
രാജ്യാന്തര എം.ഡി.എം.എ മാഫിയയിലെ 'കിംഗ്പിൻ'
ന്യൂഡൽഹി: രാജ്യാന്തര ലഹരി സിൻഡിക്കേറ്രിലെ പ്രധാനിയും ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായ മുഹമ്മദ് സലീം ഡോലയെ അറസ്റ്റു ചെയ്‌ത് രാജ്യത്തെത്തിച്ചത് നിർണായക വഴിത്തിരിവ്. ദാവൂദിന്റെ ഡി കമ്പനിക്കു വേണ്ടി ലഹരിക്കടത്ത് നടത്തുന്ന ഡോലയെ തുർക്കിയിലെ ഇസ്‌താംബൂളിൽ നിന്ന് പിടികൂടി യു.എ.ഇ മുഖേനയാണ് ഡൽഹിയിലെത്തിച്ചത്. രാജ്യാന്തര എം.ഡി.എം.എ മാഫിയയിലെ 'കിംഗ്പിൻ' എന്നറിയപ്പെടുന്നയാളാണ് ഡോല. സൗത്ത് മുംബയ് ഡോൻഗ്രി സ്വദേശിയാണ്. നാഷണൽ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ (എൻ.സി.ബി) ഓപ്പറേഷൻ ഗ്ലോബൽ ഹണ്ടിന്റെ ഭാഗമായാണ് അറസ്റ്റ്. 5000 കോടിയിലധികം രൂപയുടെ ലഹരിയിടപാട് നടത്തിയിട്ടുണ്ടെന്നാണ് എൻ.സി.ബിയുടെ നിഗമനം. സിൻഡിക്കേറ്റിന് ഇന്ത്യയിൽ വിപുലമായ ലഹരി വിതരണ ശൃംഖലയുണ്ട്. പശ്ചിമേഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മേഖലകൾ കേന്ദ്രീകരിച്ചാണ് ഡോലയുടെ പ്രവർത്തനം. മുംബയ് പൊലീസും ഗുജറാത്ത് എ.ടി.എസും അടക്കം ഇയാൾക്കായി വലവിരിച്ചു കാത്തിരിക്കുകയാണ്. 2024 മാർച്ചിൽ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞദിവസം പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. 59കാരനെ മുംബയിലെ കോടതിയിലെത്തിക്കാൻ രണ്ടു ദിവസത്തെ ട്രാൻസിറ്റ് റിമാൻഡ് അനുവദിച്ചു. കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് ഏജൻസികളുടെ നീക്കം. 2023 ജൂണിൽ മുംബയിൽ 20 കിലോ മെഫേഡ്രോൺ പിടികൂടിയ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്.
വിട്ടുവീഴ്ചയില്ലാത്ത സമീപനം
ലഹരി സിൻഡിക്കേറ്റിനെതിരെ വിട്ടുവീഴ്ചയാത്ത സമീപനം തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. ലോകത്തെവിടെ ഒളിച്ചാലും മയക്കുമരുന്ന് രാജാക്കന്മാർക്ക് ഒരു സ്ഥലവും സുരക്ഷിതമല്ല. അതിർത്തികൾക്കുമപ്പുറത്തേക്ക് ഏജൻസികൾ എത്തുമെന്ന് ഷാ മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |