ന്യൂഡൽഹി : ശ്രീലങ്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചരണം തുടങ്ങുമ്പോൾ തന്നെ ലോക മാദ്ധ്യമങ്ങളിലെ സ്ഥാനാർത്ഥി ഗോതാബയ രാജപക്‌സെയെയോ എതിർ സ്ഥാനാർത്ഥിയായ സജിത് പ്രേമദാസയെയോ ആയിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം ഇന്ത്യയ്‌ക്കോ ചൈനയ്‌ക്കോ അനുകൂലം എന്ന തരത്തിലായിരുന്നു ചർച്ച നടന്നിരുന്നത്. പുരാണങ്ങളിൽ മാത്രമല്ല മരതക ദ്വീപ് എന്നറിയപ്പെടുന്ന ഇന്ത്യയ്ക്ക് പ്രിയപ്പെട്ടതാവുന്നത്. ഇന്ത്യൻ മഹാ സമുദ്രത്തിൽ തന്ത്രപ്രധാനമായ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ശ്രീലങ്കയുടെ ഓരോ നീക്കവും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്. ശ്രീലങ്കയിൽ ആഭ്യന്തര യുദ്ധമെന്ന അഗ്നിയിൽ എണ്ണ പകർന്നതും, അണയ്ക്കാൻ ഒരുമ്പെട്ടതുമടക്കം കുഞ്ഞു ദ്വീപിലെ രാഷ്ട്രീയ ഭരണകാര്യങ്ങളിൽ ഇന്ത്യയ്ക്കുള്ള താത്പര്യം വിളിച്ചറിയിക്കുന്നു. രക്തരൂക്ഷിതമായ ആഭ്യന്തര യുദ്ധം അവസാനിച്ച ശേഷം ചൈനയുടെ സാന്നിദ്ധ്യം ശ്രീലങ്കയിൽ വർദ്ധിക്കുന്നത് ഇന്ത്യയെ ഏറെ അലോസരപ്പെടുത്തുന്നുണ്ട്.
എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ തമിഴ് പുലികളെ യുദ്ധത്തിൽ തകർത്ത മുൻ പ്രതിരോധ സെക്രട്ടറിയും മുൻ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ ഇളയ സഹോദരനുമായ നന്ദസേന ഗോതാബയ രാജപക്‌സെ വ്യക്തമായ മേൽക്കൈയ്യോടെ ശ്രീലങ്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ശ്രീലങ്കയുടെ പ്രസിഡന്റായി അദ്ദേഹം ഇന്ന് അധികാരമേൽക്കുകയും ചെയ്യും.
ചൈനയുടെ ജയം ഇന്ത്യയ്ക്ക് ആശങ്ക
നയതന്ത്ര ലോകത്ത് ഗോതാബയയുടെ വിജയം ചൈനയുടെ വിജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇത് വ്യക്തമാവണമെങ്കിൽ ചൈനീസ് മാദ്ധ്യമങ്ങൾ ഈ തിരഞ്ഞെടുപ്പ് ഫലത്തെ റിപ്പോർട്ട് ചെയ്തിരിക്കുന്ന രീതി വിശകലനം ചെയ്യണം. തങ്ങളുടെ ഉറ്റ സുഹൃത്തായ മഹിന്ദ രാജപക്‌സെയുടെ സഹോദരൻ വിജയിച്ചു എന്ന മട്ടിലുള്ള തലക്കെട്ടുകളാണ് ഗോതാബയയുടെ വിജയത്തിന് നൽകിയിരിക്കുന്നത്. അതേസമയം ശ്രീലങ്കയിലെ തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടു പിന്നാലെ ജനാധിപത്യ മര്യാദയോടെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന് ആശംസ അർപ്പിച്ച് ഇന്ത്യയിലേക്ക് ക്ഷണിക്കുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തത്. മോദിയുടെ ക്ഷണത്തെ സ്വാഗതം ചെയ്ത് ഗോതാബയും രംഗത്തെത്തിയിട്ടുണ്ട്.
ഗോതാബയയും സഹോദരൻ മഹിന്ദ രാജപക്‌സെയും ചൈനയോട് ആഭിമുഖ്യം പുലർത്തുന്നതിൽ ഇന്ത്യയ്ക്കുള്ള ആശങ്ക ഇതിനോടകം തന്നെ വ്യക്തമാണ്. മഹിന്ദ രാജപക്‌സെയുടെ പത്ത് വർഷത്തെ (2005 2015) ഭരണകാലത്ത് ചൈന ശ്രീലങ്കയിൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഗോതാബയയുടെ വിജയത്തോടെ ചൈനാബന്ധം കൂടുതൽ ദൃഢമാകും. ഇന്ത്യയെ തള്ളി ചൈനയോട് അടുത്ത മഹിന്ദ രാജപക്‌സെയ്‌ക്കെതിരിരെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനവികാരം തിരിച്ചു വിടുന്നതിൽ ഇന്ത്യയ്ക്ക് പങ്കുള്ളതായി മഹിന്ദ രാജപക്‌സെ ആരോപിച്ചിരുന്നു. പ്രതിപക്ഷത്തെ ദുർബലരായ ചെറുകക്ഷികളെ ഒന്നിപ്പിച്ചു നിർത്തി രാജപക്‌സെക്കെതിരെ പോരാടാൻ ഇന്ത്യൻ രഹസ്യ ഏജൻസി അഹോരാത്രം ശ്രീലങ്കയിൽ പ്രവർത്തിച്ചുവെന്നും ആരോപണമുണ്ടായിരുന്നു.
ചൈനയുമായുള്ള സാമ്പത്തിക ഇടപാടുകളിലൂടെ കടക്കെണിയിലായ ചരിത്രമാണ് ശ്രീലങ്കയ്ക്കുള്ളത്. കൊളംബോ തുറമുഖം, ഹമ്പൻടോട്ട തുറമുഖം ദേശീയപാതകൾ തുടങ്ങി നിരവധി പദ്ധതികൾ നടപ്പിലാക്കിയത് ചൈനയുടെ സാമ്പത്തിക സഹായത്തോടെയായിരുന്നു. എന്നാൽ ഹമ്പൻടോട്ട തുറമുഖം നിർമിച്ച ശേഷം കടംവീട്ടാൻ മാർഗമില്ലാത്തതിനാൽ ചൈനീസ് കമ്പനിക്ക് തന്നെ പാട്ടത്തിന് നൽകിയിരിക്കുകയാണ്. ഇത്തരം പ്രവർത്തികൾ സുരക്ഷാ ഭീഷണിയായി ഇന്ത്യ കണക്കാക്കുന്നു. ചൈനീസ് അന്തർ വാഹിനികൾ ശ്രീലങ്കൻ തുറമുഖങ്ങളിൽ നങ്കൂരമിട്ട ചിത്രങ്ങൾ പുറത്തുവന്നിട്ടുമുണ്ട്.
ഗോതാബയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ രാജപക്‌സെ കുടുംബവുമായുള്ള ബന്ധമുപയോഗിച്ച് ഇന്ത്യൻ മഹാസമുദ്രത്തിലും അറേബ്യൻ കടലിലും ചൈനീസ് നാവികസേന കടന്നുകയറി ഇന്ത്യയ്ക്ക് ഭീക്ഷണി ഉയർത്തുമോയെന്ന് പ്രതിരോധ വിദഗ്ദധർ സംശയിക്കുന്നുണ്ട്.
മാറിയ ഇന്ത്യൻ മുഖം
മഹിന്ദ രാജപക്‌സെയുടെ കാലത്തെ ഇന്ത്യയല്ല ഇപ്പോഴുള്ളതെന്ന തിരിച്ചറിവ് സഹോദരന് തീർച്ചയായും ഉണ്ടാവും. രാജ്യതാത്പര്യം കാത്തുസൂക്ഷിക്കുവാൻ വ്യാപാര ബന്ധങ്ങളിൽ പോലും ഇടപെടലുകൾ നിർബാധം നടക്കുന്നുണ്ട്. അടുത്തിടെ പാക് അനുകൂല നിലപാടെടുത്ത തുർക്കിയും മലേഷ്യയും ഇന്ത്യയുടെ ഈ മാറിയ മുഖത്തിന്റെ ഫലം അനുഭവിച്ചിട്ടുമുണ്ട്. കഴിഞ്ഞ ഈസ്റ്റർ ദിനത്തിലടക്കം ശ്രീലങ്കയിൽ സംഭവിച്ച തീവ്രവാദ ആക്രമണങ്ങളുടെ വിശദ വിവരങ്ങൾ, ചാവേർ തീവ്രവാദികളുടെ പേരുകൾ സഹിതം ഇന്ത്യ കൈമാറിയിരുന്നു. എന്നിട്ടും വൻ അപകടം തടയുന്നതിൽ അവിടത്തെ സർക്കാർ പരാജയപ്പെടുകയായിരുന്നു.
ഇതുകൂടാതെ ശ്രീലങ്കയുടെ വിനോദസഞ്ചാര വരുമാനത്തിന്റെ സിംഹഭാഗവും ഇന്ത്യയിൽ നിന്നാണ് . കഴിഞ്ഞ വർഷം നാലുലക്ഷം ഇന്ത്യാക്കാരാണ് ശ്രീലങ്ക സന്ദർശിച്ചത്. ഇന്ത്യയിലെയും ശ്രീലങ്കയിലെയും ബുദ്ധമതകേന്ദ്രങ്ങൾ ബന്ധപ്പെടുത്തി സഞ്ചാരികളെ ആകർഷിച്ച്, വിദേശവരുമാനത്തോടൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള നടപടികൾ ആസൂത്രണം ചെയ്താൽ ഇരുരാജ്യങ്ങൾക്കും പ്രയോജനപ്പെടും.
ഇന്ത്യയെ മറന്നു ചൈനയെ പുൽകിയ സഹോദരന് സംഭവിച്ച പരാജയം ഓർമ്മയുണ്ടെങ്കിൽ നന്ദസേന ഗോതാബയ രാജപക്‌സെ അയൽ രാജ്യത്തെ പിണക്കില്ല. പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഗോതാബയയുടെ ആദ്യ യാത്ര ഇന്ത്യയിലേക്കോ ചൈനയിലേക്കോ എന്നറിയാനുള്ള ആകാംക്ഷയിലാണ് നയതന്ത്രലോകം ഇപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |