ആലത്തൂർ സ്വദേശിയും ചിത്രകാരനുമായ പ്രണവിനോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ ഇടപഴകുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയയിൽ വൈറലായത്. മുഖ്യമന്ത്രി തന്നെയാണ് 'രാവിലെ നിയമസഭയിലെ ഓഫീസിൽ എത്തിയപ്പോൾ ഹൃദയസ്പർശിയായ ഒരു അനുഭവം ഉണ്ടായി' എന്ന വാചകത്തോടെ തുടങ്ങുന്ന കുറിപ്പ് ജനങ്ങളുമായി പങ്കുവച്ചത്. കുറിപ്പിനൊപ്പം ഇരുകൈകളും ഇല്ലാത്ത പ്രണയവിനൊപ്പമുള്ള ചിത്രങ്ങളും മുഖ്യമന്ത്രി നൽകിയിരുന്നു. തനിക്ക് ആകുന്ന വിധം പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സമർപ്പിക്കുന്നതിന് വേണ്ടിയാണ് ബി.കോം ബിരുദധാരി കൂടിയായ പ്രണവ് മുഖ്യമന്ത്രിയുടെ മുന്നിലേക്ക് എത്തുന്നത്. ഈ സംഭാവന പ്രണവ് അദ്ദേഹത്തിന് തന്റെ കാൽ കൊണ്ട് സമർപിക്കുന്നതിന്റെയും അതേ കാൽ കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് 'ഹസ്തദാനം' നൽകുന്നതിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
പ്രണവിനൊപ്പം ഏറെ നേരം സംസാരിച്ച ശേഷമാണ് യുവാവിനെ താൻ യാത്രയാക്കിയതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു. ഈ പോസ്റ്റ് ശ്രദ്ധയിൽ പെട്ട 'ദർബാർ' സംവിധായകൻ എ.ആർ മുരുഗദോസ് കേരള മുഖ്യമന്ത്രിയെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തുകയായിരുന്നു. 'ഇത് എന്തൊരു മനുഷ്യൻ' എന്നർത്ഥം വരുന്ന 'വാട്ട് എ മാൻ' എന്നാണ് തമിഴ് സിനിമാ സംവിധായകനായ മുരുഗദോസ് പ്രണവിന്റെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം അഭിനന്ദനസൂചകമായ 'ക്ലാപ്പ്', 'ബൊക്കെ' ഇമോജികളും അദ്ദേഹം നൽകിയിട്ടുണ്ട്. സൂപ്പർ സ്റ്റാർ രജനീകാന്ത് നായകനാകുന്ന 'ദർബാർ' ആണ് മുരുഗദോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം. മുരുഗദോസിന്റെ ഗജിനി, ഏഴാം അറിവ് എന്നീ ചിത്രങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നു.
What a Man 👏👏👏💐 https://t.co/J3QIGcjak9
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |