ഇടുക്കി: ശിശുദിനം പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മരിച്ച സുദിനമാണെന്ന് പ്രസംഗിച്ചതിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി എം.എം മണി രംഗത്തെത്തി. അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കട്ടപ്പനയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രസംഗിക്കവെയാണ് മന്ത്രിക്ക് ഗുരുതര പിഴവ് സംഭവിച്ചത്. തുടർന്ന് ഫേസ്ബുക്കിലൂടെയാണ് തന്റെ നാക്കുപിഴയിൽ മന്ത്രി ഖേദംപ്രകടിപ്പിച്ചത്.
"ഞാൻ ഇന്നലെ(14/11/2019 ) കട്ടപ്പനയിൽ സഹകരണ വാരാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവേ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആദരണീയനായ നെഹ്റുവിന്റെ ജന്മദിന ആശംസകൾ അർപ്പിച്ചപ്പോൾ വന്നപ്പോൾ ഉണ്ടായ പിഴവിൽ അതിയായ ഖേദം പ്രകടിപ്പിക്കുന്നു"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം ശിശുദിനത്തിൽ സംഘടിപ്പിച്ചത് പരാമർശിച്ചായിരുന്നു മണിയുടെ പ്രസംഗം. "നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അന്തരിച്ച ഒരു സുദിനമാണിന്ന്. അതുകൊണ്ടു തന്നെ ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിൽ അതിനെ മുന്നോട്ടു നയിക്കുന്നതിൽ നല്ല പങ്കു വഹിച്ച ആദരണീയനായ മുൻ പ്രധാനമന്ത്രി ദീർഘനാൾ ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന് എതിരെ പോരാടി ദീർഘനാൾ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ നമ്മെ നയിച്ച പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ നമ്മൾ ഈ മഹാസമ്മേളനം തുടങ്ങാം എന്നാണ് ഞാൻ ഈ അവസരത്തിൽ നിങ്ങളെ ഓർമപ്പെടുത്തുന്നു'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |