തിരുവനന്തപുരം : ഹൈസ്കൂൾ ഫിസിക്കൽ സയൻസ് അദ്ധ്യാപക നിയമനത്തിന് ഫിസിക്സിലോ കെമിസ്ട്രിയിലോ ബിരുദം നേടുന്നവർ യോഗ്യരാണെന്ന് വ്യക്തമാക്കി പൊതു വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് നിരവധി ഉദ്യോഗാർത്ഥികൾക്ക് ഗുണകരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രത്യേകിച്ചും, ഹൈക്കോടതിയെയോ ട്രൈബ്യൂണലിനെയോ സമീപിക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്ത ഉദ്യോഗാർത്ഥികളെ കൂടി സഹായിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ ഉത്തരവ്.
നിയമനത്തിന് പി.എസ്.സി ഇറക്കിയ വിജ്ഞാപനത്തിൽ ഫിസിക്സിലോ കെമിസ്ട്രിയിലോ ബിരുദം നേടുന്നവർ അർഹരാണെന്ന് പറഞ്ഞിരുന്നു. അതനുസരിച്ച് പരീക്ഷ എഴുതി അഭിമുഖത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെടാനുള്ള കട്ട് ഓഫ് മാർക്കിനേക്കാൾ കൂടുതൽ മാർക്ക് ലഭിച്ച ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്തപ്പോഴാണ് നിശ്ചിത യോഗ്യത ഇല്ലെന്നു പറഞ്ഞ് പി.എസ്.സി അപേക്ഷ നിരസിച്ചത്. ഫിസിക്സ് മെയിനായി പഠിച്ചവർ കെമിസ്ട്രി ഉപവിഷയമായും , കെമിസ്ട്രി മെയിനായി പഠിച്ചവർ ഫിസിക്സ് ഉപവിഷയമായും പഠിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി.എസ്.സി അപേക്ഷ നിരസിച്ചത്. എന്നാൽ, ഉപവിഷയത്തിന്റെ കാര്യം 2016ൽ പി.എസ്.സി 227 എന്ന നമ്പരിൽ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞിട്ടേയില്ല. ഇതിനെതിരെ ഒരു വിഭാഗം ഉദ്യോഗാർത്ഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ഇവരുടെ അഭിമുഖം നടത്തി റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു. അതിനാൽ, അവർക്ക് പ്രശ്നമില്ല. എന്നാൽ, കേസിന് പോകാത്ത ഉദ്യോഗാർത്ഥികളുടെ യോഗ്യതാ സർട്ടിഫിക്കറ്റ് പി.എസ്.സി പരിഗണിച്ചില്ല. ഇവർ സർട്ടിഫിക്കറ്റ് അയച്ചപ്പോൾ 'റിജക്ടഡ്' എന്ന് അടിച്ച് നൽകി. സാമ്പത്തിക പരാധീനതയാലാണ് കേസിന് പോകാൻ കഴിയാതിരുന്നതെന്ന് കാട്ടി ഇവർ മുഖ്യമന്ത്രിക്ക് പരാതി നൽകി. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട് മുഖ്യമന്ത്രിയുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ ഒന്ന് മുഖ്യവിഷയമായാൽ മതിയെന്ന് ഉത്തരവിറക്കിയത്. ഇത് പി.എസ്.സി പരിഗണിച്ചാൽ പ്രശ്നം തീരും. എന്നാൽ, അതിന് പി.എസ്.സി തയ്യാറാകുന്നില്ല. ഒരു തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യതകളിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുവരെ മാറ്റം വരുത്താൻ പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതാണ് പി.എസ്.സി ലംഘിച്ചിരിക്കുന്നത്. 2008ൽ ഇതേ തസ്തികയിലേക്ക് പിഎസ്.സി.വിജ്ഞാപനം നടത്തിയപ്പോഴും ഉപവിഷയത്തിന്റെ പ്രശ്നം ഉയർന്നുവരുകയും സുപ്രീംകോടതി വരെ കേസ് നടക്കുകയും ചെയ്തിരുന്നു. ഉപവിഷയത്തിന്റെ പ്രശ്നം പറഞ്ഞ് ജോലി നിഷേധിക്കപ്പെട്ട 27 പേർ സുപ്രീംകോടതിയിൽ പോയി കേസ് വിജയിച്ചാണ് ജോലിക്ക് കയറിയത്. ആ വിധി 27 പേർക്ക് മാത്രം ബാധകമായിരുന്നു.ഈ സാഹചര്യത്തിൽ 2016ൽ ഇതേ തസ്തികയിലേക്ക് വീണ്ടും വിജ്ഞാപനം ഇറക്കുമ്പോൾ ഇക്കാര്യങ്ങൾ മുൻകൂട്ടി കണ്ട് വ്യക്തത വരുത്തേണ്ടതായിരുന്നു. അതിനുള്ള ജാഗ്രത പി.എസ്.സിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നതിന്റെ തെളിവാണ് പുതിയ വിജ്ഞാപനവും കേസിനും വഴക്കിനും വഴിയൊരുക്കിയത്. പൊതു വിദ്യാഭ്യാസ വകുപ്പും സമയോചിതമായി ഇക്കാര്യത്തിൽ ഇടപെടേണ്ടതായിരുന്നു. അതും ഉണ്ടായില്ല.കേസിന് പോകാത്തവരുടെ അപേക്ഷ നിരസിക്കാൻ പി.എസ്.സി ആദ്യം പറഞ്ഞ കാരണം നിശ്ചിത യോഗ്യതയില്ലെന്നതായിരുന്നു. പിന്നീട് ഇതുമാറ്റി സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ എന്നാക്കി. പിന്നീട് ഇതും മാറ്റി. ഒ.എ. 370/2012 എന്ന ഒറ്റപ്പെട്ട കേസിന്റെ അടിസ്ഥാനത്തിൽ എന്നാക്കി.
കേസിൽ കക്ഷിയായിരുന്നില്ലെന്ന ഒറ്റ കാരണം ചൂണ്ടിക്കാട്ടി ഒരു വിധി ന്യായത്തിന്റെ ആനുകൂല്യം സമാന സാഹചര്യത്തിലുള്ള മറ്റുള്ളവർക്ക് നിഷേധിക്കരുതെന്ന് സുപ്രീംകോടതി വിധിയുണ്ട്. ഇക്കാര്യങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവും പി.എസ്.സി കണക്കിലെടുത്താൽ നിരവധി ഉദ്യോഗാർത്ഥികൾക്ക് പ്രയോജനകരമാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |