
കണ്ണൂർ: എൽ.ഡി.എഫിനേറ്റ കനത്ത തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടി കോട്ടയായ കണ്ണൂരിൽ സി.പി.എം നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തം. പാർട്ടിയുടെ കോട്ടയായ കേളകം ചെങ്കോട്ടമുക്ക് ഈരായിക്കൊല്ലിയിൽ 'പാർട്ടിയാണ് വലുത്, നേതാക്കളല്ല' എന്നെഴുതിയ ഫ്ളക്സ് ഉയർന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ ചിത്രങ്ങളുടെ മുകളിൽ ക്രോസ് അടയാളപ്പെടുത്തിയ ഫ്ളക്സിൽ സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് എന്നിവർ നയിക്കാനുണ്ടെങ്കിൽ തങ്ങളും കൂടെയുണ്ടെന്ന് പറയുന്നു
സോഷ്യൽ മീഡിയയിലും കനത്ത വിമർശനം ഉയരുന്നുണ്ട്.ആരു നിന്നാലും ജയിക്കാവുന്ന തളിപ്പറമ്പ് മണ്ഡലം നഷ്ടപ്പെട്ടത് സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയതു കാരണമാണെന്നാണ് ആക്ഷേം. പിണറായി വിജയൻ 'കമ്യൂണിസ്റ്റ് മൂല്യങ്ങൾ കൈവിട്ട് കുടുംബം പരിപാലിക്കുന്ന നേതാവാണെന്നും 'പാർട്ടിയെ നശിപ്പിച്ചെന്നുമുള്ള ആരോപണങ്ങളുമൂണ്ട്.
ജീർണതകൾ
തിരുത്തണം
കമ്മ്യൂണിസ്റ്റുകാർ പാർലമെന്ററി വ്യവസ്ഥയിൽ ഏർപ്പെടുമ്പോൾ പലതരം ജീർണതകളും കടന്നുവരുമെന്നും ഇവ തിരുത്താതിരുന്നാൽ ജനങ്ങൾക്കിടയിൽ പാർട്ടിയോടുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേൽക്കുമെന്നും പി.ജയരാജന്റെ ഫേസ് ബുക്ക് കുറിപ്പ്.മൂർത്തമായ അത്തരം പ്രശ്നങ്ങൾ പരിശോധിക്കാതെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മുന്നോട്ടു പോകാനാവില്ല. നേരത്തേ തുടങ്ങിവച്ച തെറ്റു തിരുത്തൽ പ്രക്രിയ തുടരേണ്ടത് ആവശ്യമാണ്. തിരഞ്ഞെടുപ്പ് ഫലം കണ്ട് നിരാശരായ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ വിമർശനം ഉന്നയിക്കുന്നതിനു പകരം നേരിട്ട് നേതൃത്വത്തിന് കത്തെഴുതണം. ജനകീയ സമരങ്ങളിലൂടെയും പ്രത്യയശാസ്ത്ര പോരാട്ടങ്ങളിലൂടെയും പാർട്ടി കരുത്താർജ്ജിക്കണമെന്നും കുറിപ്പിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |