തൃശൂർ: വേനൽ കടുത്തതോടെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നെട്ടോട്ടമോടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. കിണറുകൾ, കുളങ്ങൾ, തോടുകൾ തുടങ്ങിയ ജലസ്രോതസിലെല്ലാം ജലനിരപ്പ് ഗണ്യമായി താഴ്ന്നതോടെ ഭൂരിഭാഗം കുടിവെള്ള പദ്ധതികളും നിലച്ചു. ഇതേത്തുടർന്ന് പകുതിയോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ടാങ്കറുകൾ വഴിയാണ് ജലവിതരണം. ഭൂരിഭാഗം വാർഡുകളിലും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് വെള്ളമെത്തുന്നത്. വേനൽമഴ ലഭിക്കുമെന്ന പ്രവചനമുണ്ടായിരുന്നെങ്കിലും ജില്ലയിൽ ഇതുവരെ മഴ കനിഞ്ഞിട്ടില്ല. വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചില്ലെങ്കിൽ കുടിവെള്ള വിതരണം പൂർണമായും സ്തംഭിക്കുമെന്ന ആശങ്കയിലാണ് അധികൃതർ.
ഫണ്ട് വിനിയോഗിക്കാൻ അനുമതി
കുടിവെള്ള ക്ഷാമം പരിഹരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് തനതുഫണ്ട് ഉപയോഗിക്കാൻ കളക്ടർ അനുമതി നൽകി. കുടിവെള്ള വിതരണത്തിന് തുക ചെലവാക്കുന്നതിന് പെരുമാറ്റച്ചട്ടം ബാധകമാകില്ലെന്ന് കളക്ടർ ശിഖ സുരേന്ദ്രൻ വ്യക്തമാക്കി. നിലവിൽ 35ഓളം തദ്ദേശ സ്ഥാപനങ്ങൾക്ക് അടിയന്തരമായി തുക വിനിയോഗിക്കാനുള്ള അനുമതി നൽകി.
തീരത്ത് ഉപ്പുവെള്ള ഭീഷണി
തീരദേശ പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്. വേനൽ കടുത്തതോടെ കിണറുകളിൽ ഉപ്പുവെള്ളം കയറുകയാണ്. ഒമ്പത് പഞ്ചായത്തുകളെയാണ് പ്രധാനമായും ബാധിക്കുന്നത്. കനോലി കനാലിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ കുടിവെള്ളത്തിനായി കിലോമീറ്ററുകൾ താണ്ടേണ്ട അവസ്ഥയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |