കോഴിക്കോട്: പാചകവാതക ക്ഷാമത്തിനൊപ്പം വില വർദ്ധനയും കൂടിയായതോടെ പ്രതിസന്ധിയിലായ ഹോട്ടലുടമകൾ നടത്തിയ കടയടപ്പ് സമരം വിജയം, അതേസമയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും വന്നിറങ്ങിയവർ ഭക്ഷണം കിട്ടാതെ വലഞ്ഞു. ഓൺലൈൻ വിതരണ ആപ്പുകളിലും കടകളിലും പ്രഭാതഭക്ഷണം, ഊൺ, ബിരിയാണി തുടങ്ങിയ ഉച്ചഭക്ഷണ വിഭവങ്ങളും ലഭിച്ചില്ല. ചായയും എണ്ണ പലഹാരങ്ങളും നൽകിയത് വിരലിലെണ്ണാവുന്ന കടകൾ മാത്രം. അതേസമയം കൂൾ ബാറുകളും ഇടത്തരം ബേക്കറികളും തുറന്നത് ആശ്വാസമായി. ചെറുകടികളും ബിസ്കറ്റും മറ്റുമാണ് ഇവിടങ്ങളിൽ നിന്ന് ലഭിച്ചത്.
വാണിജ്യ സിലിണ്ടറിന് വില കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ച് ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും സംസ്ഥാനമൊട്ടാകെ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് ജില്ലയിലും രാവിലെ മുതൽ കടകൾ അടച്ചത്. നഗരത്തിലെയും ഗ്രാമപ്രദേശങ്ങളിലേയും ഹോട്ടലുകൾ പൂർണമായും അടച്ചിരുന്നു. നഗരത്തിൽ ആശുപത്രികളുടെയും പൊലീസ്, മറ്റ് സർക്കാർ സ്ഥാപനങ്ങളുടെയും കന്റീനുകളെയാണ് ജനം കൂടുതലായി ആശ്രയിച്ചത്.അതേ സമയം ഓൺലെെൻ ആപ്പുകളിൽ പീത്സ, ബർഗർ പോലുള്ള തുടങ്ങിയ ഭക്ഷണവിഭവങ്ങൾ വിളമ്പുന്ന രാജ്യാന്തര ഫൂഡ് ഡെലിവറി യൂണിറ്റുകളിലെ ഭക്ഷണങ്ങൾ ലഭ്യമായി.19 കിലോ വരുന്ന എൽ.പി.ജിക്ക് 993 രൂപയും ഛോട്ടുഗ്യാസിന് 261 രൂപയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. ജില്ലയിൽ ഒരു സിലിണ്ടറിന് 3117 രൂപയായി. ഇതോടെ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നതോടെയാണ് സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയത്.
കുറ്റ്യാടി/ താമരശ്ശേരി: കെ.എച്ച്.ആർ.എയുടെ നേതൃത്വത്തിൽ നടത്തിയ 24 മണിക്കൂർ സമരം കുറ്റ്യാടിയിൽ പൂർണം. സമരത്തിന്റെ ഭാഗമായി കുറ്റ്യാടിയിലെ 84ഓളം കടകളാണ് അടഞ്ഞുകിടന്നത്. താമരശ്ശേരിയിൽ ഹോട്ടലുകളും ചായക്കടകളും അടഞ്ഞുകിടന്നു. തെരുവോരങ്ങളിൽ ബിരിയാണി കടകൾ പ്രത്യക്ഷപ്പെട്ടത് യാത്രക്കാർക്ക് ആശ്വാസമായി.
പ്രതിഷേധ മാർച്ചും ധർണയും
ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ, ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്സ് ഫെഡറേഷൻ തുടങ്ങിയ സംഘടനകളാണ് 24 മണിക്കൂർ നീളുന്ന സമരത്തിൽ പങ്കെടുത്തത്. ജില്ലാതലങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലേക്ക് പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. ഇൻകം ടാക്സ് ഓഫീസിന് മുന്നിലാണ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ. പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചത്. അമിതമായ ഗ്യാസ് വിലവർദ്ധന പിൻവലിക്കുക, ഞങ്ങൾക്കും ജീവിക്കണം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സമരം. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ. സുഗുണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി രൂപേഷ് കോളിയോട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി സുനിൽ കുമാർ, വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം വരുൺ ഭാസ്കർ, കാറ്ററിംഗ് അസോ. സംസ്ഥാന കമ്മിറ്റി അംഗം പ്രേംചന്ദ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് യു.എസ്. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സാദിഖ് സഹാറ സ്വാഗതവും ട്രെഷറർ ബഷീർ ചിക്കീസ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |