കൊച്ചി : പാലാരിവട്ടം ഫ്ളൈ ഓവർ പൊളിച്ചു പണിയുന്നതിന് അഴിമതിക്കേസിലെ ജാമ്യാപേക്ഷയുമായി ബന്ധമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതികളായ സുമിത് ഗോയൽ, മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ്, എം.ടി. തങ്കച്ചൻ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് സിംഗിൾ ബെഞ്ച് ഇക്കാര്യം വാക്കാൽ പറഞ്ഞത്.
ഫ്ളൈ ഓവർ പൊളിച്ചു പണിയുന്നതിന് മുമ്പ് ഭാര പരിശോധന നടത്തിയില്ലെന്നാണ് പ്രതികൾ വാദിച്ചത്.
ഫ്ളൈ ഓവർ പരിശോധിച്ച് ഇ. ശ്രീധരൻ നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് മുദ്ര വച്ച കവറിൽ വിജിലൻസ് ഹാജരാക്കി. പൊതുസേവകർ ഉൾപ്പെട്ട കേസായിട്ടും അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതിക്ക് നേടിയില്ലെന്ന് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാണെന്നും കേസ് നിലനിൽക്കില്ലെന്നും സൂരജിന്റെ അഭിഭാഷകൻ വാദിച്ചു. മുൻ മന്ത്രിക്കല്ലേ അതു ബാധകമെന്ന് കോടതി ആരാഞ്ഞപ്പോൾ, സർക്കാർ ഉദ്യോഗസ്ഥരായിരുന്ന പ്രതികളും പൊതുസേവകരുടെ പരിധിയിൽ വരുമെന്ന് സൂരജിന്റെ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ നിർദ്ദേശ പ്രകാരം വിജിലൻസ് അഡി. ചീഫ് സെക്രട്ടറി ഉത്തരവിട്ടതാണ് അന്വേഷണമെന്നും ആ നിലയ്ക്ക് സർക്കാരിന്റെ മുൻകൂർ അനുമതി തേടേണ്ടതില്ലെന്നും വിജിലൻസ് വാദിച്ചു. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ല. സൂരജ് ഉന്നത സ്വാധീനശക്തിയുള്ള വ്യക്തിയായതിനാൽ ജാമ്യം നൽകിയാൽ തെളിവു നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നും വിജിലൻസ് വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |