തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തിയാകേണ്ട കാലാവധി നാളെ അവസാനിക്കുകയാണ്. സർക്കാരും അദാനി തുറമുഖ നിർമ്മാണ കമ്പനിയും നാലു വർഷം മുമ്പ് ഒപ്പിട്ട കരാർ പ്രകാരം ആദ്യഘട്ടം പൂർത്തിയാക്കി കപ്പലടുപ്പിക്കേണ്ട ദിവസം പിന്നിടുമ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല.
കരിങ്കല്ല് ക്ഷാമവും കടൽക്ഷോഭവും മോശം കാലാവസ്ഥയും പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട സമരങ്ങളും കാരണമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടുപോയത്. ഇതു കണക്കിലെടുത്ത് ഒരു വർഷം കൂടി നീട്ടി 2020 ഡിസംബറിൽ ഒന്നാംഘട്ട നിർമ്മാണം പൂർത്തിയാക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. വരുന്ന ഏപ്രിലോടെ നിർമ്മാണ പ്രവർത്തനങ്ങൾ മുഴുവൻ വേഗത്തിലാക്കുമെന്നും ഇതിനായി ഡ്രഡ്ജറുകളും ബാർജുകളുമടക്കമുള്ള കൂടുതൽ യന്ത്ര സന്നാഹങ്ങൾ ഉടൻ പദ്ധതിപ്രദേശത്ത് എത്തുമെന്നും അദാനി ഗ്രൂപ്പ് സി.ഇ.ഒ രാജേഷ് ഝാ പറഞ്ഞു.
അദാനി ചോദിച്ചത് 16 മാസം, സർക്കാർ അനുവദിച്ചത് 10
പാറക്ഷാമം കാരണമുള്ള പ്രതിസന്ധി ബോദ്ധ്യപ്പെട്ടതോടെ നിർമ്മാണത്തിനായി അദാനി ഗ്രൂപ്പിന് കൂടുതൽ സമയം നൽകാൻ കഴിഞ്ഞ മേയ് മാസത്തിൽ സർക്കാർ തീരുമാനിച്ചിരുന്നു.
16 മാസമാണ് അദാനി അധികം ചോദിച്ചിരുന്നത്. എന്നാൽ ഡിസംബറിൽ പൂർത്തിയാകേണ്ട ഒന്നാം ഘട്ടം തീർക്കുന്നതിന് 10 മാസത്തെ സാവകാശമാണ് ഉന്നതതല സമിതി ചേർന്ന് സർക്കാർ അനുവദിച്ചത്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗികമായ തീരുമാനം ഇതുവരെ ലഭ്യമായിട്ടുമില്ല. ഈ സാഹചര്യത്തിൽ സർക്കാരിനെ വീണ്ടും സമീപിക്കാനാണ് അദാനിയുടെ തീരുമാനം. നിർമ്മാണം തുടങ്ങി നാലു വർഷത്തിനകം ആദ്യഘട്ടം പൂർത്തിയാക്കിയില്ലെങ്കിൽ സർക്കാരിന് നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥയിലും അദാനി ഗ്രൂപ്പ് ഇളവ് പ്രതീക്ഷിക്കുന്നുണ്ട്. ആദ്യഘട്ട നിർമ്മാണം 2015-19 കാലയളവിലും, രണ്ടാം ഘട്ടം 2024-27ലും മൂന്നാം ഘട്ടം 2034-37ലും പൂർത്തിയാക്കണമെന്നാണ് കരാറിലുള്ളത്.
എങ്ങുമെത്താതെ പുലിമുട്ട് നിർമ്മാണം
പാറക്ഷാമമാണ് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ ഏറ്റവുമധികം ബാധിച്ചത്. 2015 ആഗസ്റ്റിൽ കരാറൊപ്പിടുകയും ഡിസംബറിൽ ജോലികൾ തുടങ്ങുകയും ചെയ്ത തുറമുഖ നിർമ്മാണ പ്രവർത്തനങ്ങളുടെ ഒരു ഘട്ടത്തിൽ പോലും ആവശ്യത്തിന് പാറ ലഭിച്ചില്ല. തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണം, തൂത്തുക്കുടി, നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളിലെയും കേരളത്തിൽ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെയും വിവിധ ക്വാറികളിൽ നിന്ന് പാറയെത്തിക്കാൻ ധാരണയായെങ്കിലും പാരിസ്ഥിതിക അനുമതി പ്രശ്നങ്ങൾ, ക്വാറി ഉടമകളുമായി കല്ലിന്റെ ചെലവിനെ ചൊല്ലിയുള്ള പ്രശ്നങ്ങൾ, 2018ലെയും 2019ലെയും പ്രളയങ്ങൾ, കടൽമാർഗം കൊണ്ടുവരാനുള്ള ചെലവ് തുടങ്ങി വിവിധ കാരണങ്ങളാൽ പാറയുടെ വരവ് മുടങ്ങി. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര, ബാലരാമപുരം പ്രദേശങ്ങളിലെ ക്വാറികളിൽ നിന്നു മാത്രമാണ് ഇക്കാലയളവിൽ ചെറിയ അളവിലെങ്കിലും മുടങ്ങാതെ പാറ എത്തിയത്. ഇടയ്ക്ക് ഗുജറാത്തിൽ നിന്നും പാറ കടൽമാർഗം പാറ എത്തി.
ആകെ 3.1 കിലോമീറ്റർ നീളത്തിലാണ് തുറമുഖത്തിന്റെ നട്ടെല്ലായ പുലിമുട്ട് (ബ്രേക്ക് വാട്ടർ) നിർമ്മിക്കേണ്ടത്. ഇതിന്റെ 20 ശതമാനം പോലും പൂർത്തിയായിട്ടില്ല. 600 മീറ്റർ നീളത്തിലാണ് നിലവിൽ പുലിമുട്ടിനായി കല്ലുകളിട്ടിട്ടുള്ളത്. പുലിമുട്ടിന് 70 ലക്ഷം ടണ്ണും പൈലിംഗ് പൂർത്തിയായ ബെർത്തിന്റെ നിർമ്മാണത്തിന് 10 ലക്ഷം ടണ്ണും പാറയാണ് വേണ്ടത്. പ്രതിദിനം 10,000 ടൺ കല്ലെങ്കിലും വേണം. ഇപ്പോൾ 3000 ടൺ മാത്രമാണ് എത്തുന്നത്. കിളിമാനൂരിലെ ക്വാറികളിൽ നിന്ന് മുതലപ്പൊഴി വഴി കടൽമാർഗം കല്ലുകളെത്തിക്കാനുള്ള നടപടി പൂർത്തിയായിട്ടുണ്ട്. ഇതിനായി മുംബയിൽ നിന്ന് സീ സ്റ്റാർ അമ്പാ വണ്ണെ എന്ന ടഗ് കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് എത്തിയിരുന്നു.
ഏപ്രിലോടെ മറ്റു ജില്ലകളിൽ നിന്നടക്കം പാറ എത്തുമെന്നാണ് അദാനി നിർമ്മാണ വിഭാഗം പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 21 ക്വാറികൾക്ക് പാറ പൊട്ടിക്കുന്നതിനാണ് അദാനി ഗ്രൂപ്പ് അനുമതി തേടിയിട്ടുള്ളത്. ഇതിൽ ആദ്യഘട്ടത്തിൽ ഒരു ക്വാറിക്കുള്ള ലൈസൻസേ കിട്ടിയിട്ടുള്ളൂ. തുറമുഖ വകുപ്പ് ഇടപെട്ട് മറ്റുള്ളവയ്ക്ക് പ്രത്യേക അനുമതി നൽകിയെങ്കിലും പ്രവർത്തനം പൂർണമായി തുടങ്ങാനായിട്ടില്ല.
പുലിമുട്ടിന്റെ രൂപരേഖ മാറിയേക്കും
3.1 കിലോമീറ്ററിലുള്ള പുലിമുട്ടിന്റെ നീളം കൂട്ടാനും നിലവിലുള്ള രൂപരേഖയിൽ മാറ്റം വരുത്താനും ആലോചനയുണ്ട്. പുലിമുട്ടിന്റെ നിർമ്മാണത്തെ തുടർന്ന് വിഴിഞ്ഞം മീൻപിടിത്ത തുറമുഖത്ത് തിരയടി കൂടിയതും മത്സ്യബന്ധന യാനങ്ങൾ അപകടത്തിൽ പെടുന്നതും പതിവായതോടെയാണ് രൂപരേഖയിൽ മാറ്റം വരുത്താൻ ആലോചിക്കുന്നത്. ഒരു കിലോമീറ്റർ പൂർത്തിയാകുമ്പോൾ പുലിമുട്ട് ഇടത്തോട്ട് വളഞ്ഞ് പോകുന്ന തരത്തിലാണ് നിർമ്മാണം. ഇത് മാറ്റാനാണ് പുലിമുട്ടിന് നീളം കൂട്ടുന്നത്. നിർദ്ദിഷ്ട രീതിയിൽ പുലിമുട്ടിന്റെ നിർമ്മാണം പൂർത്തിയാക്കിയാൽ അത് സമീപതീരങ്ങളിലെ തിരയടിയുടെ തോത് കൂട്ടുമെന്നും മത്സ്യബന്ധനത്തെയും ഉപജീവനത്തെയും ബാധിക്കുമെന്നുമാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇക്കാര്യത്തിൽ അനുഭാവപൂർവമായ നടപടികൾ കൈക്കൊള്ളണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ അദാനി ഗ്രൂപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
പൈലിംഗും മറ്റു ജോലികളും
ബെർത്ത് നിർമ്മാണത്തിന്റെ പൈലിംഗ് കഴിഞ്ഞ ജനുവരിയോടെ പൂർത്തിയായി. ആകെ 615 പൈലുകളാണുള്ളത്. ഇതിനൊപ്പം ബെർത്ത് സംരക്ഷണത്തിനായി സ്ലോപ് പ്രൊട്ടക്‌ഷൻ രീതിയിൽ കരിങ്കല്ലുകൾ അടുക്കിയിട്ടുണ്ട്. പുലിമുട്ടിന് കല്ലിട്ട ഭാഗങ്ങളിൽ പുലിമുട്ട് സംരക്ഷിക്കാനായി അക്രോപോഡുകളും കടലിൽ നിക്ഷേപിച്ചു. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്കായി കോട്ടപ്പുറം കരിമ്പള്ളിക്കരയിൽ ആധുനിക മത്സ്യബന്ധന തുറമുഖത്തിന്റെ ജോലികളും ഉടൻ തുടങ്ങും. കണ്ടെയ്‌നർ, കാർഗോ യാർഡ്, വൈദ്യുത സബ് സ്‌റ്റേഷൻ നിർമ്മാണം, ബാലരാമപുരം വിഴിഞ്ഞം തുറമുഖ ഭൂഗർഭ റെയിൽപാത രൂപരേഖ തയ്യാറാക്കൽ എന്നിവയും പുരോഗമിക്കുന്നു.
ഒന്നാം ഘട്ടം
തുറമുഖ ആഫീസ്, തുറമുഖ റോഡ്, കണ്ടെയ്നർ യാർഡ്, ടെർമിനൽ നിർമാണം, ആധുനിക മത്സ്യബന്ധന തുറമുഖം, സേനാ വിഭാഗത്തിനുള്ള സജ്ജീകരണങ്ങൾ
രണ്ടാം ഘട്ടം
700 മീറ്ററിൽ തുറമുഖം വികസിപ്പിക്കൽ
മൂന്നാം ഘട്ടം
ബ്രേക്ക് വാട്ടർ നിർമാണം രണ്ടാം ഘട്ടം, തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, അനുബന്ധ പ്രദേശങ്ങളിലെ വികസന പദ്ധതികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |