പുനലൂർ: കെ.എസ്.ഇ.ബി കരവാളൂർ സെക്ഷൻ ഓഫീസിൽ അതിക്രമിച്ചു കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. പടിഞ്ഞാറ്റിൻകര സരസ്വതി വിലാസത്തിൽ മധുസൂദനൻ നായർക്ക് (51) ആണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.
ഓഫീസിനുള്ളിൽ കയറിയ യുവാവ് മധുസൂദനൻ നായരെ ക്രൂരമായി മർദ്ദിക്കുകയും കസേര എടുത്ത് എറിയുകയും ചെയ്തതായി പരാതിയുണ്ട്. മർദ്ദനത്തിന് പുറമെ ഓഫീസിലെ ഉപകരണങ്ങൾക്കും ഫർണിച്ചറുകൾക്കും നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കരവാളൂർ സ്വദേശി അനൂപിനെതിരെ പുനലൂർ പൊലീസ് കേസെടുത്തു.
ജീവനക്കാരനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.ഇ.ബി ജീവനക്കാരുടെ നേതൃത്വത്തിൽ കരവാളൂരിൽ പ്രതിഷേധ പ്രകടനം നടത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവനക്കാരെ ആക്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും യൂണിയൻ ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |