
തൃശൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് മാനസിക വെല്ലുവിളി നേരിടുന്ന കാശ്മീരി യുവാവിനെ കണ്ടെത്തിയ സംഭവത്തിൽ അശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖർ. തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന യുവാവിനെ കാശ്മീർ പൊലീസും ബന്ധുവും എത്തി നാട്ടിലേക്ക് കൊണ്ടുപോയെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ 21ന് ആണ് യുവാവിനെ ക്ഷേത്ര പരിസരത്ത് നിന്ന് കണ്ടെത്തിയത്. 45 വയസുകാരനായ മുഷ്താഖ് അഹമ്മദ് പണ്ഡിറ്റ് എന്ന യുവാവിനെയാണ് കണ്ടെത്തിയത്.
ഇയാളെ കണ്ട ഭക്തർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഇയാൾ മാനസികമായി വെല്ലുവിളി നേരിടുന്നുണ്ടെന്നും ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ നൗകാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും സ്ഥിരീകരിച്ചത്. കോടതി നിർദ്ദേശ പ്രകാരമാണ് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.
ഗുരുവായൂരിൽ തീവ്രവാദിയെത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കാശ്മീർ പൊലീസുമായി ബന്ധപ്പെട്ടതിൽ നിന്ന് തീവ്രവാദ ബന്ധമൊന്നുമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് പൊലീസുമായി ബന്ധപ്പെട്ട് വസ്തുതകൾ ഉറപ്പുവരുത്തണമെന്ന് മാദ്ധ്യമങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു.
കാശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ കുപ്വാര സ്വദേശിയാണ് മുസ്താഖ്. വൈദ്യുതി വിഭാഗം ജീവനക്കാരനായിരുന്ന ഇദ്ദേഹം അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ 2011ൽ ഭാര്യയെ കൊല്ലുകയും 12 വർഷം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. ഇതിനുശേഷം മാനസികവിഭ്രാന്തി പ്രകടിപ്പിച്ച ഇയാൾ രാജ്യം മുഴുവൻ കറങ്ങി നടക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |