ന്യൂഡൽഹി : രണ്ടാം മോദി സർക്കാർ അധികാരമേറ്റ് ആറുമാസത്തിനകം പതിറ്റാണ്ടുകളായി ബി.ജെ.പി ഉയർത്തിക്കൊണ്ടിരുന്ന രണ്ട് വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടുവെന്നതിന്റെ ആശ്വാസത്തിലാണ് പാർട്ടിയിപ്പോൾ. വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും നരേന്ദ്ര മോദി പ്രധാനമന്ത്രി കസേരയിലെത്തിയപ്പോഴും, പാർട്ടിയുടെ തലപ്പത്ത് നിന്നും അമിത് ഷാ ആഭ്യന്തരം മന്ത്രാലയത്തിലേക്ക് ആനയിക്കപ്പെട്ടപ്പോഴും സുപ്രധാനമായ നീക്കങ്ങൾ ഉണ്ടാവുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതിയിരുന്നു. അധികാരമേറ്റ് നൂറു ദിവസങ്ങൾ തികയും മുൻപേ ആഗസ്റ്റ് 5നു ജമ്മുകാശ്മീരിന് ഭരണഘടന കൽപ്പിച്ചു നൽകിയ സവിശേഷാധികാരങ്ങളടങ്ങിയ ആർട്ടിക്കിൾ 370 പിൻവലിച്ചാണ് ബി.ജെ.പി ആദ്യ വാഗ്ദാനം പാലിച്ചത്. കർശന സുരക്ഷ നടപടികൾ ജമ്മുവിൽ കൈക്കൊണ്ട ശേഷമാണ് അമിത് ഷാ ഇതു സംബന്ധിച്ച ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. രാജ്യത്തിനകത്തു നിന്നും അയൽ രാജ്യത്തുനിന്നും കടുത്ത എതിർപ്പുയർന്നിട്ടും കാശ്മീരിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് സർക്കാർ തയ്യാറായിട്ടില്ല.
രണ്ട് എം.പിമാരിൽ നിന്നും ബി.ജെ.പി ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച സംഭവമായിരുന്നു അയോദ്ധ്യയിലെ രാമക്ഷേത്രം നിർമ്മിക്കുമെന്ന വാഗ്ദാനം. ആർ.എസ്.എസിനും സംഘപരിവാർ പ്രസ്ഥാനങ്ങളുടെയും രാമക്ഷേത്രമെന്ന ആവശ്യം ബി.ജെ.പി ഊതിക്കാച്ചി രാഷ്ട്രീയ ആയുധമാക്കി എക്കാലവും ഉപയോഗിച്ചു. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ സർക്കാർ അധികാരങ്ങൾ പരിമിതപ്പെടുത്തേണ്ടി വന്നതിനാൽ രാമക്ഷേത്ര നിർമ്മാണം തിരഞ്ഞെടുപ്പ് വാഗ്ദാനമായി മാത്രം അവശേഷിക്കുകയായിരുന്നു ഇത്രയും നാൾ. എന്നാൽ നൂറ്റാണ്ടുകളായുള്ള തർക്കം തീർത്ത് അയോദ്ധ്യാ കേസിൽ സുപ്രീംകോടതി ചരിത്രപരമായ വിധി കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയായിരുന്നു. തർക്ക ഭൂമിയിൽ ഹിന്ദുക്കൾക്ക് രാമക്ഷേത്രം നിർമ്മിക്കാം. കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിനാവും ഇതിന്റെ നിർമ്മാണ ചുമതല. അതേസമയം ബാബ്റി പള്ളി കർസേവകർ തകർത്തത് ഗുരുതരമായ നിയമലംഘനമെന്ന് നിരീക്ഷിച്ച കോടതി നഷ്ടപരിഹാരമായി അയോദ്ധ്യയിൽ തന്നെ പ്രധാന സ്ഥലത്ത് പള്ളി നിർമ്മിക്കാൻ സുന്നി വഖഫ് ബോർഡിന് 5 ഏക്കർ സ്ഥലം നൽകാനും ഉത്തരവിട്ടു. മോദിസർക്കാരിന്റെ കാലാവധി പൂർത്തിയാകും മുൻപേ അയോദ്ധ്യയിൽ പാർട്ടി നൽകിയിരുന്ന വാഗ്ദാനങ്ങൾ മറ്റു തടസങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ പാലിക്കപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണ്.
ബി.ജെ.പിയുടെ എക്കാലത്തെ ഹൈലൈറ്റ് വാഗ്ദാനങ്ങളായ ആർട്ടിക്കിൾ 370 നിർത്തലാക്കലും, രാമക്ഷേത്ര നിർമ്മാണവും തീരുമാനമായതോടെ ഇനി എന്ത് എന്ന ചോദ്യം ഉയർന്നിരിക്കുകയാണ്. എല്ലാവർക്കും തുല്യ നീതി എന്ന മുദ്രാവാക്യവുമായി യൂണിഫോം സിവിൽകോഡ് രാജ്യത്ത് നടപ്പിലാക്കന്ന നടപടിയാണോ അടുത്ത ലക്ഷ്യമെന്ന ചോദ്യം ഇതിനോടകം ഉയർന്നിട്ടുണ്ട്. ഈ സംശയത്തിൻ മേലുള്ള നിവാരണത്തിനായി കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ കണ്ട മാദ്ധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞത് ആഗയ സമയ് ( സമയം ആയി ) എന്നാണ്. ഏകീകൃത നിയമ സംവിധാനം ഏർപ്പെടുത്തേണ്ടതിനെ കുറിച്ചുള്ള പരാതി വരുന്ന തിങ്കളാഴ്ച ഡൽഹി ഹൈക്കോടതി പരിഗണിക്കുകയും ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |