
തിരുവനന്തപുരം: കുഞ്ഞ് കരയാതിരിക്കാനും ഭക്ഷണം കഴിപ്പിക്കാനും കൈയിൽ വച്ചുകൊടുക്കുന്നത് മൊബൈൽ ഫോൺ. അവർ വളർന്ന് സ്കൂളിൽ പോകുമ്പോൾ ഒളിപ്പിച്ചുകൊണ്ടുപോയി ക്ളാസിൽ പ്രശ്നമുണ്ടാക്കും. വീട്ടിൽ പഠിക്കേണ്ട സമയത്ത് ബുക്കിനടിയിൽ മറച്ചുവച്ച് റീൽ കാണും. പിടിച്ചുവാങ്ങിയാൽ കലാപമായി.
രക്ഷിതാക്കൾ തന്നെ മക്കളെ മൊബൈലിന് അടിമകളാക്കുകയാണ്. എന്നിട്ട്, കൈവിട്ടുപോയെന്ന് കരയുന്നു. മൊബൈലിനടിമയായ 16കാരിയെ നിരീക്ഷിക്കാൻ ബൗൺസർമാരെ വയ്‌ക്കേണ്ടിവന്നു ഗുജറാത്തിലെ പിതാവിന്.
കുട്ടികളിലെ സ്ക്രീൻ ഉപയോഗ നിയന്ത്രണത്തിന് നിയമം നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ശുപാർശചെയ്തത് കേരളത്തിലും ഇത്തരം കേസുകൾ പെരുകുന്ന സാഹചര്യത്തിലാണ്. സി.ബി.എസ്.ഇയുടെ സർവേ റിപ്പോർട്ട് പ്രകാരം 12 വയസിൽ താഴെയുള്ള 74 ശതമാനം കുട്ടികളും ദിവസം കുറഞ്ഞത് നാല് മണിക്കൂർ മൊബൈൽ ഉപയോഗിക്കുന്നു. 14-16 പ്രായക്കാരിൽ ഇത് 82 ശതമാനമാണ്.
ഓൺലൈൻ ഗെയിം, റീൽസ്, ലൈംഗികച്ചുവയുള്ള ഉള്ളടക്കം തുടങ്ങി കുട്ടികളെ വീഴ്ത്താൻ ഡിജിറ്റൽ ലഹരി ബൊബൈലിൽ നിറയെയുണ്ട്. വീട്ടുകാരറിയാതെ ഓൺലൈൻ വായ്പയെടുത്ത്, നിൽക്കക്കള്ളിയില്ലാതെ ജീവനൊടുക്കുന്ന സംഭവങ്ങളും പതിവായി. അമിത മൊബൈൽ ഉപയോഗം കുട്ടികളുടെ തലച്ചോറിനെ തകർക്കുന്നതായി 2025-2026ലെ നാഷണൽ എക്കണോമിക് സർവേയിലുണ്ട്.
മകളെ നിരീക്ഷിക്കാൻ
ബൗൺസർമാർ
അഹമ്മദാബാദിൽ 16 കാരിയെ നിരീക്ഷിക്കാൻ മാസം 65,000 രൂപ ശമ്പളത്തിന് നാല് ബൗൺസർമാരെ നിയോഗിക്കേണ്ടിവന്നത് അവളുടെ അക്രമം സകല അതിരും വിട്ടതോടെയാണ്. ഗെയിമിംഗ് അഡിക്ഷൻ മൂലം അക്രമാസക്തനായ 17കാരനിൽ നിന്ന് വളർത്തുമൃഗങ്ങളെ സംരക്ഷിക്കാൻ സൂറത്തിലെ കുടുംബം എട്ട് ബൗൺസർമാരുടെ സഹായം തേടി. കുട്ടികൾ അറിയാതെ അവരെ നിരീക്ഷിക്കാൻ 'കവർട്ട് മോണിറ്ററിംഗ്' (Covert Monitoring) രീതിയും സ്വീകരിക്കുന്നുണ്ട്. ദിവസേന 1,000 - 5,000 രൂപയാണ് ചെലവ്.
ഒറ്റപ്പെടൽ, അലസത
ഒടുവിൽ അക്രമം
1 സൗഹൃദങ്ങൾ ഇല്ലാതാക്കും. രക്ഷിതാക്കളോട് പോലും സ്നേഹം പങ്കിടാതെ, വീട്ടുകാര്യങ്ങളിൽ ഇടപെടാതെ ഒതുങ്ങും
2 ഉറക്കസമയം കുറയുന്നു. പഠനത്തെ ബാധിക്കും. ഓർമ്മക്കുറവ്, ശ്രദ്ധക്കുറവ്, അലസത, ക്ഷീണം എന്നിവയിലേക്ക് വീഴും
3 ബിഹേവിയറൽ അഡിക്ഷനിലെത്തും. മൊബൈൽ കിട്ടിയില്ലെങ്കിൽ അമിത ദേഷ്യം, അക്രമസ്വഭാവം എന്നിവ പ്രകടമാക്കും
ചടുല ദൃശ്യങ്ങളുള്ള ഗെയിമുകളും റീൽസും നിരന്തരം കാണുന്ന കുട്ടികൾക്ക് സാധാരണ വേഗത്തിലുള്ള സംവേദനവുമായി പൊരുത്തപ്പെടാനാകില്ല. പഠിക്കുമ്പോൾ ശ്രദ്ധപതറും
-ഡോ.അരുൺ ബി.നായർ
മനോരോഗവിദഗ്ദ്ധൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |