംഭരിക്കാൻ ശേഷിയുള്ളതുമായ ഖാർഗ് ദ്വീപ് അതിന്റെ സംഭരണശേഷിയുടെ പരമാവധിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അധികമായി ഉത്പാദിപ്പിക്കപ്പെട്ട എണ്ണ കടലിൽതന്നെ ഒരു ടാങ്കറിൽ സൂക്ഷിക്കാനൊരുങ്ങുകയാണ് ഇറാൻ. ഇതിനായി 30 കൊല്ലം പഴക്കമുള്ള നഷ എന്ന ഓയിൽ ടാങ്കറിനെ സജ്ജമാക്കുകയാണ്. ഖാർഗിലെ എണ്ണ സംഭരണശേഷി വർദ്ധിപ്പിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മാരിടൈം വിദഗ്ധരുടെ വിലയിരുത്തലിൽ 13 മില്യൻ ബാരൽ എണ്ണകൂടി സംഭരിക്കാനുള്ള സംവിധാനങ്ങളേ ഇറാനിൽ അവശേഷിക്കുന്നുള്ളൂ. എന്നാൽ, പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്നത് ഒരു മില്യൻ മുതൽ 1.1 മില്യൻ ബാരൽ എണ്ണയാണ്. ഈ നിരക്ക് വച്ചുനോക്കുമ്പോൾ 12-13 ദിവസത്തിനകം സംഭരണികൾ നിറയാനാണ് സാദ്ധ്യത. ഏപ്രിൽ പതിനാറാം തീയതി ഖാർഗ് ദ്വീപിൽനിന്ന് അഞ്ച് മില്യൻ ബാരലുകൾ മൂന്ന് ടാങ്കറുകളിലേക്ക് മാറ്റുന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ മാരിടൈം ട്രാക്കർ പ്ലാറ്റ്‌ഫോമായ ടാങ്കർ ട്രാക്കേഴ്‌സ് പുറത്തുവിട്ടിരുന്നു.
എണ്ണ ഉത്പ്പാദനവും കയറ്റുമതിയും കുറഞ്ഞാൽ ഇറാനെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക പ്രതിസന്ധിയാണ്. സംഭരിക്കാൻ സംവിധാനമില്ലാതെ എണ്ണക്കിണറുകൾ അടയ്‌ക്കേണ്ടതായി വന്നാൽ അവയുടെ സമതുലിതാവസ്ഥ നഷ്ടമാവുകയും വെള്ളം കയറുന്നതിന് കാരണമാവുകയും ചെയ്യും. ടാങ്കുകളിൽ വെള്ളം കയറുന്നത് എണ്ണക്കിണറുകളുടെ ദീർഘകാല ഉത്പാദനക്ഷമതയെ ബാധിക്കും. സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയുൾപ്പെടെയുള്ള പ്രാദേശിക ഉൽപാദകരും എണ്ണ ഉൽപാദനം കുറച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |