സുന്ദരിയായ യക്ഷിയെ പ്രതീക്ഷിച്ച് ആകാശഗംഗ 2 കണ്ടവരെല്ലാം ഭീകരരൂപിയായ പ്രേതത്തെ കണ്ട് ഞെട്ടിത്തരിച്ചു. മേക്കപ്പിന് ശേഷം തന്റെ രൂപം കണ്ണാടിയിൽ കണ്ടപ്പോൾ പ്രേതമായി അഭിനയിച്ച ശരണ്യ ആനന്ദിനും അതേ ഞെട്ടലായിരുന്നു. ആകാശഗംഗയുടെ ആദ്യഭാഗത്തിൽ മയൂരി അവതരിപ്പിച്ച ഗംഗയെ പോലൊരു കഥാപാത്രം ചെയ്യാൻ ആവേശപൂർവം എത്തിയതാണ് ശരണ്യ. എന്നാൽ വെള്ളസാരിയും നീണ്ട തലമുടിയുമുള്ള സുന്ദരിയായ യക്ഷിക്ക് പകരം ശരണ്യയെ കാത്തിരുന്നത് കത്തിക്കരിഞ്ഞ പ്രേതരൂപം. ആകാശഗംഗ 2ന് വേണ്ടി നേരിടേണ്ടി വന്ന വെല്ലുവിളികളെല്ലാം അതിജീവിച്ച് അഭിനയം എന്ന പാഷനെ മുറകെ പിടിച്ച ശരണ്യയുടെ അനുഭവങ്ങളിലൂടെ...
ആഗ്രഹിച്ച ആകാശഗംഗ
ആകാശഗംഗ 2ന്റെ ഓഡഷിനു വേണ്ടിയുള്ള പോസ്റ്റുകൾ കുറേതവണ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു. എനിക്കാണെങ്കിൽ ഹൊറർ സിനിമകൾ ഇഷ്ടമാണ്. പിന്നെ വിനയൻ സാറിനെ പോലൊരു സംവിധായകന്റെ സിനിമ. ഈ അവസരം എനിക്ക് കിട്ടിയെങ്കിൽ എന്ന് മനസിലെവിടെയോ ആഗ്രഹിച്ചു. മുമ്പ് ചില സിനിമകളിൽ അഭിനയിച്ചിട്ടുള്ളതു കാരണം അഭിനേതാക്കളെ കാസ്റ്റ് ചെയ്യാൻ സഹായിക്കുന്നവരിൽ നിന്ന് വിനയൻ സാർ എന്റെ ഫോട്ടോകൾ കണ്ടിരുന്നു. അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും ചെയ്തു. ഉടൻ തന്നെ ആകാശഗംഗയുടെ അണിയറ പ്രവർത്തകർ എന്നെ വിളിച്ച് വിനയൻ സാറിനെ ചെന്നു കാണണം എന്ന് പറഞ്ഞു. മനസിൽ ആഗ്രഹിച്ച അവസരം എന്നെത്തേടി വന്നപ്പോൾ അദ്ഭുതപ്പെട്ടു പോയി.
സാറിനെ കണ്ടപ്പോഴേക്കും പ്രധാന നായികയെ തീരുമാനിച്ചു കഴിഞ്ഞിരുന്നു. 'ഇനിയുള്ളത് ഗംഗ എന്ന കഥാപാത്രമാണ്. ഒരുപ്രേതത്തിന്റെ വേഷമാണ്, ചെയ്യാമോ' എന്ന് അദ്ദേഹം ചോദിച്ചു. ആകാശഗംഗയുടെ ആദ്യഭാഗത്ത് മയൂരി അവതരിപ്പിച്ച ഗംഗയാണ് മനസിലേക്കെത്തിയത്. 'സാർ ഒന്നും നോക്കണ്ട. എനിക്ക് സാറിന്റെ കൂടെ ജോലി ചെയ്താൽ മാത്രം മതി. എന്റെ മനസിലുള്ള കഥാപാത്രമാണ് സാർ പറഞ്ഞത്, എന്നായിരുന്നു എന്റെ മറുപടി.' വിനയൻ സാർ അതിന്റെ റിസ്‌ക് എലമെന്റുകൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. ആദ്യഭാഗത്തിൽ ഗംഗ കത്തിക്കരിയുന്നതായാണ് കാണിച്ചത്. അതിനാൽ ആകാശഗംഗ 2ൽ കത്തിക്കരിഞ്ഞ ഒരു ജഡമായിട്ടാണ് അവളുടെ വരവ്. ഇതുകാരണം വേറൊരു ആർട്ടിസ്റ്റ് ഈ വേഷത്തിൽ നിന്ന് പിന്മാറി,' അദ്ദേഹം പറഞ്ഞു. പക്ഷേ, ഞാൻ തീരുമാനത്തിൽ ഉറച്ചു നിന്നു. അപ്പോഴും എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഊഹിക്കാൻ പോലും കഴിഞ്ഞില്ല. എന്തൊക്കെ വെല്ലുവിളികളുണ്ടായാലും പടം തീരുന്നതു വരെ ഉണ്ടാവുമെന്ന് വിനയൻ സാറിന് ഉറപ്പ് കൊടുത്തു.
കാത്തിരുന്ന കഷ്ടപ്പാടുകൾ
പിന്നെ ഷൂട്ടിംഗ് ലൊക്കേഷനിലേക്കാണ് ചെല്ലുന്നത്. സാറിനെ കണ്ടു. 'എന്നാൽ അഭിനയിച്ച് തുടങ്ങാം അല്ലേ. പോയി മേക്കപ്പ് ചെയ്തു വരൂ' എന്നു പറഞ്ഞു. മേക്കപ്പ് ചെയ്തത് റോഷൻ സാറാണ്. വളരെ ശ്രദ്ധിച്ചു ചെയ്യേണ്ട കാര്യമാണ്. ക്ഷമയോടെ ഇരിക്കണം എന്നദ്ദേഹം മുന്നറിയിപ്പ് പോലെ പറഞ്ഞു. ഞാൻ സംസാരമൊക്കെ നിറുത്തി ഒരു മണിക്കൂർ ക്ഷമയോടെ ഇരുന്നു. അത് രണ്ടായി, മൂന്നായി, അഞ്ചായി. ആദ്യ ദിവസം മേക്കപ്പ് തീരാൻ എട്ടു മണിക്കൂർ ഇരിക്കേണ്ടി വന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. കുറേ സ്പിരിറ്റും ഗമ്മുമെല്ലാം പുരട്ടുന്നുണ്ട്. മേക്കപ്പ് കഴിഞ്ഞ് കണ്ണാടിയിൽ മുഖം കണ്ട് ഞെട്ടിപ്പോയി. അത്രയ്ക്ക് ഭീകരരൂപം. ഞാനാണെന്ന് എനിക്ക് തന്നെ തിരിച്ചറിയാനാവുന്നില്ല. അപ്പോഴേക്കും വിനയൻ സാറിനെ വിളിച്ചു. അദ്ദേഹത്തിന് മനസിൽ ഉദ്ദേശിച്ച രൂപം കണ്ടപ്പോൾ സന്തോഷമായി. സാറിനോട് ഓക്കെ അല്ലേ എന്ന് ചോദിക്കുമ്പോഴും വീട്ടുകാരോടൊക്കെ എന്തുപറയുമെന്നാണ് ഞാൻ ആലോചിച്ചത്. ആകാശഗംഗയിൽ അഭിനയിക്കുന്നു എന്ന് പറഞ്ഞ് സന്തോഷത്തോടെ പോന്നിട്ട് അവർക്ക് പോലും തിരിച്ചറിയാൻ കഴിയില്ലല്ലോ എന്നൊക്കെയായിരുന്നു ചിന്ത.
കഷ്ടപ്പാടുകൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. തുടർന്നുള്ള എല്ലാ ദിവസം ആറു മണിക്കൂർ എടുത്താണ് മേക്കപ്പ് പൂർത്തിയാക്കിയത്. ഷൂട്ടിംഗ് കഴിഞ്ഞ് മേക്കപ്പ് ചുരണ്ടി ഇളക്കുമ്പോൾ തൊലിയും ഇളകി വരും. പിറ്റേദിവസം വീണ്ടും മേക്കപ്പ് ചെയ്യാനായി സ്പിരിറ്റ് പുരട്ടുമ്പോഴാണ് നീറ്റൽ അറിയുന്നത്. മുഖം പുകഞ്ഞു നീറും. കുറേ നേരം വെള്ളത്തിൽ മുങ്ങിക്കിടന്ന പോലെ തൊലി ചുളിയും. അപകടകരമായ വലിയ ലെൻസുകളാണ് കണ്ണിൽ ഉപയോഗിച്ചത്. ഒരു വലിയ പാത്രം എടുത്തുവച്ച പോലെ തോന്നും. അതും കണ്ണിലിട്ട് ഉറങ്ങിപ്പോയാൽ അപകടമാണ്. ലെൻസിട്ടു കഴിഞ്ഞാൽ ഇമ ചിമ്മാനല്ലാതെ ഉറങ്ങാൻ കഴിയില്ല. കരഞ്ഞാൽ പോലും കാണുന്നവർക്ക് എന്തോ ഭീകര എക്സ്പ്രഷനാണെന്നേ തോന്നൂ. ഭക്ഷണം കൃത്യമായി കഴിക്കാൻ പറ്റില്ല. മേക്കപ്പിട്ടു കഴിഞ്ഞാൽ പിന്നെ ജ്യൂസോ വെള്ളമോ മാത്രമേ കഴിക്കാൻ പറ്റൂ. ഷൂട്ടിംഗ് കഴിഞ്ഞാൽ സമാധാനമായി ഉറങ്ങാൻ പോലും പറ്റില്ല. കണ്ണടച്ചാൽ ആ ഭീകരരൂപം മുന്നിൽ വന്ന് നിൽക്കുന്നത് പോലെയാണ് തോന്നുക.
ശബ്ദവും എന്റേത്
പക്ഷേ, ഈ കഷ്ടപ്പാടൊന്നും സെറ്റിൽ ആരോടും പറഞ്ഞില്ല. ഇന്റർവ്യൂ പുറത്തുവരുമ്പോഴായിരിക്കും വിനയൻ സാർ തന്നെ അറിഞ്ഞിട്ടുണ്ടാവുക. അച്ഛനോടും അമ്മയോടും അനിയത്തിയോടും മാത്രമാണ് എല്ലാം പറഞ്ഞത്. ഇതാണ് യഥാർത്ഥ്യം എന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു. ഞാൻ സിനിമയെ സ്‌നേഹിച്ച് വന്നയാളാണ്. എല്ലാവരും ഓർത്തിരിക്കുന്ന ഒരു നടിയാവണം എന്നാണ് ആഗ്രഹം. എല്ലാ കഥാപാത്രങ്ങളും സുന്ദരമാകണം എന്ന് നിർബന്ധം പിടിക്കാൻ പറ്റില്ല. ഈ സിനിമയിൽ എന്റെ ജോലി ആളുകളെ പേടിപ്പിക്കലാണ്. എത്ര പേടിപ്പിക്കാൻ പറ്റുമോ അത്രയും മേക്കപ്പ് ചെയ്തുകൊള്ളാൻ റോഷൻ ചേട്ടനോട് പറഞ്ഞു.
സിനിമ പാതിയിൽ ഉപേക്ഷിക്കില്ല എന്നത് വിനയൻ സാറിന് കൊടുത്ത വാക്കാണ്. ഒരു യൂണിറ്റ് മുഴുവൻ എന്നെ വിശ്വസിച്ചാണ് ജോലി ചെയ്യുന്നത്. ചെയ്യുന്ന ജോലിയോട് സമർപ്പണം ഉണ്ടാവണമെന്നത് എന്റെ തീരുമാനമാണ്. എത്ര കഴിവുള്ള അഭിനേതാവാണെങ്കിലും പറഞ്ഞ വാക്ക് പാലിച്ചില്ലെങ്കിൽ ആരെങ്കിലും അടുത്ത സിനിമയിലേക്ക് വിളിക്കുമോ.വളരെ കുറച്ച് ആളുകളെ സ്വന്തം സൗന്ദര്യം നശിപ്പിച്ചുകൊണ്ട് ഒരു സിനിമയിൽ അഭിനയിക്കൂ. പ്രൊഫഷണലായി ആ കഥാപാത്രത്തെ സമീപിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. ഞാൻ തന്നെയാണ് ഈ വേഷം ചെയ്തതെന്ന് വീട്ടുകാർക്ക് ഇപ്പോഴും വിശ്വാസമായിട്ടില്ല. കാരണം ഞാൻ അത്രയ്ക്ക് പേടിയുള്ളയാളാണ്. പക്ഷേ, ഈ സിനിമയ്ക്ക് വേണ്ടി കാണാത്ത ഹൊറർ സിനിമകളില്ല. കോൺജുറിംഗ് പോലുള്ള സിനിമകൾ കണ്ട് ഭീകരരൂപികളായ പ്രേതങ്ങളുടെ നടപ്പും അലർച്ചയുമെല്ലാം മനസിലാക്കി. പ്രേതത്തിന് വേണ്ടി ഡബ്ബ് ചെയ്തതും ഞാൻ തന്നെയാണ്.
ഡാൻസറായി തുടക്കം
ഒരു സാധാരണ മലയാളി കുടുംബമാണ് എന്റേത്. ജനിച്ചതും വളർന്നതും ഗുജറാത്തിൽ. അച്ഛനും അമ്മയ്ക്കും അവിടെയായിരുന്നു ജോലി. അമ്മയുടെ സ്ഥലം ആലപ്പുഴയും അച്ഛന്റെ സ്ഥലം അടൂരുമാണ്. പത്താം ക്ലാസ് വരെ ഗുജറാത്തിലാണ് പഠിച്ചത്. മക്കൾ നാട്ടിലെ രീതിയൊക്കെ അറിയാതെ വളരുന്നതിൽ വിഷമം തോന്നിയപ്പോൾ അച്ഛനും അമ്മയും കൂടി എന്റെ പ്ലസ് ടു പഠനം നാട്ടിലാക്കാൻ തീരുമാനിച്ചു. അമ്മയുടെ തറവാട്ടിൽ നിന്ന് പ്ലസ് ടു പഠിച്ചത്. ആ സമയത്താണ് നാടിനോടും മലയാള സിനിമയോടും ഇഷ്ടം തോന്നി തുടങ്ങുന്നത്. അതിനു ശേഷം ബി.എസ് സി നഴ്സിംഗ് പഠിക്കാൻ ബാഗ്ലൂരിൽ പോയി. അപ്പോഴും സിനിമയാണ് മനസിൽ. ആഗ്രഹം വീട്ടുകാരോട് പറഞ്ഞു. പഠിക്കാൻ നാട്ടിൽ പോയ കുട്ടിക്ക് എന്തുപറ്റി എന്ന അദ്ഭുതമായിരുന്നു അവർക്ക്. ഈ മേഖലയെ കുറിച്ച് അറിയാതെ നമ്മളെന്ത് ചെയ്യും എന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്താൻ നോക്കി. ഒടുവിൽ എന്റെ നിർബന്ധം സഹിക്ക വയ്യാതെ ഒരു ഓഡിഷന് കൊണ്ട് പോയി. അവിടെ ചെന്നപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സുന്ദരിമാരായ മലയാളി പെൺകുട്ടികളുണ്ട്. എല്ലാവരും സിനിമ സ്വപ്നം കണ്ട് എത്തിയവർ. ഞാൻ കരുതും പോലെ എളുപ്പമുള്ള കാര്യമല്ല സിനിമ എന്ന് മനസിലായി. അതൊരു തിരിച്ചറിവായിരുന്നു. വീട്ടിൽ പോയി ഒരുപാട് ആലോചിച്ചു. ഒടുവിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചു. ഡാൻസിനോടുള്ള ഇഷ്ടം ചെറുപ്പം മുതലേയുണ്ട്. എങ്കിൽ പിന്നെ കൊറിയോഗ്രാഫറായാലോ എന്ന് തോന്നി. പതുക്കെ സിനിമാ ബന്ധങ്ങളുണ്ടാകുമ്പോൾ അഭിനയിക്കാനും പറ്റും. വീട്ടിൽ തീരെ താത്പര്യമുണ്ടായിരുന്നില്ലെങ്കിലും എന്റെ നിർബന്ധത്തിന് വഴങ്ങി എറണാകുളത്തെ ഒരു ഹോസ്റ്റലിലാക്കി. അസിസ്റ്റന്റ് കൊറിയോഗ്രാഫറായാണ് ആദ്യം ലൊക്കേഷനിൽ എത്തുന്നത്. സംവിധായകൻ, നായകൻ, നായിക, കാമറമാൻ. ഇത്രയും പേരാണ് എന്റെ മനസിലെ സിനിമ. അതിനു പിന്നിലെ ഒരു കൂട്ടം മനുഷ്യരുടെ അദ്ധ്വാനം മനസിലാക്കുന്നത് അപ്പോഴാണ്. ഏഴു പടങ്ങളിൽ അസിസ്റ്റന്റ് കൊറിയോഗ്രാഫറായി ജോലി ചെയ്തു.
കാത്തിരിപ്പ് നല്ല സിനിമക്കായി
കുറച്ച് സിനിമകൾ കൂടി ചെയ്തിരുന്നെങ്കിൽ എനിക്ക് സ്വതന്ത്രമായി കൊറിയോഗ്രാഫി ചെയ്യാൻ കഴിയുമായിരുന്നു. പക്ഷേ, അഭിനയമോഹം ഉപേക്ഷിക്കാൻ കഴിഞ്ഞില്ല. കൊറിയോഗ്രാഫി ചെയ്യാൻ ഇനിയും സമയമുണ്ട്. നടിയാവാൻ ഈ പ്രായത്തിലേ പറ്റൂ എന്ന് മനസു പറഞ്ഞു. അങ്ങനെ കൊറിയോഗ്രാഫി ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി. അപ്പോഴേക്കും സിനിമയിലെ പരിചയങ്ങൾ വച്ച് അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചു തുടങ്ങി. സിനിമ എന്താണെന്ന് മനസിലാക്കാൻ നൃത്തരംഗത്തെ അനുഭവങ്ങൾ സഹായിച്ചു. എന്റെ കുടുംബത്തിനും സമൂഹത്തിനും പറ്റിയ വേഷങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞതും അതുകൊണ്ടാണ്.
മേജർ രവി സാർ സംവിധാനം ചെയ്ത 1972 ബിയോണ്ട് ദ ബോർഡേഴ്സ് എന്ന സിനിമയിൽ മോഹൻലാൽ സാറിനൊപ്പം കോമ്പിനേഷൻ സീനിൽ അഭിനയിക്കാൻ കഴിഞ്ഞു. ആകാശ മിഠായി, ചാണക്യതന്ത്രം, തൻഹ, ലാഫിംഗ് അപ്പാർട്ട്‌മെന്റ്സ് ഇൻ ഗിരിനഗർ തുടങ്ങിയ സിനിമകളും പിന്നാലെ വന്നു. ഇത്രയും ആഗ്രഹിച്ച് കഷ്ടപ്പെട്ട് സിനിമയിലെത്തിയ ഒരാൾ എങ്ങനെ ഒരു കഥാപാത്രത്തെ പാതിയിൽ ഉപേക്ഷിക്കും. നല്ല സിനിമകൾക്കായുള്ള കാത്തിരിപ്പിലാണ്. സിനിമയിൽ എനിക്ക് വിശ്വാസമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |