SignIn
Kerala Kaumudi Online
Thursday, 30 April 2026 3.04 PM IST

ഗുരുദേവ പ്രതിഷ്ഠകളിൽ അറിവിന്റെ ആത്മീയത: ഡോ.മാർ കൂറിലോസ്

Increase Font Size Decrease Font Size Print Page
s

ശിവഗിരി: അറിവിന്റെയും സാഹോദര്യത്തിന്റെയും മതമൈത്രിയുടെയും ഒരു വലിയ ആത്മീയതയാണ് ഗുരുദേവൻ തന്റെ പ്രതിഷ്ഠകളിലൂടെ നമുക്ക് സമ്മാനിച്ചതെന്ന് യാക്കോബായസഭ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗ്ഗീസ് മാർ കൂറിലോസ് പറഞ്ഞു. ശിവഗിരിയിൽ 114-ാമത് ശ്രീശാരദ പ്രതിഷ്ഠാവാർഷികവും 64-ാമത് ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആചാരങ്ങൾക്കും താന്ത്രികമായ ആരാധനാക്രമങ്ങൾക്കും ഗുരുദേവൻ പ്രാധാന്യം നൽകിയില്ല .നിർമ്മലമായ പ്രാർത്ഥനാസ്തുതികളാണ് നമുക്ക് വേണ്ടതെന്ന, കാലത്തിന് ആവശ്യമായ ഒരു വലിയ ചിന്തയാണ് ഗുരു നൽകിയത്. ആചാരങ്ങളുടെ പേരിൽ നമ്മൾ പരസ്പരം മല്ലടിക്കുകയും യുദ്ധം ചെയ്യുകയും ഒക്കെ ചെയ്യുന്ന കാലത്തും കോവിഡ് മഹാമാരിയും മറ്റും വന്നപ്പോഴും, ആചാരങ്ങൾക്ക് വിലക്ക് ഉണ്ടായിരുന്ന കാലത്തും ദൈവത്തെ നമ്മൾ ആരാധിച്ചു. ദുരന്തം ഉണ്ടാകുമ്പോൾ നമ്മൾ മനുഷ്യനാകും .എന്നാൽ ഗുരു നമ്മോട് പറഞ്ഞത് ദുരന്തങ്ങൾ സംഭവിക്കാൻ കാത്തിരിക്കേണ്ട, എപ്പോഴും മനുഷ്യരാവുക , മനുഷ്യത്വം കാണിക്കുക എന്നതാണ് . ആചാരപരതയല്ല , മറിച്ച് മാനവികത, സാഹോദര്യം, മതമൈത്രി എന്നിവയിലാണ് ദൈവം പ്രസാദിക്കുന്നത് എന്ന വലിയ സങ്കല്പം ശിവഗിരിയിലെ ശാരദാ പ്രതിഷ്ഠയിൽ ഉടനീളം കാണാം . വികസനത്തിന്റെ പേരിൽ ഉണ്ടാക്കുന്ന പ്രകൃതിഹിംസയിലൂടെ ഉഷ്ണവും പ്രളയവും ഒക്കെ നമ്മൾ തന്നെയാണ് ഉണ്ടാക്കിയത് .അമ്മമാരെ പോലെ കരുണയോടെ ആർദ്രതയോടെ മനുഷ്യനെയും പ്രപഞ്ചത്തെയും സമീപിക്കുന്നവർ ആകണം നമ്മെളെന്ന് ഗുരു നമ്മെ ഉപദേശിച്ചു .ദൈവവും മനുഷ്യനും ഒന്നാണെന്നും അതുകൊണ്ട് മനുഷ്യരെല്ലാം ഒന്നാണെന്നും മനുഷ്യനും പ്രകൃതിയും ഒന്നാണെന്നുമുള്ള വിശാലമായ അദ്വൈതമാണ് ഗുരു ഉപദേശിച്ചത്. ദ്വൈതം പാശ്ചാത്യചിന്തയാണ് . അത് ലോകത്തിന് നാശമാണ് .നിറത്തിന്റെ പേരിൽ അദ്ധ്യാപകരുടെയും സഹപ്രവർത്തകരുടെയും ആക്ഷേപത്തിന് വഴങ്ങി നിതിൻ എന്ന യുവാവിന് ജീവിതം ഹോമിക്കേണ്ടി വന്നു. ചില ശ്രേണിയിൽപ്പെട്ടവർ അറിവ് സമ്പാദിച്ചാൽ തങ്ങൾക്ക് ഭീഷണിയാകും എന്ന ചിന്തയിൽ ചിലർ അറിവിനെ ഭയപ്പെടുന്നു. എന്നാൽ അറിവ് എല്ലാവർക്കുമുള്ള അവകാശമാണ്. ശാന്തതയും നീതിയുള്ള സമൂഹമെന്ന ചിന്തയുമാണ് ശിവഗിരിയിലെ ശാരദാപ്രതിഷ്ഠയിലുള്ളത് . ഇരുട്ടിനെ ഇല്ലാതാക്കുന്ന ഗുരുവെന്ന ശ്രേണിയിൽ അത്യുന്നതങ്ങളിലാണ് ശ്രീനാരായണഗുരുവിന്റെ സ്ഥാനമെന്നും ഡോ.ഗീവർഗ്ഗീസ് മാർ കൂറിലോസ് പറഞ്ഞു.

TAGS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.