
കാസർകോട്: സീതാംഗോളിയിൽ കോഴിവണ്ടിയുടെ ഡ്രൈവറെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ബപ്പാലിപൊന്നം പാടലടുക്കം കണ്ണേപ്പാടി സ്വദേശി ഉപ്പി എന്ന സഫായത്ത് (36) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. തലയുടെ പിൻഭാഗം തകർന്ന് തലച്ചോർ പുറത്ത് വന്ന നിലയിലായിരുന്നു. കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ മൃതദേഹത്തിന് സമീപം കണ്ടെത്തി. ആസൂത്രിത കൊലപാതകമാണെന്ന വിവരമാണ് പുറത്ത് വരുന്നത്. രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ സഫായത്തിനെ കണ്ട നാട്ടുകാർ കുമ്പള പൊലീസിൽ അറിയിക്കുകയായിരുന്നു. പ്രതികളെ ഏറെക്കുറെ തിരിച്ചറിഞ്ഞതായാണ് വിവരം. സഫായത്തിന്റെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
സീതാംഗോളി ബിവറേജ് പരിസരം ലഹരി മാഫിയയുടെ താവളമാണ്. കൊലപാതകത്തിന്റെ തലേദിവസം സ്ഥലത്ത് രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതായി പറയപ്പെടുന്നു. പൊലീസ് സ്ഥലത്തെത്തി അക്രമികളെ തുരത്തുകയും ഈ അക്രമത്തിന്റെ പേരിൽ കൊല്ലപ്പെട്ട യുവാവിന്റേതടക്കം മൊബൈൽ ഫോണുകൾ പിടിച്ചുവച്ചതായും വിവരമുണ്ട്. തലേന്നുണ്ടായ സംഘർഷത്തിൽ സഫായത്തിന്റെ മുഖത്ത് പരിക്കേറ്റിരുന്നു. ഈ സംഘർഷത്തിന്റെ തുടർച്ചയാകാം കൊലപാതകമെന്നും സംശയിക്കപ്പെടുന്നു. ബാപ്പാലിപ്പൊന്നത്തെ ഡ്രൈവർ ഇബ്രാഹിം - പരേതയായ ഖദീജ ദമ്പതികളുടെ മകനാണ് സഫായത്ത്. ഭാര്യ : തബ്ഷീറ എന്ന ബീഫാത്വിമ. മക്കൾ : നിനാൻ (പത്ത്), തമീസ് (ആറ്), സമീസ് (മൂന്ന്), ദുആ മെഹക്ക് (എട്ട് മാസം). സഹോദരങ്ങൾ: മുസ്‌തഫ, താഹിറ , കലന്തർ ഷാ ,ഫൗസിയ, സെമീറ, സഹദ്, അബ്ദുൾ സലാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |