ന്യൂഡൽഹി: സുപ്രീം കോടതിയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇന്ന് രാവിലെ 9.30 ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. 2021 ഏപ്രിൽ 23വരെ ബോബ്ഡെയ്ക്ക് കാലാവധിയുണ്ട്. ഇന്നലെയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വിരമിച്ചത്.
#WATCH Delhi: Justice Sharad Arvind Bobde takes oath as the 47th Chief Justice of India. He succeeds Justice Ranjan Gogoi. pic.twitter.com/Spb5Eys5KS
— ANI (@ANI) November 18, 2019
മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിയായ ബോബ്ഡെ നാഗ്പൂർ സർവകലാശാലയിൽ നിന്നാണ് നിയമബിരുദമെടുത്തത്. 1978ൽ മഹാരാഷ്ട്ര ബാർ കൗൺസിലിൽ എൻറോൾ ചെയ്തു. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിൽ 21 വർഷം അഭിഭാഷകനായിരുന്നു. 2000 മാർച്ച് 29ന് ബോംബെ ഹൈക്കോടതി അഡിഷണൽ ജഡ്‌ജിയായി ചുമതലയേറ്റു. 2012 ഒക്ടോബർ 16നാണ് മദ്ധ്യപ്രദേശ് ഹൈക്കോടതി ചീഫ്ജസ്റ്റിസായി ബോബ്ഡെ ചുമതലയേറ്റത്. 2013 ഏപ്രിൽ 12ന് സുപ്രീം കോടതി ജഡ്ജിയായ അദ്ദേഹം, അയോദ്ധ്യ കേസിൽ സുപ്രധാന വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിൽ അംഗമായിരുന്നു.
അതേസമയം, ശബരിമലയിലെ യുവതി പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന ഹർജികളും മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഏഴ് ഭരണഘടനാപ്രശ്നങ്ങൾ പരിശോധിക്കാൻ വിശാലബെഞ്ച് രൂപീകരിക്കലുമാണ് ബോബ്ഡെയ്ക്ക് മുന്നിലുള്ള പ്രധാന കേസുകളിൽ ഒന്ന്. അയോദ്ധ്യ വിധിക്കെതിരെ മുസ്‌ലിം വ്യക്തിനിയമബോർഡ് റിവ്യൂ ഹർജി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതും പ്രധാനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |