ന്യൂഡൽഹി: ഡൽഹിയിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ പുതിയ തന്ത്രങ്ങൾ പയറ്റാനൊരുങ്ങി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ലോക്‌സഭ തിരഞ്ഞെടുപ്പിലെ പരാജയം മറികടക്കാൻ മോദിയുടെ ഭരണ പരിഷ്കാരങ്ങൾ കെജ്‌രിവാൾ പിന്തുടരുന്നുണ്ട്. അതേസമയം ബി.ജെ.പിയുടെ അഭിമാന പ്രശ്നമായാണ് ഡൽഹിയിലെ തിരഞ്ഞെടുപ്പിനെ പാർട്ടി കാണുന്നത്. കോൺഗ്രസും ശക്തമായി തിരിച്ചുവരാനാണ് ഈ തിരഞ്ഞെടുപ്പിലൂടെ ശ്രമിക്കുക.
കോൺഗ്രസിനെ പരാജയപ്പെടുത്തിയാണ് ആംആദ്മി ഡൽഹിയിൽ അധികാരത്തിലെത്തിയത്. 2015ൽ കോൺഗ്രസിനെ അട്ടിമറിക്കുന്ന പ്രകടനമാണ് കെജ്‌രിവാൾ കാഴ്ചവച്ചത്. എന്നാൽ ഈ തിരഞ്ഞടുപ്പ് കെജ്‌രിവാളിനും കൂട്ടർക്കും എളുപ്പമാകില്ല. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് ജനകീയ പരിഷ്കാരങ്ങളാണ് കെജ്‌രിവാൾ ഡൽഹിയിൽ കൊണ്ടുവരുന്നത്. സ്ത്രീ ശാക്തീകരണം പോലുള്ള പരിഷ്കാരങ്ങൾ ഉയർത്തിക്കാട്ടിയാണ് നരേന്ദ്രമോദി അധികാരത്തിലെത്തിയത്. സ്ത്രീ ശാക്തീകരണം തിരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ വലിയ രീതിയിൽ ഉയർത്തിക്കാട്ടിയിരുന്നു. പാചക വാതകത്തിന് സബ്‌സിഡി അനുവദിച്ചതും അതുമായി ബന്ധപ്പെട്ട പരസ്യം രാജ്യത്തെ അറുപതിനായിരത്തോളം പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിരുന്നു.
മുഖ്യമന്ത്രി കെജ്‌രിവാൾ സ്ത്രീ ശാക്തീകരണത്തിന്റെ ആദ്യ ഘട്ടമെന്നോണം സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചിരിക്കുകയാണ്. മോദി സർക്കാർ സൗജന്യ കക്കൂസ്, സൗജന്യ മെഡിക്കൽ ഇൻഷുറൻസ് എന്നിവയടക്കമാണ് നൽകുന്നതെങ്കിൽ അരവിന്ദ് കെജ്‌രിവാൾ സൗജന്യ വൈദ്യുതിയും സൗജന്യ ബസ് യാത്രയും സൗജന്യ മെട്രോ യാത്രയും നൽകുന്നു. മറ്റൊരു തരത്തിൽ ഡൽഹിയിലെ മോദിയായി മാറാനാണ് അരവിന്ദ് കെജ്‌രിവാളിന്റെ ശ്രമം. എന്നാൽ മോദിയുടെ വികസനനേട്ടങ്ങൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പിയുടെ ശ്രമം. മാത്രമല്ല 7 ലോക്‌സഭാ സീറ്റുകളും നേടിയ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |