ചെന്നൈ: ബി.ജെ.പിയിൽ ചേരുമെന്ന പ്രചാരണത്തിന് മറുപടിയുമായി തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനീകാന്ത് രംഗത്ത്. ബി.ജെ.പിയുടെ കെണിയിൽ വീഴില്ലെന്നും തന്നെയും തിരുവള്ളുവരെയും കാവിവത്കരിക്കാനുള്ള ശ്രമം നടക്കില്ലെന്നും രജനീകാന്ത് പറഞ്ഞു. കവി തിരുവള്ളുവർ കാവി വസ്ത്രം അണിഞ്ഞുകൊണ്ടുള്ള ചിത്രം തമിഴ്നാട് ബി.ജെ.പി പ്രചരിപ്പിച്ചതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി രജനീകാന്ത് രംഗത്തെത്തിയത്.
തിരുവള്ളുവറിനെ കാവി പൂശുന്നത് ബി.ജെ.പി അജൻഡയാണ്. ഇതൊന്നും പ്രാധാന്യമുള്ള വിഷയമായി താൻ കരുതുന്നില്ല. ചർച്ച ചെയ്യേണ്ട ഒരുപാട് വിഷയങ്ങൾ ഇപ്പോൾ ഇവിടെയുണ്ട്. ബി.ജെ.പി പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ല. തന്നെ ബി.ജെ.പിയുടെ അംഗമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും രജനീകാന്ത് പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് രജനീകാന്ത് 2017ൽ വ്യക്തമാക്കിയിരുന്നു. കൂടാതെ നോട്ടു നിരോധനം, ജമ്മു കാശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന 370ാം വകുപ്പ് റദ്ദാക്കൽ തുടങ്ങിയ കേന്ദ്ര സർക്കാർ നടപടികളെ പിന്തുണച്ചതോടെ താരം ബി.ജെ.പിയിൽ ചേരുമെന്നും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
അതേസമയം, ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ രജനീകാന്തിനെ ആദരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിക്കെതിരെ സൂപ്പർ സ്റ്റാറിന്റെ പ്രസ്താവന. ഐകൺ ഓഫ് ഗോൾഡൻ ജൂബിലി അവാർഡ് രജനിക്കു സമ്മാനിക്കുമെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ കഴിഞ്ഞ ആഴ്ച അറിയിച്ചത്. 2021 നിയമസഭ തിരഞ്ഞെടുപ്പോടെ തന്റെ രാഷ്ട്രീയപാർട്ടിയെ രജനീകാന്ത് പ്രഖ്യാപിക്കുമെന്നാണ് ആരാധകർ കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |