ന്യൂഡൽഹി: ഹോസ്റ്റൽ ഫീസ് അഞ്ച് ഇരട്ടിയോളം വർദ്ധിപ്പിച്ചതിനെതിരെ ജെ.എൻ.യുവിലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതോടെ കാമ്പസും പരിസരവും യുദ്ധക്കളമായി. ഇന്നലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാലും പങ്കെടുത്ത ബിരുദദാന ചടങ്ങിനിടെയാണ് പ്രതിഷേധം കനത്തത്. രാവിലെ ചടങ്ങ് നടക്കുന്നിടത്തേക്ക് അഞ്ഞൂറോളം വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തുകയും രമേഷ് പൊഖ്രിയാലിനെ തടയുകയും ചെയ്തു.
വൻ പൊലീസ് സന്നാഹത്തെ കൂടാതെ അർദ്ധസൈനികരും സമരക്കാരെ നേരിടാനായി സർവകലാശാലയിൽ എത്തി.ഇതോടെ പൊലീസ് ബാരിക്കേഡ് ഉയർത്തി. ഇത് മറികടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾക്ക് നേരെ ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്കും മാദ്ധ്യമപ്രവർത്തകർക്കും പരിക്കേറ്റു. ചില വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ചിതറിയോടിയ വിദ്യാർത്ഥികൾ സർവകലാശാലയുടെ പ്രധാന ഗേറ്റിന് മുന്നിലെ റോഡിൽ കുത്തിയിരുന്നു. വൈസ് ചാൻസലറെ കണ്ടു ചർച്ച നടത്തണമെന്ന ആവശ്യം പൊലീസ് അംഗീകരിച്ചില്ല. ഇതിനിടെ വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച അദ്ധ്യാപകരും കാമ്പസിൽ പ്രതിഷേധിച്ചു. പ്രതിഷേധം കനത്തതോടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കാമ്പസിന് പുറത്തെത്തിച്ചെങ്കിലും കേന്ദ്രമന്ത്രി കാമ്പസിൽ കുടുങ്ങി. മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹത്തെ പുറത്തെത്തിച്ചത്. വൈകിട്ട് ആറരയോടെ വിദ്യാർത്ഥികൾ റോഡിലുള്ള പ്രതിഷേധം അവസാനിപ്പിച്ച് കാമ്പസിനുള്ളിൽ പ്രതിഷേധം തുടരുകയാണ്.
വിദ്യാർത്ഥികളുടെ വാദം
300 ശതമാനത്തോളം ഫീസ് വർദ്ധനയാണ് വരുത്തിയതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. എന്നാൽ കോളേജ് അധികൃതർ ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾ പറയുന്നു.
സാമ്പത്തികമായി പിന്നാക്കമ നിൽക്കുന്ന 40 ശതമാനത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന കാമ്പസിൽ
ഫീസ് വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് യൂണിയൻ പ്രതിനിധികൾ അറിയിച്ചു.
അതേസമയം വിദ്യാർത്ഥി സമരങ്ങൾ അക്കാഡമിക് പ്രവർത്തനങ്ങളെ ബാധിച്ചുവെന്നും വിദ്യാർത്ഥികളുടെ പഠനം തടസപ്പെടുത്തുന്നതാണ് സമരമെന്നും സർവകലാശാല അധികൃതർ പറഞ്ഞു.
കഴിഞ്ഞ 15 ദിവസമായി ജെ.എൻ.യു വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ എ.ബി.വി.പി ഒഴികെയുള്ള വിദ്യാർത്ഥി സംഘടനകൾ സമരത്തിലായിരുന്നു.
സമരം എന്തിന്?
1. ഹോസ്റ്റൽ ഫീസ് 20 രൂപയിൽ നിന്ന് അറുനൂറും (സിംഗിൾ), 10 രൂപയിൽ നിന്ന് മുന്നൂറും (ഡബിൾ) ആക്കി
2. മെസ് ഫീസ് 5,500 നിന്ന് 12,000 ആക്കി. ഇതിന് പുറമേ വെള്ളം, വൈദ്യുതി എന്നിവയ്‌ക്ക് 1700 രൂപ അധികമായി നൽകണം.
3. ഹോസ്റ്റലിൽ നിന്ന് 11 മണിക്ക് ശേഷം പുറത്തിറങ്ങരുതെന്ന് നിബന്ധന
4. ഹോസ്റ്റലിൽ ഡ്രസ്കോഡ് നിർബന്ധമാക്കി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |