ന്യൂഡൽഹി: ബി.ജെ.പി വിരുദ്ധ സർക്കാരിന്റെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് മഹാരാഷ്ട്രയിലെ കോൺഗ്രസ് എം.എൽ.എമാർ കത്തയച്ചു. പാർട്ടിയുടെ 40 എം.എൽ.എമാരാണ് സോണിയക്ക് കത്തയച്ചത്. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനായി ഡൽഹിയിൽ ചർച്ചകൾ നടക്കുകയാണ്. കോൺഗ്രസിനെ അനുനയിപ്പിക്കാൻ ശിവസേനയും ഒരുഭാഗത്തുണ്ട്. പാർട്ടി നേതാവ് സഞ്ജയ് റാവത്ത് സോണിയയുമായും എൻ.സി.പി നേതാവ് ശരദ് പവാറുമായും ചർച്ച നടത്തും. കോൺഗ്രസ് പ്രവർത്തക സമിതിയിലെ മുതിർന്ന നേതാക്കളും യോഗത്തിനെത്തിയിട്ടുണ്ട്. ബി.ജെ.പി കോർ കമ്മിറ്റി യോഗം ഇന്ന് മുംബയിൽ ദേവേന്ദ്ര ഫഡ്നാവിസിന്റെ വസതിയിൽ വച്ചാണ് നടക്കുന്നത്.
അതേസമയം, മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നത് അവരുടെ അഹങ്കാരം കാരണമാണെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. മഹാരാഷ്ട്രയിൽ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ബി.ജെ.പി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ രൂപീകരിക്കാൻ ശിവസേനയെ പിന്തുണയ്ക്കണോ, പിന്തുണച്ചാൽ തന്നെ സർക്കാറിന്റെ ഭാഗമാവണോ, സ്‌പീക്കർ പദവി ഏറ്റെടുക്കണോ തുടങ്ങിയ സുപ്രധാന തീരുമാനങ്ങൾ കോൺഗ്രസ് വർക്കിംഗ്കമ്മറ്റി യോഗത്തിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മഹാരാഷ്ട്രയിൽ ശിവസേനാ നേതൃത്വത്തിൽ ഭരണം വരണമെങ്കിൽ കോൺഗ്രസ് പിന്തുണ അനിവാര്യമായിരിക്കേ എന്തു നിലപാടാണ് കോൺഗ്രസ് നേതൃത്വം കൈക്കൊള്ളുക എന്നാണ് ഇനി അറിയേണ്ടത്. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്തു നിർത്താനാണെങ്കിൽ പോലും വർഗീയ നിലപാടുകളുള്ള ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ അഭിപ്രായ വ്യത്യാസമുണ്ട്. സംസ്ഥാന നേതൃത്വം ഒന്നടങ്കം ശിവസേനയെ പിന്തുണയ്ക്കണെ എന്നാവശ്യപ്പെടുമ്പോൾ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇക്കാര്യത്തിൽ ആശങ്കയുണ്ട്.
ഒന്നുകിൽ ശിവസേനയെ പിന്തുണയ്ക്കാതിരിക്കുക അല്ലെങ്കിൽ പുറത്തു നിന്ന് പിന്തുണയ്ക്കുക എന്നതാണ് കോൺഗ്രസിന് മുന്നിലുള്ള പോംവഴി. അതേ സമയം പിന്തുണയ്ക്കുകയാണെങ്കിൽ തന്നെ ശിവസേന -എൻ.സി. പി മന്ത്രിസഭയിൽ ചേരാനുള്ള സാദ്ധ്യത വിരളമാണ്. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ തീവ്രശ്രമമാണ് ശിവസേന തുടരുന്നത്. സർക്കാരുണ്ടാക്കാനില്ലെന്ന് ബി.ജെ.പി ഗവർണ്ണറെ അറിയിച്ചതിന് പിന്നാലെ സഭയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാ ശിവസേനയെ ഇന്നലെ ഗവർണ്ണർ ഭാഗത് സിംഗ് കോഷിയാരി സർക്കാർരൂപീകരിക്കാൻ ക്ഷണിച്ചിരുന്നു.
ശിവസേന സർക്കാർ രൂപീകരിച്ചാൽ ആര് മുഖ്യമന്ത്രിയാകും എന്നതിനെപ്പറ്റി മഹാരാഷ്‌ട്രയിൽ ചൂടുപിടിച്ച ചർച്ചകളാണ് നടക്കുന്നത്. താക്കറെ കുടുംബത്തിൽ നിന്ന് ആദിത്യ താക്കറെ മുഖ്യമന്ത്രി കസേരയിലേക്ക് എത്താനാണ് കൂടുതൽ സാദ്ധ്യത. സേനാ തലവൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി ആയാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് പറയുന്നവരുമുണ്ട്. സർക്കാരുകളെ നിയന്ത്രിക്കുമ്പോഴും അധികാര കസേരയിൽ നിന്നും എന്നും മാറി നിന്നിട്ടുളള ചരിത്രമാണ് ശിവസേനയ്‌ക്കുളളത്. ഇത്തവണയും അങ്ങനെയൊരു തീരുമാനത്തിലേക്ക് സേന കടന്നാൽ താക്കറെ കുടുംബത്തിന്റെ വിശ്വസ്തനും നിയമസഭാ കക്ഷി നേതാവുമായ ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയാകാനാണ് സാധ്യത. മുൻ മന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന രാംദാസ് കഥമും പരിഗണനാ പട്ടികയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |