
സമാധാനത്തിന്റെ സ്വരലയം
മനുഷ്യ സംസ്കാരത്തിന്റെ ചിത്ര കംബളത്തിൽ ഇന്ത്യയെപ്പോലെ നാനാത്വത്തിൽ ഏകത്വം ഉൾക്കൊള്ളുന്ന രാജ്യങ്ങൾ ചുരുക്കമാണ്. വിവിധ മതങ്ങളും ഭാഷകളും സംസ്കാരങ്ങളും സഹസ്രാബ്ദങ്ങളായി സഹവർത്തിത്വത്തിൽ കഴിയുന്നവരാണ് ഇന്ത്യയിലെ 140 കോടി ജനങ്ങൾ. പൗരാണിക വേദങ്ങളിലെ മന്ത്രങ്ങൾ തൊട്ട് സൗമ്യമായ ബുദ്ധിസം വരെയും ഇസ്ലാമിലെ സൂഫിസവും സിക്കു മതത്തിലെ ഭക്തിയുടെ വഴിയും കരുണാർദ്രമായ ക്രൈസ്തവ ജൈനമതസാരങ്ങളും ഒക്കെ കൂടിച്ചേരുന്ന ബഹുസ്വരതയുടെ സ്ഥലരാശിയാണ് ഇന്ത്യ. സമ്പന്നമായ ഈ പാരമ്പര്യം കേവലം ചരിത്രപരമായ ഒരടിക്കുറിപ്പല്ല. മറിച്ച് ഇന്ത്യയുടെ സ്വത്വത്തിന്റെ ജൈവിക യാഥാർത്ഥ്യമാണ്. യു.എ.ഇ,സൗദി അറേബ്യ,ഖത്തർ തുടങ്ങിയ മദ്ധ്യപർവദേശത്ത് ജീവിതായോധനം നടത്തുന്നവർക്ക് അവർ താമസിക്കുന്ന പ്രദേശങ്ങളും അവരുടെ യഥാർത്ഥ വേരുകളുമായി ബന്ധം സ്ഥാപിക്കാനുള്ള പാലം കൂടിയാണ് നമ്മുടെ രാജ്യത്തിന്റെ ഈ സാംസ്കാരികപ്പെരുമ. ആഗോള തലത്തിൽ പരസ്പരബന്ധിതമായ ഇന്നത്തെ കാലത്ത് മത മൈത്രി ഊട്ടിയുറപ്പിച്ചും മതങ്ങൾക്കിടയിൽ സംവാദസാദ്ധ്യതകൾ വർദ്ധിപ്പിച്ചും സമധാനം ഉണ്ടാക്കാനും ഇത് സഹായകമാണ്. വ്യത്യസ്തതകളെ പുൽകുന്നതിലാണ് യഥാർത്ഥ ശക്തി കുടികൊള്ളുന്നത് എന്ന വസ്തുതയും ഇത് ഓർമപ്പെടുത്തുന്നു. മതമൈത്രി ഊട്ടിയുറപ്പിക്കുന്നതിൽ ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത വിവിധ മതങ്ങൾ തമ്മിലുള്ള സംവാദങ്ങളിൽ പ്രകടമാണ്. എടുത്തു പറയേണ്ട ഉദാഹരണം ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച അന്താരാഷ്ട്ര തലത്തിലുള്ള മത മൈത്രി ആചരണമാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ മതനേതാക്കളും സാമുദായിക ഗ്രൂപ്പുകളും പരസ്പരമുള്ള തെറ്റിദ്ധാരണകൾ മാറ്റാനും മൂല്യവിചാരങ്ങൾ പങ്കുവയ്ക്കാനും ശ്രമിക്കുന്നുണ്ടെന്നതാണ്. ഡൽഹിയിലും മുംബൈയിലുമൊക്കെ വിവിധ മത-സാമുദായിക സംഘടനകളും ഗ്രൂപ്പുകളും ശില്പശാലകളും സെമിനാറുകളുമൊക്കെ നടത്തി ഇത്തരം യോജിപ്പിന്റെ സാദ്ധ്യതകൾ കണ്ടെത്തുന്നുണ്ട്. സംഗീതവും കലയും കഥപറച്ചിലുമൊക്കെ ഉപയോഗപ്പെടുത്തിയാണ് യുവാക്കൾ ഇത്തരം ആശയങ്ങൾ പങ്കുവയ്ക്കുന്നത്. മഹാത്മാഗാന്ധിയുടെ സർവ ധർമ സംഭവ എന്ന ആശയത്തിൽ ആകൃഷ്ടരായിട്ടാണ് എല്ലാ മതങ്ങളെയും ബഹുമാനിക്കാനുള്ള അവസ്ഥയിലേക്കെത്തുന്നത്. കുംഭമേള പോലുള്ള കൂട്ടായ്മകൾ ഇതിനുദാഹരണമാണ്. കുംഭമേള പ്രാഥമികമായും ഒരു ഹൈന്ദവ ഒത്തുചേരലാണെങ്കിലും വ്യതസ്ത വിഭാഗത്തിൽപ്പെട്ടവർ ഇവിടം സന്ദർശിക്കാറുണ്ട്. അതുപോലെ ആഗാഖാൻ ഫൗണ്ടേഷന്റെ സംരംഭങ്ങളും സമാന സ്വഭാവത്തിൽ സാംസ്കാരിക പാരമ്പര്യം പങ്കുവയ്ക്കുകയും രാജ്യത്തിന്റെ മതസഹിഷ്ണുത സംരക്ഷിക്കുകയും ചെയ്യുന്നതിനുതകുന്ന തരത്തിലാണ് പ്രവർത്തിച്ചു വരുന്നത്. ഇതെല്ലാം സഹിഷ്ണുതയെന്ന വലിയ സങ്കല്പത്തിന് അടിവരയിടുന്നുണ്ട്. വിഭജന യുക്തികൾക്കപ്പുറം, പരസ്പര ബഹുമാനവും പങ്കുവയ്ക്കലുമാണ് സമൂഹ പുരോഗതിക്ക് അടിസ്ഥാനം എന്ന കാര്യവും നമ്മെ ബോധ്യപ്പെടുത്തുന്നു.
മദ്ധ്യപൂർവദേശത്തെ ഇന്ത്യക്കാർ ഇക്കാര്യത്തിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. ഇന്ത്യൻ ബഹുസ്വരതയുടെ അംബാസഡർമാരാണ് അവർ. പ്രവാസി ഇന്ത്യക്കാർ സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവങ്ങൾ ഇത്തരം മതസൗഹാർദ്ദത്തിന്റെ അരങ്ങുകളായി മാറാറുണ്ട്. ഉദാഹരണത്തിന്, ഗൾഫിൽ സംഘടിപ്പിക്കുന്ന ദീപാവലി ആഘോഷങ്ങളിൽ അയൽപക്കത്തുള്ള മുസ്ലീം -ക്രൈസ്തവ സഹോദരരെ ക്ഷണിക്കാറുണ്ട്. ഒരുമിച്ച് സദ്യ കഴിച്ചും ആഘോഷത്തിൽ പങ്കെടുത്തും അവർ ഹിന്ദു പാരമ്പര്യം പങ്കുവയ്ക്കുകയാണ്. ഇരുട്ടിനു മേൽ പ്രകാശം ചൊരിയുന്ന ഐക്യത്തിന്റെ ദൃഷ്ടാന്തമാണിത്. സാമുദായികസംഘടനകളും സാംസ്കാരിക പ്രസ്ഥാനങ്ങളും വെൽഫെയർ സംഘടനകളുമെല്ലാം ചേർന്നാണ് ഒരുമയുടേയും ഐക്യത്തിന്റെയും ചിത്രം രചിക്കുന്നത്. പ്രാദേശിക സമുദായങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും ഇതു സഹായകമാകുന്നുണ്ട്. ഈദുൽഫിത്തറും ക്രിസ്മസും ഹോളിയും നവരാത്രിയും ഒപ്പം ആലോഷിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇത് മതമൈത്രിക്ക് ഏറ്റവും നല്ല തെളിവാണ്. ഇത് ഇന്ത്യക്കാർക്കിടയിലെ ഐക്യം ശക്തിപെടുത്തുക മാത്രമല്ല, മദ്ധ്യപൂർവദേശത്ത് വികസിച്ചു വരുന്ന ഉൾക്കൊള്ളലിന്റെ സ്വഭാവത്തിനു മുതൽക്കൂട്ടാവുകയും ചെയ്യുന്നുണ്ട്. ഇത് ആത്യന്തികമായി ഇന്ത്യക്കാരെ സഹവർത്തിത്വത്തിന്റെ അനുകരണീയ മാതൃകയായി കാണാനും സഹായിക്കുന്നുണ്ട്.
എന്നാൽപ്പോലും, ഒരു സമൂഹവും വെല്ലുവിളികളിൽ നിന്നു മുക്തമല്ല. ചില തീവ്രവാദ ഗ്രൂപ്പുകളുടെ പിടിമുറുക്കം ഇന്ത്യക്കും ഭീഷണി ഉയർത്താറുണ്ട്. സങ്കുചിത പ്രത്യയശാസ്ത്രങ്ങളിൽ വീണു പോകുന്നവരാണ് ഇക്കൂട്ടർ. പലപ്പോഴും ഒറ്റപ്പെട്ട പ്രശ്നങ്ങൾ സൃഷ്ടിച്ച് സമാധാനാന്തരീക്ഷം തകർക്കാൻ ഇവർ ശ്രമിക്കാറുണ്ട്. ഇത്തരക്കാരുടെ പ്രവർത്തനങ്ങളെ മാദ്ധ്യമങ്ങൾ ഊതിപ്പെരുപ്പിക്കാറുണ്ട് എന്നല്ലാതെ, അതൊന്നും ദൂരിപക്ഷം ജനതയുടെയും ആശയങ്ങൾ പ്രതിഫലിപ്പിക്കുന്നതല്ല. എന്നാൽ ഇതു കണക്കിലെടുക്കാതെ പോകുന്നത് സമൂഹത്തിൽ നല്ല മൂല്യങ്ങൾ ഇല്ലാതാക്കുന്നതിലാകും ചെന്നെത്തുക. ഇത്തരക്കാർക്ക് നമ്മുടെ മനസ്സിൽ ഒരു സ്ഥാനവും നൽകാൻ പാടില്ല. ഇത്തരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരെ അവഗണിച്ച് ക്രിയാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുകയെന്നതാണ് നമുക്ക് പുരോഗതിയിലേക്കു പോകാനുള്ള മാർഗം.
2026ന്റെ പടിവാതിൽക്കൽ
നാം 2026ന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ സഹവർത്തിത്വം ഊട്ടിയുറപ്പിക്കുന്നതിനെപ്പറ്റി അതിശയോക്തി കലർത്തി പറയേണ്ടതില്ല. വർദ്ധിച്ചു വരുന്ന നഗരവത്കരണവും സാങ്കേതിക പുരോഗതിയും കാലാവസ്ഥാ വ്യതിയാനം പോലുള്ള ആഗോളവെല്ലുവിളികളും യോജിച്ച പ്രതിരോധങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഇത്തരുണത്തിൽ മതങ്ങളും വിശ്വാസങ്ങളും തമ്മിലുള്ള സഹിഷ്ണുതയും സഹവർത്തിത്വവും പുരോഗതിക്കുള്ള ആധാരശിലകളാണ്. മതമൈത്രിക്കുവേണ്ടിയുള്ള ദേശീയ ഫൗണ്ടേഷനുള്ള ഗവൺമെന്റ് നയങ്ങൾക്കൊപ്പം പൗരസമൂഹത്തിന്റെ പ്രചാരവേലകൾകൂടിയാകുമ്പോൾ സാമൂഹ്യമായ ബന്ധങ്ങൾ ദൃഢപ്പെടുത്താൻ കഴിയും. വിദ്യാഭ്യാസ പരിഷ്കാരത്തെപ്പറ്റിയുള്ള ചർച്ചകളും സാമൂഹ്യമായ സമാധാന ശ്രമങ്ങളും ബഹുസ്വരത ശക്തിപ്പെടുത്താനുള്ള കോർപറേറ്റ് ശ്രമങ്ങളും ഒക്കെ മതമൈത്രി ശക്തിപ്പെടുത്തുന്നതിൽ വലിയ സംഭാവനകൾ നൽകും. ഈ ശ്രമങ്ങളിൽ തങ്ങൾക്കു കഴിയുന്ന സംഭാവനകൾ നൽകുകയെന്നതാണ് ഇന്ത്യയിലെ ജനങ്ങൾ ചെയ്യേണ്ടത്. ഇന്ത്യയിലെ സന്നദ്ധ സംഘടനകൾക്കും ഇതിൽ നേരിട്ടും അല്ലാതെയും പങ്കാളികളാകാൻ കഴിയും. 2026 അടുക്കുമ്പോൾ രാജ്യത്തെ ഓരോ പൗരനും മതത്തിനും വിശ്വാസത്തിനും അനീതമായി ഇതിൽ പങ്കുവഹിക്കാനാവും. ചുരുക്കത്തിൽ ഇന്ത്യയുടെ നാനാത്വത്തിലെ ഏകത്വം നിതാന്തമായ പ്രചോദനത്തിന്റെ വഴിയാണ്, പ്രത്യേകിച്ച് ബഹുസ്വരത സജീവമായ മദ്ധ്യപൂർവദേശത്ത്. ഈ മതസഹിഷ്ണുത ആഘോഷിക്കുക വഴി നാം മാനവികത പങ്കുവയ്ക്കുകയും അതു വഴി കൂടുതൽ സ്വഛന്ദമധുരമായ ലോക സൃഷ്ടിക്ക് വഴിയൊരുക്കുകയുമായിരിക്കും ചെയ്യുക. ഏതായാലും 2026 സമൂഹത്തിന്റെ എല്ലാ മേഖലകളിലും നിന്ന് കൂടുതൽ സുന്ദരമായ ഒരു ഇന്ത്യക്കു വേണ്ടി, സമാധാനത്തിന്റെ സ്വരലയത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |