
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ 70 കാരന്റെ തുടയിൽ നിന്ന് 13 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു. ജനറൽ സർജറി വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടർമാർ മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഫറോക്ക് സ്വദേശിയുടെ തുടയിൽ നിന്ന് മുഴ നീക്കിയത്.
20 വർഷം മുൻപാണ് തുടയിൽ ചെറിയൊരു മുഴ കണ്ടത്. വേദനയോ മറ്റ് അസ്വസ്ഥതകളോ ഇല്ലാത്തതിനാൽ ആദ്യം കാര്യമാക്കിയില്ല. മുഴ വലുതായതോടെ നഗരത്തിലെ പ്രധാന ആശുപത്രികളെയെല്ലാം സമീപിച്ചു. ശസ്ത്രക്രിയ നിർദ്ദേശിച്ചതോടെ ഭയംമൂലം പിൻമാറി. തുടർന്ന് മകന്റെ നിർബന്ധത്തിന് വഴങ്ങി 18നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റാവുന്നത്. തുടർന്ന് 21ന് ശസ്ത്രക്രിയയും നടന്നു.
ശരീരത്തിലെ കൊഴുപ്പ് കോശങ്ങളെ പിടികൂടുന്ന അപൂർവ കാൻസറായ ലിപ്പോസാർകോമയാണ് 70കാരന് ബാധിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഡോ. ദിപിൻ ജെ,ഡോ. അബ്ദുൾ ബാസിത് പി.ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ. അരുൺ അജയ്,ഡോ. അളക,ഡോ. ശ്യാംകുമാർ,ഡോ. ലെഹിൻ,എയ്ഞ്ചൽ (സ്ക്രബ് നഴ്‌സ്) എന്നിവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു.
ഡോ. ബിന്ദു,ഡോ. ഷജില,ഡോ. അക്ഷയ,ഡോ. അദ്വൈത് എന്നിവരടങ്ങുന്ന അനസ്തേഷ്യ വിഭാഗം ശസ്ത്രക്രിയയിലുടനീളം രോഗിയുടെ സുരക്ഷയും പരിചരണവും ഉറപ്പുവരുത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം വിദഗ്ദ്ധ നിരീക്ഷണം പൂർത്തിയാക്കി 27നാണ് രോഗി ആശുപത്രിവിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |