SignIn
Kerala Kaumudi Online
Friday, 01 May 2026 3.39 AM IST

തായ് രാധിക

Increase Font Size Decrease Font Size Print Page
ss

സിനിമയിൽ 50 വർഷത്തിന് അരികിൽ എത്തുമ്പോൾ രാധിക ശരത്‌കുമാർ സംസാരിക്കുന്നു.

'തായ് കിഴവി" ആണ് ഇപ്പോൾ തമിഴ് സിനിമയിൽ സംസാരം. 63-ാം വയസിൽ തായ്‌കിഴവി സിനിമയിൽ പടുവൃദ്ധയായ പാവുനുത്തായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഞെട്ടിക്കുകയാണ് രാധിക ശരത്‌കുമാർ. തമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ കാണുന്ന പാട്ടിമാരുടെ ശരീരഭാഷയും മാനറിസങ്ങളും സംസാരരീതിയിലും എല്ലാം തായ്‌ കിഴവിയിൽ പുനരാവിഷ്കരിച്ച് രാധിക ശരത്കുമാർ അത്ഭുതപ്പെടുത്തി. സൂപ്പർ സ്റ്റാറില്ലാതെ 'സൂപ്പർ ലേഡി" ആയി 80 കോടി കളക്ഷൻ നേടി തായ്‌കിഴവിയെ നോക്കി രാധിക ശരത് കുമാർ നിറഞ്ഞു ചിരിച്ചു . ബഡ്ജറ്റ് വെറും 9 കോടി. നവാഗതനായ ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്ത കോമഡി ഡ്രാമ ഈ വർഷം 50 കോടി ക്ളബിൽ എത്തുന്ന രണ്ടാമത്തെ തമിഴ് ചിത്രം ആണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ വൈവിധ്യമാർന്ന വേഷങ്ങൾ അവതരിപ്പിച്ച രാധിക ശരത്കുമാർഅടുത്ത വർഷം സിനിമയിൽ 50 വയസ് പൂർത്തിയാക്കാൻ ഒരുങ്ങുമ്പോഴാണ് പുത്തൻ വിജയത്തിളക്കം.

തായ് കിഴവി' എന്ന കഥാപാത്രം കരിയറിൽ ഏറ്റവും മികച്ച വേഷമായി മാറിയപ്പോൾ നേരിട്ട വെല്ലുവിളി എന്ത് ?

വലിയ വെല്ലുവിളി തന്നെയായിരുന്നു. കഥാപാത്രത്തിന് 'പ്രോസ്തെറ്റിക്' മേക്കപ്പ് ഉപയോഗിച്ചു. അതിനാൽ മേക്കപ്പിനും ഹെയർ സ്റ്റൈലിനും ഒരുപാട് സമയം വേണ്ടിവന്നു. പ്രത്യേകിച്ച് ശരീരഭാരം തോന്നിപ്പിക്കുന്ന വിധം പ്രോസ്തെറ്റിക്സ് ധരിക്കുക വളരെ പ്രയാസമായി വന്നു. അതുകാരണം ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ വന്നു. ആ ഭാരം താങ്ങാനാവാതെ എന്റെ മുട്ടിന് പരിക്ക് പറ്റി. ഷൂട്ടിംഗ് മുടങ്ങും എന്നതിനാൽ ഉടൻ ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞില്ല. അതിനാൽ ബ്രേസുകളും ഐസ് മെഷീനും വേദനസംഹാരികളും ഉപയോഗിച്ചാണ് പൂർത്തിയാക്കിയത്. ഷൂട്ടിംഗ് പൂർത്തിയായശേഷം ശസ്ത്രക്രിയ്ക്ക് വിധേയമായി. അത്രയേറെ കഠിനാധ്വാനം കഥാപാത്രത്തിന് പിന്നിലുണ്ടായിരുന്നു. എല്ലാ വിഭാഗം സ്ത്രീകളും കുടുംബങ്ങളും സിനിമ ഏറ്റെടുത്തപ്പോൾ വലിയ സന്തോഷം തോന്നി. ഈ സിനിമയിൽ എനിക്ക് വലിയ അഭിമാനമുണ്ട്.വലിയ കളക്ഷൻ നേടുക എന്നത് സിനിമാ വ്യവസായത്തിന്റെ ഭാഗമാണ്. എന്നാൽ സമൂഹത്തിൽ അവഗണിക്കപ്പെടുന്ന ഒരു വിഭാഗത്തെ പ്രതിനിധീകരിക്കാൻ എനിക്ക് സാധിച്ചു. എന്നെ സംബന്ധിച്ച് അതാണ് ഏറ്റവും വലിയ വിജയം.

പാവുനുത്തായി എന്ന കഥാപാത്രത്തിൽ രാധിക ശരത്കുമാറിനെ കാണാൻ സാധിച്ചില്ലെന്ന് പ്രേക്ഷകർ ?

അങ്ങനെ കേൾക്കുന്നതാണ് ഏറ്റവും വലിയ വിജയം. ഞാൻ ആഗ്രഹിച്ചത് അതാണ്, അവർ ആ കഥാപാത്രത്തെ കാണണം. അതിനാൽ അഭിനേത്രി എന്ന നിലയിൽ വിജയിച്ചെന്ന് കരുതുന്നു.അഭിനയ ജീവിതത്തിൽ ഏറ്റവുംമികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് പാവുനുത്തായി . എന്നോട് ചേർന്ന് നിൽക്കുന്ന കഥാപാത്രം. എന്നേക്കാൾ പ്രായം ചെന്ന കഥാപാത്രം.അതെല്ലാം ആകർഷിച്ച കാര്യങ്ങൾ ആണ്.

ഭാരതിരാജ സംവിധാനം ചെയ്ത കിഴക്കേ പോഗും റെയിൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ വെള്ളിത്തിരയിൽ അര നൂറ്റാണ്ട് നീളുന്ന യാത്രയായി മാറുമെന്ന് കരുതിയോ ?

കിഴക്കേ പോഗും റെയിലിൽ അഭിനയിക്കുമ്പോൾ ഞാനൊരു നടിയായി മാറുമെന്ന് അറിയില്ലായിരുന്നു. അതുകഴിഞ്ഞ് എല്ലാ വർഷവും സിനിമയിൽ നിന്ന് വിരമിക്കണമെന്നോ അഭിനയിക്കാൻ ആഗ്രഹമില്ലെന്നോ തോന്നിയിരുന്നു, എന്നാൽ ജീവിതം നമുക്കായി വ്യത്യസ്തമായ പദ്ധതികൾ ഒരുക്കിയിട്ടുണ്ട്. എന്നെ ഇത്രയും വർഷങ്ങൾ മുന്നോട്ട് നയിച്ചത് ആ ജീവിതവും അതോടൊപ്പം ഒരു ദൈവിക ശക്തിയും തന്നെയാണെന്ന് വിശ്വസിക്കുന്നു.

വെറും 23 വയസ് മാത്രമുള്ളപ്പോൾ 'മീണ്ടും ഒരു കാതൽ കഥൈ'യിൽ മാനസിക വെല്ലുവിളി നേരിടുന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ എങ്ങനെ സാധിച്ചു ?

ഓരോ കഥാപാത്രത്തെയും വെല്ലുവിളിയായി ആണ് കാണുന്നത്. 'മീണ്ടും ഒരു കാതൽ കഥൈ'യിൽ മാത്രമല്ല, എല്ലാ സിനിമകളിലും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ എപ്പോഴും ശ്രമം നടത്താറുണ്ട്. അത് പ്രേക്ഷകർക്ക് തിരിച്ചറിയാൻ സാധിക്കുന്നു. എല്ലാ ഭാഷകളിലും ഇനിയും അഭിനയിക്കണം. മലയാളം സിനിമകൾ വളരെ ഇഷ്ടമാണ്. നല്ല തിരക്കഥകൾ വന്നാൽ ഇനിയും മലയാളത്തിൽ അഭിനയിക്കണം.

അച്ഛൻ തമിഴ് സിനിമയിലെ പ്രശസ്ത നടനായിട്ടും, എന്താണ് മകൾക്ക് തുടക്കത്തിൽ സിനിമയിൽ അഭിനയിക്കാൻ താത്പര്യമില്ലാതിരുന്നത് ?​

അച്ഛൻ ( എം.ആർ. രാധ)​ ഒരു അസാധ്യ നടനായിരുന്നു. പക്ഷേ ഞാൻ ഒരിക്കലും നടിയാകാൻ ആഗ്രഹിച്ച വ്യക്തിയല്ല. നടിയാകാൻ വിധിക്കപ്പെട്ടതായി തോന്നിയിട്ടുണ്ട്. തികച്ചും യാദൃശ്ചികമായാണ് സിനിമയിലേക്ക് വന്നത്. അച്ഛന്റെ പേര് എനിക്ക് വലിയൊരു സ്വാധീനമാണ്. പക്ഷേ സിനിമയിൽ തുടക്കം കുറിക്കുമ്പോൾ ഞാൻ ആരുടെ മകളാണെന്ന് ആർക്കും അറിയില്ലായിരുന്നു. എം.ആർ. രാധയുടെ മകളാണെന്നറിഞ്ഞല്ല സംവിധായകൻ എന്നെ കാസ്റ്റ് ചെയ്തത്. അദ്ദേഹം അത് പിന്നീടാണ് അറിയുന്നത്.


സിനിമയേക്കാൾ കൂടുതൽ പ്രശസ്തി നൽകുന്നത് സീരിയൽ ആണോ ?

സീരിയലുകൾക്ക് വ്യത്യസ്തമായ പ്രേക്ഷകരാണ്. വളരെ വലിയൊരു പ്രേക്ഷകവൃന്ദം. സീരിയലുകകളും അതിന്റെ പ്രേക്ഷകരുമാണ് എനിക്ക് എല്ലാം തന്നത് എന്നുതന്നെ പറയാം.

സംവിധാനം രാധിക ശരത്കുമാർ. അങ്ങനെ സംഭവിക്കുമോ?

സിനിമ സംവിധാനം ചെയ്യാൻ സമയം എനിക്കുണ്ടോ എന്നറിയില്ല. ഞാൻ 'ഒരിക്കലും ഇല്ല' എന്ന് പറയില്ല, നമുക്ക് നോക്കാം. ജീവിതത്തിൽ എന്തും സംഭവിക്കാം.

കരിയറിലെ ഏറ്റവും മികച്ച അഞ്ച് വേഷങ്ങൾ തിരഞ്ഞെടുക്കാമോ?

അഭിനയിച്ച 300 സിനിമകൾ നിന്ന് ഏറ്റവും പ്രിയപ്പെട്ടത് തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. ചെയ്യാൻ കഴിഞ്ഞ നല്ല സിനിമകൾക്കെല്ലാം ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. എന്റെ കുടുംബത്തിൽ എല്ലാവരും സന്തോഷത്തോടെ ഇരിക്കണം എന്നാണ് ആഗ്രഹം. എന്റെ ചിരിയിലൂടെ എല്ലാവരെയും സന്തോഷിപ്പിക്കാൻ കഴിയുന്നുവെങ്കിൽ, അതിൽ ഞാനാണ് സന്തോഷവതിയാകുന്നത്. ‎

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.