തിരുവനന്തപുരം: ഒാഖിയും പ്രളയവും കഴിഞ്ഞ രണ്ടുവർഷങ്ങളിലെ ആഘോഷങ്ങൾ കെടുത്തിയെങ്കിലും ഇക്കുറി ക്രിസ്മസ് ഗംഭീരമായി ആഘോഷിക്കാൻ ഒരുങ്ങിയിരിക്കുകയാണ് വിപണി. ചാലയിലെയും കിഴക്കേകോട്ടയിലെയും ചെറുകിട കച്ചവടക്കാരും, മാൾ ഒഫ് ട്രാവൻകൂർ, സെൻട്രൽമാൾ, ബിഗ് ബസാർ, പോത്തീസ്, റിലയൻസ് ട്രെൻഡ്സ് തുടങ്ങി വൻകിടമാളുകളിലും ക്രിസ്മസ് വർണവൈവിദ്ധ്യങ്ങളോടെ എത്തിക്കഴിഞ്ഞു.
പേപ്പർ നക്ഷത്രങ്ങൾക്ക് പകരം എൽ.ഇ.ഡി നക്ഷത്രങ്ങൾക്കാണ് ഇത്തവണ വൻ ഡിമാൻഡ്. 20 രൂപ മുതൽ 600 വരെയാണ് നക്ഷത്രങ്ങളുടെ വില. നക്ഷത്ര വിപണിയിൽ പുലിമുരുകനും, ആദ്യരാത്രിയും ഇക്കുറി താരങ്ങളാണ്. പ്ലാസ്റ്റിക്, ഫൈബർ നക്ഷത്രങ്ങളും പുത്തൻരൂപഭാവങ്ങളോടെ വിപണിയിലുണ്ട്. വരും വർഷങ്ങളിൽ കേടുപാടുകൾ കൂടാതെ സൂക്ഷിച്ചു വയ്ക്കാനാകും എന്നതാണ് ഫൈബർ നക്ഷത്രങ്ങളെ പ്രിയങ്കരമാക്കുന്നത്. 5 രൂപ വിലയുള്ള ചെറു നക്ഷത്രങ്ങളും ഉണ്ട്. ക്രിസ്മസ് ആഘോഷങ്ങളുടെ മാറ്റ് കൂട്ടാനുള്ള ക്രിസ്മസ് ട്രീയും വിപണിയിൽ തിളങ്ങി നിൽക്കുന്നു. 20 രൂപ മുതൽ 20000 രൂപ വരെ വിലയുള്ള ട്രീകൾ വിപണിയിൽ ലഭ്യമാണ്.
ട്രീയിലും ചുവരുകളിലും ഭംഗി കൂട്ടാനായുള്ള അലങ്കാര വസ്തുക്കളും എത്തിയിട്ടുണ്ട്. ബാളുകളും ഗ്ലിറ്റർ മാല, മണി, ബൾബുകൾ, സ്റ്റിക്കർ, സീരിയൽ എൽ.ഇ.ഡി സെറ്റുകൾ തുടങ്ങിയവ ഇവയിൽ പെടുന്നു. ഡെക്കറേഷൻ ഇനങ്ങൾ 20 രൂപ മുതൽ ലഭ്യമാണ്. പ്ലാസ്റ്റർ ഒഫ് പാരീസ്, കളിമണ്ണ്, പ്ലാസ്റ്റിക് തുടങ്ങിയവ കൊണ്ട് നിർമിച്ച വിവിധയിനം പുൽക്കൂടുകളും വിപണിയിലുണ്ട്. 250 രൂപ മുതൽ തുടങ്ങുന്നു അവയുടെ വില. ക്രിസ്മസ് അപ്പൂപ്പനാകാൻ വസ്ത്രങ്ങളും, മാസ്ക്കും തൊപ്പിയും എത്തിയിട്ടുണ്ട്.150 രൂപ മുതൽ വെൽവെറ്റ് കൊണ്ടുള്ള 1200 രൂപ വരെ വിലയുള്ള വസ്ത്രങ്ങളുമുണ്ട്. 10 രൂപ വിലയുള്ള മാസ്ക്കും തൊപ്പിയും വ്യാപകമായി നിരത്തിലുണ്ട്. ക്രിസ്മസ് ആഘോഷങ്ങൾക്ക് മധുരമേകാനുള്ള വ്യത്യസ്തമായ കേക്കുകളും തരംഗമായിരിക്കുകയാണ്.
ചോക്കോ ട്രഫിൾ, ചോക്ലേറ്റ് ട്രഫ്ളെ, വാഞ്ചോ, ചോക്കോ ചിപ്, റെഡ് വെൽവെറ്റ്, മാങ്കോ ഗാത്തോ... ഇങ്ങനെ പോകുന്നു ക്രിസ്മസ് വിപണിയിലെ കേക്കുകൾ. കിലോയ്ക്ക് 500 രൂപ മുതൽ 1500 രൂപവരെയാണ് ഇവയുടെ വില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |