
ചോറ്റാനിക്കര: തൃപ്പൂണിത്തുറ നഗരസഭയിലും ചോറ്റാനിക്കര, മുളന്തുരുത്തി, എടക്കാട്ടുവയൽ, ആമ്പല്ലൂർ, ഉദയംപേരൂർ പഞ്ചായത്തുകളിലും കടുത്ത വേനൽച്ചൂടിനെ തുടർന്ന് ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും ഉൾപ്പെടെ കുടിവെള്ള വിതരണത്തിൽ തടസം നേരിടുന്നതിനാൽ ജനജീവിതം സങ്കീർണമാകുകയാണ്. പടിക്കൽക്കാവ് മുതൽ ഒട്ടോളി, ലക്ഷംവീട് ഉന്നതി വരെയും തേവരക്കാട്, മാളേക്കാട്, ചോറ്റാനിക്കര പഞ്ചായത്തിലെ തെക്കിനേത്ത് നിരപ്പ്, കിടങ്ങയം തുടങ്ങിയ പ്രദേശങ്ങളിലും ദിവസങ്ങളായി പൈപ്പ് വെള്ളം ലഭിക്കാത്തത് ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കി. കിണറുകളോ മറ്റ് ജലസ്രോതസുകളോ ഇല്ലാത്ത പ്രദേശങ്ങളിൽ പൈപ്പ് ജലവിതരണമാണ് ഏകആശ്രയം. പ്രളയത്തിനുശേഷം പല കിണറുകളിലും ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ മറ്റ് ജലസ്രോതസുകൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ പമ്പ് ഹൗസിൽ അറ്റകുറ്റപ്പണി ഇന്ന് ആരംഭിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നിട്ടും 28 മുതൽ പമ്പിംഗ് നിറുത്തിയത് ചോറ്റാനിക്കര, ഉദയംപേരൂർ, തൃപ്പൂണിത്തുറ മേഖലകളിൽ ജലവിതരണം പൂർണമായും നിലയ്ക്കാൻ കാരണമായി. ആവശ്യത്തിന് മർദ്ദം കൂട്ടി പമ്പിംഗ് നടത്താത്തതും ദൂരപ്രദേശങ്ങളിൽ വെള്ളമെത്തിക്കാത്തതും പ്രശ്നം രൂക്ഷമാക്കുന്നു.
ഭൂഗർഭജലനിരപ്പ് ഉയർത്തണം
ആമ്പല്ലൂർ പഞ്ചായത്തിലെ ആക്കാപ്പനം, വള്ളാരിമല, മലയപറമ്പ്, തൊണ്ടിലങ്ങാടി എന്നിവിടങ്ങളിലും കൂമുള്ളിമലയിൽ 25ഓളം നിർദ്ധന കുടുംബങ്ങളും രണ്ടാഴ്ചയായി കുടിവെള്ളം ലഭിക്കാതെ ദുരിതത്തിലാണ്. പഞ്ചായത്ത് സ്ഥാപിച്ച ഭൂഗർഭ ജലവിതരണ പദ്ധതി സാങ്കേതിക തകരാറിനെ തുടർന്ന് നിലച്ചതോടെ, ടാങ്കർ ലോറികളിൽ നിന്ന് പണം നൽകി വെള്ളം വാങ്ങി തലച്ചുമടായി വീടുകളിലേക്ക് എത്തിക്കേണ്ട അവസ്ഥയിലാണ് ഇവർ. റോഡ് സൗകര്യങ്ങളുടെ അഭാവം ഇവരുടെ ദുരിതം വർദ്ധിപ്പിക്കുന്നു. അതേസമയം, ആമ്പല്ലൂർ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം നേരിടാൻ കനാൽ വെള്ളം തുറന്നുവിട്ട് സമീപത്തെ പാടശേഖരങ്ങളിൽ നിറച്ച് കിണറുകളിലേക്ക് ഉറവ എത്തിക്കുന്ന പ്രത്യേക ഇടപെടലും നടത്തുന്നുണ്ട്. ഇതിലൂടെ ഭൂഗർഭജലനിരപ്പ് ഉയർത്തി വെള്ളക്ഷാമം കുറയ്ക്കാനാണ് ശ്രമം.
ടാങ്കർവെള്ളത്തിന് ഉയർന്ന നിരക്ക്
മുളന്തുരുത്തി ഉൾപ്പെടെയുള്ള പഞ്ചായത്തുകൾ ടാങ്കർലോറി മുഖേന കുടിവെള്ള വിതരണം ശക്തമാക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ ഇ-ടെൻഡർ നടപടികൾ പൂർത്തിയാക്കി സ്വകാര്യ സ്ഥാപനങ്ങൾ വഴി വെള്ളമെത്തിക്കുന്നതോടൊപ്പം, മറ്റ് ജലവിതരണ സ്രോതസുകളിൽ നിന്ന് വെള്ളം ശേഖരിച്ച് വിതരണം ഉറപ്പാക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്. വാർഡ് അടിസ്ഥാനത്തിൽ പട്ടിക തയ്യാറാക്കി മുൻഗണനാക്രമം അനുസരിച്ച് വിതരണം നടത്തുന്നതായി അധികൃതർ അറിയിച്ചു.
എന്നാൽ പല പ്രദേശങ്ങളിലും ടാങ്കർവെള്ളത്തിന് ഉയർന്ന നിരക്ക് ഈടാക്കുന്നതും സമയബന്ധിതമായി വിതരണം നടക്കാത്തതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.
പ്രതിഷേധം ശക്തം
ദിവസങ്ങളായി വെള്ളം ലഭിക്കാത്തതിനെതിരെ വിവിധ മേഖലകളിൽ പ്രതിഷേധം ശക്തമാണ്. കുടിവെള്ള പ്രശ്നം ചിലയിടങ്ങളിൽ രാഷ്ട്രീയ വിവാദത്തിനും ഇടയാക്കിയിട്ടുണ്ട്. കുടിവെള്ളം പോലുള്ള അടിസ്ഥാന സൗകര്യത്തിലുണ്ടായ ഗുരുതര പ്രതിസന്ധി പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പുകളും ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാത്തപക്ഷം സമരം ശക്തമാക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.
തൃപ്പൂണിത്തുറ തെക്കുംഭാഗം പ്രദേശങ്ങളിൽ 28 മുതൽ പമ്പിംഗ് മുടങ്ങി. തൃപ്പൂണിത്തുറയിലെ ഇരുപത്തിയഞ്ചാം ഡിവിഷൻ മുതൽ34 ഡിവിഷൻ വരെയുള്ള പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്.
രാജൻ പനക്കൽ,
ബി.ജെ.പി പ്രവർത്തകൻ
ഉദയംപേരൂർ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് വലിയ രീതിയിൽ പരിഹാരം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. കുടിവെള്ളം ടാങ്കറുകളിലും എത്തിക്കുന്നുണ്ട്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മുൻകൂർ അറിയിപ്പ് നൽകി വെള്ളം ശേഖരിച്ച് സൂക്ഷിക്കുവാൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
ഐശ്വര്യ വി.ആർ
പഞ്ചായത്തംഗം ഉദയംപേരൂർ പഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |