മുംബയ്: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ തുടരവെ ശിവസേനയെ പിന്തുണയ്ക്കുമെന്ന് സൂചന നൽകി കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ രംഗത്തെത്തി. ബി.ജെ.പിയെ പുറത്താക്കാൻ എല്ലാ വഴിയും തേടുമെന്നും നിലവിലെ സാഹചര്യം ഹെെക്കമാൻഡിനെ ധരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എൻ.ഡി.എ പിളർന്നുകഴിഞ്ഞെന്നും പുതിയ സാദ്ധ്യതകൾ ചർച്ച ചെയ്യാമെന്നും ചവാൻ പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു. തിങ്കളാഴ്ച രാത്രി എട്ടുമണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ബി.ജെ.പിയോടു നിർദ്ദേശിച്ചതിനു പിന്നാലെയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ നിയമസഭയുടെ കാലാവധി തീർന്നതിനാലും പുതിയ ബി.ജെ.പി– ശിവസേനാ സർക്കാർ രൂപീകരിക്കാനാകാത്ത സാഹചര്യത്തിലും ദേവേന്ദ്ര ഫഡ്നാവിസ് ഗവർണറെ കണ്ടു കഴിഞ്ഞദിവസം രാജിക്കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി.ജെ.പിയെ ഗവർണർ ഭഗത് സിംഗ് കോഷിയാരി സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്. ഭരണത്തെ ചൊല്ലിയുള്ള ബി.ജെ.പി– ശിവസേനാ തർക്കം രൂക്ഷമായ സാഹചര്യത്തിലാണിത്.
ഭരണത്തിൽ 50:50 അനുപാതം പാലിക്കണമെന്നും രണ്ടര വർഷം മുഖ്യമന്ത്രി പദവി പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ടു ശിവസേന രംഗത്തെത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്. തുടർന്ന് കഴിഞ്ഞ ദിവസം ദേവേന്ദ്ര ഫഡ്നാവിസ് രാജിക്കത്ത് നൽകുകയായിരുന്നു. 288 അംഗ നിയമസഭയിൽ 145 അംഗങ്ങളുടെ പിന്തുണയാണ് സർക്കാർ രൂപവത്കരണത്തിന് ആവശ്യമായിട്ടുള്ളത്. എന്നാൽ, ബി.ജെ.പിക്കുള്ളത് 105 അംഗങ്ങൾ മാത്രമാണ്.
അതേസമയം, ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതെ വന്നാൽ പ്രതിപക്ഷത്തെ ഒപ്പം കൂട്ടി സർക്കാർ രൂപവത്കരിക്കാനുള്ള നീക്കം ശിവസേന ആരംഭിച്ചിട്ടുണ്ട്. 23 എം.എൽ.എമാരുടെ പിന്തുണയാണ് ഇനി ബി.ജെ.പിക്കു വേണ്ടത്. അതേസമയം, ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിക്കുമോ എന്ന ആശങ്ക പ്രതിപക്ഷകക്ഷികൾക്കുണ്ട്. കോൺഗ്രസ് തങ്ങളുടെ എം.എൽ.എമാരിൽ ഭൂരിഭാഗം പേരെയും രാജസ്ഥാനിലെ ജയ്പൂരിലേക്ക് മാറ്റിയിട്ടുണ്ട്. ശിവസേനയും തങ്ങളുടെ എം.എൽ.എമാരെ ബാന്ദ്രയിലെ റിസോർട്ടിലേക്കും മാറ്റിയിട്ടുണ്ട്. ശിവസേന ബി.ജെ.പിയെ പേടിച്ച് എം.എൽ.എമാരെ റിസോർട്ടിൽ താമസിപ്പിച്ചിരിക്കുകയാണ്. കനത്ത പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |