സർക്കാർ ഉത്തരവുണ്ടായിട്ടും ധനസഹായം ലഭിച്ചില്ല
കാളികാവ്: കരുവാരക്കുണ്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കൂടുംബത്തിന് നാലു ദിവസം കഴിഞ്ഞിട്ടും അടിയന്തര സഹായം ലഭിച്ചില്ല. കൊല്ലപ്പെട്ട യുവാവ് വനത്തിൽ അതിക്രമിച്ചു കയറിയത് മരം മുറിക്കാനോ വേട്ടയ്ക്കോ ആകാമെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ.
വന്യജീവി ആക്രമണത്തിൽ വനത്തിൽ വച്ച് കൊല്ലപ്പെട്ടാലും മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്ന് സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് ഈ അവകാശ നിഷേധം. 2024 മാർച്ച് ഏഴിന് ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണിതുള്ളത്.
മനുഷ്യ വന്യജീവി സംഘർഷത്തിൽ ദുരന്തത്തിനിരയായവർക്കുള്ള ദുരിതാശ്വാസം ലഭിക്കാനുള്ള മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ച നടപടിയിലാണ് വനത്തിലോ പുറത്തോ കൊല്ലപ്പെട്ടാലും ദുരിതാശ്വാസത്തിന് അർഹതയുണ്ടെന്ന് വ്യക്തമാക്കുന്നത്.കഴിഞ്ഞ ദിവസം കരുവാരക്കുണ്ട് കൽക്കുണ്ടിൽ യുവാവിനെ വനത്തിൽ വച്ച് കാട്ടാന കൊന്ന സംഭവത്തിൽ ദുരിതാശ്വാസം ലഭിക്കാനിടയില്ലെന്ന് ഡി.എഫ്.ഒ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു .ഇത് കർഷക സംഘടനകൾക്കിടയിലും നാട്ടുകാർക്കിടയിലും വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
കരുവാരക്കുണ്ട് മുള്ളറയിലെ തോട്ടം തൊഴിലാളി ചിറ്റങ്ങോടൻ ഷംസീർ എന്നയാളെ ഏപ്രിൽ 28നാണ് കാട്ടാന ചവിട്ടിക്കൊന്നത്. കുടുംബത്തിന് ഇതുവരെയും അടിയന്തര സഹായം ലഭിച്ചിട്ടില്ല. ദുരന്തം നടന്ന് 24 മണിക്കൂറിനകം ഒരു ലക്ഷം രൂപ അടിയന്തര സഹായം ലഭ്യമാക്കണമെന്നാണ് ചട്ടം. അടിയന്തര സഹായം നൽകുമെന്ന് ഡി.എഫ്.ഒ പറഞ്ഞിരുന്നെങ്കിലും തുടർ നടപടികളുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
അവഗണന മാത്രം
- മനുഷ്യ വന്യമൃഗ സംഘർഷം നിലനിൽക്കുന്ന മേഖലകളിൽ വിവിധ വകുപ്പുകളെ ഏകോപിച്ച് തദ്ദേശ സ്ഥാപന മേധാവികളുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളെയും ഉൾപ്പെടുത്തി സംസ്ഥാനത്ത് 280 ജനജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടുണ്ട്.
- സംഘർഷ മേഖലയിൽ എല്ലാ മാസവും ഈ സമിതി ചേർന്ന് സാഹചര്യം വിലയിരുത്തണം.എന്നാൽ ഇത്തരം സമിതികൾ കടലാസിൽ മാത്രമൊതുങ്ങി.
- കരുവാരകുണ്ടിൽ ഒരാൾ കൊല്ലപ്പെട്ടിട്ടും ജന ജാഗ്രതാ സമിതി വിളിച്ചു ചേർത്തിട്ടില്ല.
- ഇത് കൊല്ലപ്പെട്ടയാളുടെ കുടുംബത്തോടും മലയോര കർഷകരോടുമുള്ള അവഗണനയാണെന്നാണ് നാട്ടുകാർ പറയുന്നത്.
വന്യ ജീവിയാക്രമണത്തിൽ പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്യപ്പെടുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരം എങ്ങനെ കൊടുക്കാതിരിക്കാം എന്ന സമീപനമാണ് വനം വകുപ്പിന്റേത്.
കിഫ(കർഷക സംഘടന)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |