ചെങ്ങന്നൂർ: ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം ആറാം പർവത്തിന് ഇന്ന് തിരിതെളിയും.14 നാണ് സമാപനം. ഇന്ന് സത്രശാലയിൽ പ്രതിഷ്ഠിക്കുന്നതിനായി മഹാവിഷ്ണുവിന്റെ അഞ്ച് ദിവ്യ വിഗ്രഹങ്ങൾ അഭിഷേക ദ്രവ്യങ്ങൾ ,അന്ന വിഭവങ്ങൾ എന്നിവ വഹിച്ച് തൃച്ചിറ്റാറ്റ്, പുലിയൂർ, തിരുവാറന്മുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നീ ക്ഷേത്രങ്ങളിൽ നിന്നുള്ള സത്ര പ്രഘോഷ രഥയാത്രയോടുകൂടി ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് വണ്ടിമല ദേവസ്ഥാനം വടശേരിക്കാവ് ഭഗവതീ ക്ഷേത്രം വഴി തൃച്ചിറ്റാറ്റ് ക്ഷേത്രത്തിൽ എത്തിച്ചേരുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. വൈകിട്ട് 5ന് നിയുക്ത എം.എൽ.എ സജി ചെറിയാൻ സത്ര പ്രാരംഭ സഭ ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് കെ.ജയകുമാർ അദ്ധ്യക്ഷത വഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ യജ്ഞാചാര്യൻ മുംബൈ ചന്ദ്രശേഖര ശർമയുടെ മുഖ്യ കാർമ്മികത്വത്തിൽ വിവിധ പൂജകൾ നടക്കും. 9 മുതൽ 13 വരെപ്രഭാഷണ പരമ്പരയ്ക്ക് തുടക്കമാകും. കലാപരിപാടികൾക്ക് ഇന്നലെ തിരി തെളിഞ്ഞു. നങ്ങ്യാർ കൂത്ത്, കൂടിയാട്ടം, തുള്ളൽ ത്രയം , ഭജൻസ്, കഥകളി എന്നിവയുണ്ട്. വിവിധ ദിവസങ്ങളിൽ വിശേഷാൽ പൂജകളും അന്നദാനവും ഉണ്ടായിരിക്കുമെന്നും പഞ്ചാദിവ്യ വാഹകസമിതി ജനറൽ കൺവീനർ മധു.ജി.സോപാനം,ജോയിന്റ് കൺവീനർ പി.പ്രസാദ് ആതിര, കൺ വീനർമാരായ എം.ശശികുമാർ കുറുപ്പ്, സി.കെ സുബ്രഹ്മണ്യ അയ്യർ, സൗമ്യമധുസൂധനൻ ,എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |