
കൊച്ചി: ആവശ്യത്തിനു സിലിണ്ടർ കിട്ടാനില്ല. അതിനൊപ്പം ഒറ്റയടിക്ക് 993 രൂപ വിലവർദ്ധനയും. വാണിജ്യ സിലിണ്ടർ വില 3,000 രൂപ കടന്നതോടെ ഹോട്ടലുകൾ കടുത്ത പ്രതിസന്ധിയിൽ. ഭക്ഷണവിലയിൽ വലിയ വർദ്ധനയാണ് ജനത്തെ കാത്തിരിക്കുന്നത്.
3,085 രൂപയാണ് കൊച്ചിയിലെ വില. തിരുവനന്തപുരത്ത് 3,106, കോഴിക്കോട്ട് 3,117.5 രൂപ. ജനുവരിയിലും മാർച്ചിലും ഏപ്രിലിലും വാണിജ്യസിലിണ്ടർ വില കൂട്ടിയിരുന്നു. ഇറാൻ യുദ്ധത്തെത്തുടർന്ന് ഗ്യാസ് കിട്ടാതെയുമായി. ഇതോടെ ഊണിനു 10 രൂപയും ചായയ്‌ക്കും കടികൾക്കും 2 രൂപയും കൂട്ടി. പുതിയ സാഹചര്യത്തിൽ ഭക്ഷണ സാധനങ്ങൾക്ക് 50- 60 ശതമാനം വില കൂട്ടേണ്ടിവരുമെന്ന് ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷനും ബേക്കേഴ്‌സ് അസോസിയേഷനും വ്യക്തമാക്കി.
ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, തട്ടുകടകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ ഗ്യാസ് വിലവർദ്ധന ബാധിക്കും. ചെറുകിട ഹോട്ടലുകൾ പൂട്ടലിലേക്ക് പോകും.
ബുധനാഴ്ച ഹോട്ടൽ സമരം
ഗ്യാസ് വില വർദ്ധനയിൽ പ്രതിഷേധിച്ച് ഹോട്ടലുകളും റസ്‌റ്റോറന്റുകളും ആറിനു (ബുധൻ) അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ അറിയിച്ചു.
സിലിണ്ടർ വില
വർദ്ധന (രൂപയിൽ)
2026 ജനുവരി 1 : 111
മാർച്ച് 1 : 28-31
മാർച്ച് 7 : 115
ഏപ്രിൽ 1 : 195.50
മേയ് 1: 993
ഗാർഹിക പാചകവാതക വില വർദ്ധിപ്പിച്ചാൽ ജനം എതിരാകുമെന്ന് ഭയന്ന് ആ ഭാരംകൂടി ഹോട്ടൽ മേഖലയുടെ തലയിലേക്ക് വച്ചിരിക്കുകയാണ്
-ജി.ജയപാൽ, പ്രസിഡന്റ്,
കേരള ഹോട്ടൽ ആൻഡ്
റസ്‌റ്റോറന്റ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |