കൊച്ചി : എയ്ഡഡ് കോളേജുകളിലെ അധിക അദ്ധ്യാപക തസ്തികയ്ക്ക് യൂണിവേഴ്സിറ്റിയുടെ അനുമതി ലഭിച്ചാലും സർക്കാരിന്റെ അംഗീകാരമില്ലാതെ ശമ്പളത്തിന് അർഹതയുണ്ടാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ മലയാള വിഭാഗം അസി. പ്രൊഫസർ ബിന്ദു ജോണിന് മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകണമെന്ന സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.
സർവകലാശാലയുടെ അനുമതി ഉണ്ടെങ്കിലും സർക്കാരിന്റെ അംഗീകാരമില്ലാതെ അധിക തസ്തികയിൽ നിയമനം നടത്താൻ കോളേജ് മാനേജ്മെന്റിന് കഴിയില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
2014 ഡിസംബർ പത്തിനാണ് മലയാളം അസി. പ്രൊഫസർ തസ്തികയിൽ ബിന്ദു ജോണിന് നിയമനം ലഭിച്ചത്. മലയാളത്തിന് കൂടുതൽ മണിക്കൂർ സമയം നിശ്ചയിച്ച് സർവകലാശാല ഉത്തരവിറക്കിയതിനെ തുടർന്നുണ്ടായ അധിക തസ്തികയിലായിരുന്നു നിയമനം. തസ്തികയ്ക്ക് സർക്കാരിന്റെ അംഗീകാരമില്ലെന്ന കാരണത്താൽ ശമ്പളം നിഷേധിച്ചു. ഇത് അന്യായമാണെന്ന് ചൂണ്ടിക്കാട്ടി ബിന്ദു ജോൺ ഹൈക്കോടതിയെ സമീപിച്ചു. തുടർന്നാണ് ശമ്പളം നൽകാൻ ഉത്തരവിട്ടത്. എന്നാൽ കേരള സർവകലാശാല നിയമത്തിലെ 57 (1) വകുപ്പ് പ്രകാരം സർക്കാരിന്റെ അംഗീകാരമില്ലാത്ത അദ്ധ്യാപക തസ്തികയിലേക്ക് ശമ്പളം നൽകാൻ സർക്കാരിന് ബാദ്ധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ അപ്പീൽ നൽകുകയായിരുന്നു.
നിലവിലുള്ളതോ സർക്കാർ അംഗീകരിച്ചതോ ആയ തസ്തികയിലാണെങ്കിൽ മാത്രമേ ശമ്പളം നൽകണമെന്ന് നിർദ്ദേശിക്കാനാവൂ എന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സർവകലാശാല അംഗീകാരം നൽകിയതു ചൂണ്ടിക്കാട്ടി അധിക തസ്തികയ്ക്ക് അനുമതി നൽകാൻ കോളേജ് മാനേജ്മെന്റ് ഒരു മാസത്തിനുള്ളിൽ സർക്കാരിന് അപേക്ഷ നൽകണം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷയിൽ സർക്കാർ മൂന്നു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും വിധിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |