SignIn
Kerala Kaumudi Online
Thursday, 07 May 2026 3.58 PM IST

ഒഡിഷ കോടതിയുടെ ജാതി വിവേചനം

Increase Font Size Decrease Font Size Print Page
d

നിയമത്തിൽ പറഞ്ഞിട്ടുള്ളതിനപ്പുറം ശിക്ഷാവിധി നൽകാൻ ഒരു ജഡ്‌ജിക്കും അവകാശമില്ല. ഓരോ കുറ്റത്തിനും അതിനിടയാക്കിയ സാഹചര്യവും മറ്റും കണക്കിലെടുത്ത് നൽകാവുന്ന പരമാവധി ശിക്ഷ എന്താണെന്ന് നിയമസംഹിതയിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിലവിലുള്ള ഏറ്റവും വലിയ ശിക്ഷ വധശിക്ഷയാണ്. അതാകട്ടെ അപൂർവങ്ങളിൽ അപൂർവമെന്ന് ബോദ്ധ്യപ്പെടുന്ന കേസുകളിൽ മാത്രമേ വിധിക്കാൻ പാടുള്ളൂ. ഇപ്പോഴും ചില കേസുകളിൽ വധശിക്ഷകൾ വിധിക്കാറുണ്ട്. ജയിൽ ശിക്ഷയും പിഴയുമാണ് പൊതുവേയുള്ള രണ്ട് ശിക്ഷാരീതികൾ. എന്നാൽ, ചില രാജ്യങ്ങളിൽ സാമൂഹ്യസേവനം ശിക്ഷയുടെ ഭാഗമായി വിധിക്കാറുണ്ട്. ഏതൊരു ശിക്ഷയും ഒരു വ്യക്തിയുടെ മാന്യതയെയും അന്തസ്സിനെയും പൊതുമദ്ധ്യത്തിൽ ഹനിക്കുന്ന രീതിയിലുള്ളതാവരുത് എന്ന ബോദ്ധ്യത്തോടെയാണ് അറിവുള്ളവർ ഇതൊക്കെ ക്രോഡീകരിക്കുകയും പാർലമെന്റ് അതിന് അംഗീകാരം നൽകുകയും ചെയ്തിട്ടുള്ളത്.

മതവും അതിന്റെ അനുശാസനങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടുത്തിയല്ല ഭാരതത്തിൽ നിലവിലുള്ള ശിക്ഷാവിധികൾക്ക് രൂപം നൽകിയിട്ടുള്ളത്. ഇതൊക്കെ അടിസ്ഥാനപരമായ കാര്യങ്ങളാണ്. എന്നാൽ, ഇത്തരം കാര്യങ്ങൾ കണക്കിലെടുക്കാതെ തോന്നിയപടി ശിക്ഷിക്കുന്ന ചില ജഡ്‌ജിമാർ അപൂർവങ്ങളിൽ അപൂർവമാണെങ്കിലും ഇപ്പോഴും സർവീസിലുണ്ട് എന്നറിയുന്നത് ജുഡിഷ്യറി സംവിധാനത്തിനുതന്നെ മൊത്തത്തിൽ അപമാനമാണ്. ഒഡിഷയിലെ ഒരു ഹൈക്കോടതി ജഡ്‌ജിയായ പാണിഗ്രാഹിയാണ് ദളിത്- ആദിവാസി വിഭാഗത്തിലെ പ്രതികൾക്കെതിരെ ഹീനമായ ജാതിവിവേചനം കാട്ടിയ ക്രൂരമായ ശിക്ഷാവിധികൾ പുറപ്പെടുവിച്ചത്. 2025 ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള ആറ് മാസത്തിനിടെ പിന്നാക്ക വിഭാഗക്കാരുടെ അന്തസ്സിനെ ഹനിക്കുന്ന അമ്പത് ഉത്തരവുകളാണ് ഇറക്കിയത്. പൊലീസ് സ്റ്റേഷനുകളും ബാങ്കുകളും മറ്റും തൂത്ത് വൃത്തിയാക്കണമെന്ന, നിയമത്തിൽ പറഞ്ഞിട്ടില്ലാത്ത ഉപാധികളാണ് ഇദ്ദേഹം ജാമ്യം അനുവദിക്കുന്നതിന് വ്യവസ്ഥയായി ഉത്തരവുകളിൽ പറഞ്ഞിരുന്നത്.

ഒഡിഷയിലെ കോടതി ഇത്തരം ജാമ്യഉപാധികൾ വച്ചത് നിയമവിരുദ്ധവും തികഞ്ഞ ജാതിവിവേചനം നിഴലിക്കുന്നതാണെന്നും സുപ്രീംകോടതി തുറന്നടിച്ചിരിക്കുന്നു. പാർശ്വവത്‌കരിക്കപ്പെട്ട സമൂഹത്തിനെതിരായ വിവേചനം തുറന്നുകാട്ടുന്നതാണ് ഇത്തരം ജാമ്യഉപാധികളെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചി എന്നിവരടങ്ങിയ ബെഞ്ച് വിമർശിച്ചു. സ്വമേധയാ എടുത്ത കേസിലാണ് കോടതി ഈ കടുത്ത നിരീക്ഷണം നടത്തിയത്. ജാതി നിറം നൽകുന്ന, സമൂഹത്തെ ഭിന്നിപ്പിക്കുന്ന വ്യവസ്ഥകൾ വയ്ക്കുന്നതിൽ നിന്ന് സംസ്ഥാന ജുഡിഷ്യറി വിട്ടുനിൽക്കണമെന്നും പ്രതികൾക്ക് ഒഡിഷ ഹൈക്കോടതിയെ സമീപിച്ച് ഈ ജാമ്യ ഉപാധി റദ്ദാക്കി വാങ്ങാവുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

മോഷണക്കേസുകൾ മുതൽ പല കുറ്റങ്ങളിൽപ്പെട്ട പ്രതികൾക്കെതിരെയാണ് ഹൈക്കോടതി ജഡ്‌ജി ക്രൂരമായ ജാമ്യ ഉപാധികൾ വിധിച്ചിരുന്നത്. വായ്‌പ അടയ്ക്കാൻ വീഴ്ചവരുത്തിയ കേസിൽ പ്രതിയായ സ്‌ത്രീയോട് ലോണെടുത്ത സ്വകാര്യ ബാങ്ക് ശാഖയുടെ തറ തുടയ്ക്കാനായിരുന്നു നിർദ്ദേശം.

രാവിലെ 6നും 10നും ഇടയ്ക്ക് മൂന്ന് മണിക്കൂറോളമാണ് ക്ളീനിംഗ് ഡ്യൂട്ടി വിധിച്ചത്. ഒന്നുമുതൽ മൂന്നു മാസംവരെ തുടർച്ചയായ ദിവസങ്ങളിൽ ജോലി ചെയ്യണമെന്നും നിർദ്ദേശിച്ചിരുന്നു. അവികസിതമായ ഏതെങ്കിലും മേഖലയിലെ പഞ്ചായത്ത് കമ്മിറ്റിയാണ് ഈ ശിക്ഷകൾ ചുമത്തിയിരുന്നതെങ്കിൽ അതവരുടെ വിവരക്കേടാണെന്ന് നമുക്ക് മനസിലാക്കാമായിരുന്നു. ഇവിടെ അതല്ല സംഭവിച്ചിരിക്കുന്നത്. ഒരു ഹൈക്കോടതി ജഡ്‌ജിയിൽ നിന്നാണ് ഈ പൊറുക്കാനാവാത്ത ഉത്തരവ് ഉണ്ടായിരിക്കുന്നത്. ഇത് അറിവില്ലായ്മകൊണ്ട് സംഭവിച്ചതല്ല. മറിച്ച് സമൂഹത്തിന്റെ താഴേക്കിടയിൽ ജീവിക്കുന്ന ദളിത്- ആദിവാസി വിഭാഗങ്ങളെ മനുഷ്യരായി പോലും പരിഗണിക്കാൻ കൂട്ടാക്കാത്ത മനോഭാവത്തിന്റെ പ്രതിഫലനമായിവേണം കാണേണ്ടത്. സമത്വത്തിലൂന്നിയ ജാതിരഹിത സമൂഹം നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്നതാണെങ്കിലും അനുഭവത്തിൽ ഇപ്പോഴും അത് അകലെയാണെന്നത് ഓർമ്മിപ്പിക്കുന്നതാണ് ഒറ്റപ്പെട്ടതാണെങ്കിലും ഇത്തരം സംഭവങ്ങൾ.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.