
ചെന്നൈ: ഭൂരിപക്ഷത്തിന്റെ അനിശ്ചിതത്വം മാറി. ഗവർണർ വഴങ്ങി. ദളപതി വിജയ് തമിഴകത്തിന്റെ പുതിയ മുഖ്യമന്ത്രി. ഇന്ന് രാവിലെ 10ന് നെഹ്റു സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ.
ഇന്നലെ വൈകിട്ട് ആറരയോടെ ലോക്‌ഭവനിലെത്തിയ വിജയ് 120 എം.എൽ.എമാരുടെ പിന്തുണക്കത്ത് ഗവർണർ ആർലേക്കർക്ക് കൈമാറി. 13നകം സഭയിൽ ഭൂരിപക്ഷം തെളിയിക്കണം. ഇതു നാലാം വട്ടമാണ് വിജയ് സത്യപ്രതിജ്ഞയ്ക്ക് അനുവാദം തേടിയെത്തുന്നത്.
ഇന്നലെ രണ്ട് എം.എൽഎമാർ വീതമുള്ള വി.സി.കെയുടെയും മുസ്ലിം ലീഗിന്റെയും കത്ത് കിട്ടിയതോടെയാണ് പിന്തുണ 120 ആയത്. കേവല ഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണ മതി.
ടി.വി.കെയ്ക്ക് 107 സീറ്റാണ്. അഞ്ച് അംഗങ്ങളുള്ള കോൺഗ്രസും രണ്ടുപേർ വീതമുള്ള സി.പി.എമ്മും സി.പി.ഐയും നേരത്തേ പിന്തുണ അറിയിച്ചിരുന്നു. കോൺഗ്രസ് മാത്രമേ മന്ത്രിസഭയിൽ ചേരുന്നുള്ളൂ.
വിജയ് കേവല ഭൂരിപക്ഷം ഉറപ്പിച്ചെന്ന് അറിഞ്ഞതോടെ തമിഴ്നാട്ടിലെങ്ങും ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും പ്രവർത്തകർ തെരുവിലിറങ്ങി.
ചെറിയൊരു ട്വിസ്റ്റ്
ഇന്നലെയും
ഇന്നലെ രാത്രി 7.15ന് തിരുവനന്തപുരത്തേക്ക് മടങ്ങാൻ ഗവർണർ തീരുമാനിച്ചിരുന്നതിനാൽ വിജയ്‌യെ കാണാനാകില്ലെന്ന നിലപാടിലായിരുന്നു വൈകിട്ട് 4 വരെ ലോക്‌ഭവൻ. വീട്ടിൽ നിന്നു പുറപ്പെട്ട വിജയ് പാതിവഴിയിൽ മടങ്ങുകയും ചെയ്തു. എന്നാൽ, കുറച്ചു നേരത്തിനു ശേഷം ആർലേക്കർ യാത്ര റദ്ദാക്കി വിജയ്‌യെ ക്ഷണിച്ചു. പിന്തുണ നൽകിയ പാർട്ടി നേതാക്കൾക്കൊപ്പമാണ് വിജയ് ലോക്‌ഭവനിൽ എത്തിയത്. ഇന്ന് വൈകിട്ട് 3.15നായിരുന്നു ആദ്യം സത്യപ്രതിജ്ഞ തീരുമാനിച്ചിരുന്നത്. ഗവർണറുടെ സൗകര്യം പരിഗണിച്ചാണ് രാവിലെയാക്കിയത്.
9 മന്ത്രിമാരും ഇന്ന്
അധികാരമേൽക്കും
ടി.വി.കെ സംസ്ഥാന നേതാക്കളായ ബുസി ആനന്ദ്, ആധവ് അർജുന, നിർമ്മൽകുമാർ, സെങ്കോട്ടയ്യൻ തുടങ്ങിയവരും കോൺഗ്രസിലെ ഒരംഗവുമുൾപ്പെടെ 9 മന്ത്രിമാരും ഇന്ന് അധികാരമേൽക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |