
തലശ്ശേരി: കൂത്തുപറമ്പ് നരവൂരിലെ വാടകവീട്ടിൽ വച്ച് അന്യസംസ്ഥാനതൊഴിലാളിയായ കൊൽക്കത്ത സ്വദേശി മുഹമ്മദ് ഷംസുദ്ദീനെ (36) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ സുഹൃത്തായ മുഹമ്മദ് ആസാദിന് (38) ജീവപര്യന്തം തടവും 50000 രൂപ പിഴയടക്കാനും തലശേരി ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ഫിലിപ് തോമസ് വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കഠിന തടവ് അധികം അനുഭവിക്കണമെന്നും കോടതി വിധിച്ചു.
പിഴ തുക കൊല്ലപ്പെട്ട ഷംസുദ്ദീനിന്റെ ഭാര്യക്കും കുട്ടികൾക്കും നൽകണം. ഷംസുദ്ദീനിന്റെ അവകാശികൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ജില്ലാ ലീഗൽ സർവിസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. 2013 ജൂലായ് 16നായിരുന്നു കേസിനാസ്പദമായ സംഭവം.
സർക്കിൾ ഇൻസ്‌പെക്ടർ കെ.വി.ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.ജയറാംദാസ് ഹാജരായി.
ജോലി തേടി ഒരുമിച്ചെത്തി
കൂട്ടുകാരന്റെ ജീവനെടുത്തു
നരവൂർ ചാത്താടിമനക്കൽ ക്ഷേത്രത്തിന് സമീപം മരവന്റവിട കിഴക്കേയിൽ യൂസഫ് നടത്തിവരുന്ന ചാക്ക് തുന്നൽ ഗോഡൗണിൽ ജോലിക്ക് എത്തിയതായിരുന്നു ഷംസുദ്ദീനും സുഹൃത്തായ മുഹമ്മദ് ആസാദും. ഗോഡൗൺ മേൽനോട്ടക്കാരനായ എം.വി മായൻ ഇവർക്ക് താമസസൗകര്യം ഒരുക്കി നൽകിയിരുന്നു. ദിവസങ്ങൾക്കുള്ളിൽ ഷംസുദ്ദീനെ മുറിക്കകത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ട്രെയിൻ മാർഗം നാട്ടിലേക്ക് കടന്ന ആസാദ് പിന്നീട് ബംഗാളിലെ ഉൾട്ടഡംഗ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കൂത്തുപറമ്പ് പൊലീസ് ബംഗാളിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |