പൂവണിഞ്ഞത് 35 വർഷത്തെ സ്വപ്നം
കാസർകോട്: മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ സിനിമയിൽ അഭിനയിക്കുന്നതിന്റെയും അദ്ദേഹവുമായി സൗഹൃദം പങ്കിടാൻ കഴിഞ്ഞതിന്റെയും ത്രില്ലിലാണ് സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ. 35 വർഷക്കാലത്തെ സ്വപ്നം പൂവണിഞ്ഞതിന്റെ ആവേശം എറണാകുളത്തെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് 'കേരള കൗമുദി'യോട് സംസാരിക്കുമ്പോൾ ഉണ്ണിരാജയിൽ പ്രകടമായിരുന്നു.
അടുത്തുവന്ന് സൗഹൃദം പങ്കിടുകയും ചേർത്തു നിർത്തി കുശലം പറയുകയും ചെയ്ത ലാലേട്ടന്റെ സാമീപ്യം ഉണ്ണിരാജയുടെ മനസ്സിൽ കുളിരുകോരുന്നത് ആയിരുന്നു. തൊടുപുഴയിൽ നടന്ന അതിമനോഹരം എന്ന തരുൺ മൂർത്തി ചിത്രത്തിന്റെ ലൊക്കേഷനിലാണ് ലാലേട്ടനുമായുള്ള കൂടിക്കാഴ്ച നടന്നത്. സംസാരിക്കുന്നതിന് മുമ്പു തന്നെ തന്റെ ജീവിതവും കുടുംബവും സിനിമയിലെ അഭിനയവും എല്ലാം ഇങ്ങോട്ടുപറഞ്ഞ ലാലേട്ടൻ ഉണ്ണിരാജയ്ക്ക് ശരിക്കും വിസ്മയമായിരുന്നു. അപ്രതീക്ഷിതമായിരുന്നു ലാലേട്ടനുമായുള്ള കൂടിച്ചേരലും സൗഹൃദ സംഭാഷണവുമെന്ന് പറയുകയാണ് ഉണ്ണിരാജ്. പ്രീഡിഗ്രി പഠിക്കുമ്പോൾ തൊട്ട് മോഹൻലാലിന്റെ ആരാധകനാണ് ഉണ്ണി. മോഹൻലാൽ ഫാൻസ് ഗ്രൂപ്പ് വരുന്നതിന് വളരെ മുമ്പ് തുടങ്ങിയതാണ് ഈ ആരാധന. ഫാൻസ് ഗ്രൂപ്പ് വന്നിട്ട് 25 വർഷമായി. കാസർകോട് ജില്ലയിൽ അടക്കം പലതവണ ഷൂട്ടിംഗിന് ലാലേട്ടൻ വന്നിരുന്നെങ്കിലും കാണാൻ പറ്റില്ലെന്ന് കരുതി പോയിരുന്നില്ല.
മാറിമായത്തിൽ ഉണ്ണിരാജ് അഭിനയിക്കാൻ തുടങ്ങിയിട്ട് 15 വർഷമായി. എട്ട് വർഷമായി സിനിമയിൽ എത്തിയിട്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷികളും ആണ് ആദ്യത്തെ സിനിമ. അമീർ പള്ളിക്കാലിന്റെ 'പ്രേംപാറ്റ' സിനിമ ലൊക്കേഷനിലാണ് ഉണ്ണിയിപ്പോൾ.
മലയാളത്തിലെ ഒട്ടുമിക്ക നടന്മാരെയും കാണാനും സംസാരിക്കാനും കഴിഞ്ഞിരുന്നെങ്കിലും ഉണ്ണിക്ക്, ലാലേട്ടൻ കൈയ്യെത്താ ദൂരത്തായിരുന്നു. കായംകുളം കൊച്ചുണ്ണി സിനിമയുടെ ലൊക്കേഷനിൽ മോഹൻലാലിനെ ദൂരത്ത് നിന്ന് കണ്ടിരുന്നെങ്കിലും പരിചയപ്പെടാനോ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല.
വർഷങ്ങളായുള്ള ഒരാഗ്രഹമായിരുന്നു ലാലേട്ടനൊപ്പം സൗഹൃദവും ഒരു ഫോട്ടോ എന്നതും. പ്രിയപ്പെട്ട തരുൺ മൂർത്തി നേരിട്ട് വിളിച്ച് ഒരു വേഷം തന്നു. ഉണ്ണിയുടെ സിനിമ കാണലുണ്ടെന്നും സംസ്ഥാന അവാർഡ് കിട്ടിയത് നന്നായെന്നും അഭിനയം മെച്ചമാകുന്നുണ്ടെന്നും ലാലേട്ടൻ പറഞ്ഞപ്പോൾ ശരിക്കും കോരിത്തരിച്ചു പോയി.
ഉണ്ണിരാജ് ചെറുവത്തൂർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |