
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകാരുടെ 9400 യൂസർ അക്കൗണ്ടുകൾ കണ്ടെത്തി വാട്ട്‌സാപ്പ് നിരോധിച്ചെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണിത്. സിം കാർഡുകളുടെ ദുരുപയോഗം തടയാൻ ബയോമെട്രിക് ഐഡന്റിറ്റി വെരിഫിക്കേഷൻ സംവിധാനം ആറു മാസത്തിനകം നടപ്പാക്കും. ദുരൂഹത സംശയിക്കുന്ന സിമ്മുകൾ ഉടൻ ബ്ലോക്ക് ചെയ്യും.
സിം കാർഡുമായി ഉപയോക്താവിന്റെ യൂസർ അക്കൗണ്ട് ബന്ധിപ്പിക്കുന്ന 'സിം ബൈൻഡിംഗ്' സുരക്ഷാ സംവിധാനം 6 മാസത്തിനകം വാട്സാപ്പ് നടപ്പാക്കും. ഇതോടെ, സിമ്മില്ലാതെ വാട്സാപ്പ് ഉപയോഗിക്കാൻ കഴിയാതാവും. സിം മാറ്രിയാൽ ഓട്ടോമാറ്റിക്കായി ലോഗ് ഔട്ടാകും. വാട്സാപ്പ് ദുരുപയോഗിച്ചാൽ ഉപയോക്താവിന്റെ പേരുവിവരം അടക്കം കണ്ടെത്താൻ സിം ബൈൻഡിംഗിലൂടെ കഴിയും. അക്കൗണ്ട് ഡിലീറ്റാക്കി മുങ്ങുന്നവരുടെ ഡേറ്റ 180 ദിവസത്തോളം സൂക്ഷിക്കും.
പ്രധാന താവളം കംബോഡിയ
തട്ടിപ്പുക്കാരുടെ പ്രധാന താവളം കംബോഡിയയാണ്. തെക്കുകിഴക്കൻ ഏഷ്യയിലെ വിവിധ മേഖലകളിലിരുന്നാണ് പ്രവർത്തനം. സമാന തട്ടിപ്പുരീതികളാണ് ക്രിമിനൽ സംഘങ്ങൾക്ക്. വാട്സാപ്പ് ദുരുപയോഗിക്കുന്ന തട്ടിപ്പുകാർ ഡി.പിയായി (ഡിസ്‌പ്ലേ പിക്ചർ) ഉപയോഗിക്കുന്നത് അന്വേഷണ ഏജൻസികളുടെ ഔദ്യോഗിക ചിഹ്നങ്ങളാണ്. ഡിസ്‌പ്ലേ നെയിമാകട്ടെ സി.ബി.ഐ, മുംബയ് ഹെഡ്ക്വാർട്ടേഴ്സ്, ഡൽഹി പൊലീസ്, എ.ടി.എസ് ഡിപ്പാർട്ടുമെന്റ് എന്നിങ്ങനെയായിരിക്കും. വ്യാജകോടതികൾ വരെ സജ്ജീകരിച്ചാണ് തട്ടിപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |