അമരാവതി: ആന്ധ്രാപ്രദേശിൽ സംസ്ഥാനത്തെ എല്ലാ സർക്കാർ സ്കൂളുകളും ഇംഗ്ലിഷ് മീഡിയമാക്കാനുള്ള തീരുമാനത്തെ വിമർശിച്ച മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി രംഗത്തെത്തി. അനധികൃത കെട്ടിടങ്ങൾ പൊളിച്ചടുക്കുന്ന തീരുമാനത്തിന് പിന്നാലെ സർക്കാർ കൈകൊണ്ട തീരുമാനവും പ്രതിപക്ഷം വിമർശിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ സർക്കാർ സ്കൂളുകളും ഇംഗ്ലീഷ് മീഡിയമാക്കാനുള്ള തീരുമാനത്തെ ചന്ദ്രബാബു നായിഡു ശക്തമായി എതിർത്തിരുന്നു. ഇതിന് ജഗൻ നൽകിയ മറുപടി ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചിരിക്കുകയാണ്. ‘ചന്ദ്രബാബു ഗാരു, നിങ്ങളുടെ മക്കളും കൊച്ചുമക്കളും സ്കൂളിൽ ഏതു മീഡിയത്തിലാണ് പഠിച്ചത്?’എന്നായിരുന്നു ജഗന്റെ ചോദ്യം.
സർക്കാർ തീരുമാനത്തെ എതിർത്ത ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനോടും ജനസേന പാർട്ടി അദ്ധ്യക്ഷൻ പവൻ കല്യാണിനോടും ജഗൻ മോഹൻ ഇതേ ചോദ്യം ആവർത്തിച്ചു. ജഗന്റെ തിരുമാനത്തിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. ഇന്നത്തെ ലോകത്തിൽ മുന്നേറണമെങ്കിൽ ഇംഗ്ലിഷ് അത്യാവശ്യമാണ്. ഇക്കാരണത്താലാണ് കുട്ടികൾ ഇംഗ്ലിഷ് മീഡിയത്തിൽ പഠിക്കണമെന്ന തീരുമാനം താനെടുത്തതെന്നും ജഗൻ വ്യക്തമാക്കി.
അടുത്ത വർഷം മുതൽ ഒന്നുമുതൽ ആറുവരെ എല്ലാ സർക്കാർ സ്കൂളുകളിലും പഠനമാധ്യമം ഇംഗ്ലീഷായിരിക്കുമെന്നാണ് സർക്കാർ തീരുമാനം. തെലുങ്കും ഉറുദുവും എല്ലാ സ്കൂളുകളിലും നിർബന്ധിത പാഠ്യഭാഷകളായിരിക്കും. 33 ശതമാനമുള്ള ആന്ധ്രയിലെ സാക്ഷരതാ നിരക്ക് ഉയർത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ സർക്കാർ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |