കൊച്ചി: റിസർവ് ബാങ്കിന്റെ നടപ്പുവർഷത്തെ അഞ്ചാം ദ്വൈമാസ ധനനയം ഇന്നറിയാം. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയ സമിതിയുടെ (എം.പി.സി) ത്രിദിന യോഗം ഇന്ന് ഉച്ചയോടെ അവസാനിക്കും. തുടർന്ന്, ധനനയം പ്രഖ്യാപിക്കും.
റിപ്പോനിരക്ക് കാൽ ശതമാനമെങ്കിലും കുറയ്ക്കുമെന്നാണ് പ്രതീക്ഷ. ജി.ഡി.പി വളർച്ച നടപ്പുവർഷം ജൂലായ് - സെപ്‌തംബറിൽ ആറരവർഷത്തെ താഴ്‌ചയായ 4.5 ശതമാനത്തിലേക്ക് തകർന്നടിഞ്ഞത് പലിശ കുറയ്ക്കാനുള്ള സാദ്ധ്യത കൂട്ടിയിട്ടുണ്ട്. ഉപഭോക്തൃ വിപണിയിലെ മാന്ദ്യവും പലിശയിറക്കത്തിന് അനുകൂല ഘടകമാണ്.
റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാന മാനദണ്ഡമാക്കുന്ന ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള (റീട്ടെയിൽ) നാണയപ്പെരുപ്പം 'നിയന്ത്രണ രേഖ"യായ നാല് ശതമാനത്തിനു മേലേക്ക് കഴിഞ്ഞമാസം ഉയർന്നെങ്കിലും പലിശയിറക്കത്തെ ബാധിച്ചേക്കില്ല. സെപ്‌തംബറിലെ 3.99 ശതമാനത്തിൽ നിന്ന് 4.62 ശതമാനത്തിലേക്കാണ് നാണയപ്പെരുപ്പം വർദ്ധിച്ചത്. 15 മാസത്തിന് ശേഷമാണ് നാണയപ്പെരുപ്പം നാല് ശതമാനത്തിന് മുകളിലെത്തുന്നത്.
പലിശയിറക്കത്തിന്
അനുകൂല സാഹചര്യം
ജി.ഡി.പി വളർച്ച ജൂലായ് - സെപ്‌തംബറിൽ ആറരവർഷത്തെ താഴ്‌ചയായ 4.5 ശതമാനത്തിലെത്തി
ഉപഭോക്തൃ വിപണിയിൽ തുടരുന്ന മാന്ദ്യം
വ്യാവസായിക ഉത്‌പാദന വളർച്ച ആഗസ്‌റ്രിലെ 1.4 ശതമാനത്തിൽ നിന്ന് സെപ്‌തംബറിൽ നെഗറ്റീവ് 4.3 ശതമാനത്തിലേക്ക് തകർന്നു
വേണം, നിരക്കിളവ്
തുടർച്ചയായി അഞ്ചുവട്ടമാണ് 2019ൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചത്. എന്നിട്ടും ജി.ഡി.പി വളർച്ചയുടെ ഇടിവോ ഉപഭോക്തൃ വിപണിയിലെ തളർച്ചയോ തടയാനായില്ല. ബാങ്ക് വായ്‌പാ വിതരണത്തിലും കാര്യമായ ഉണർവില്ല. ഈ സാഹചര്യത്തിൽ കൂടുതൽ പലിശയിളവ് വേണമെന്ന ആവശ്യം ശക്തമാണ്.
എത്ര കുറയും?
തുടർച്ചയായ അഞ്ചു തവണകളിലായി റിപ്പോനിരക്ക് 1.35 ശതമാനം കുറച്ച് റിസർവ് ബാങ്ക് 5.15 ശതമാനമാക്കിയിട്ടുണ്ട്. ഇന്ന് അര ശതമാനം വരെ പലിശ കുറച്ചാലും അത്ഭുതപ്പെടാനില്ല. ഇതിനുമുമ്പ് 2008-09ലെ ആഗോള സാമ്പത്തിക മാന്ദ്യകാലത്താണ് റിസർവ് ബാങ്ക് ഇത്രയധികം തവണ തുടർച്ചയായി പലിശ കുറച്ചത്.
4.75%
നിലവിൽ റിപ്പോ നിരക്ക് 5.15 ശതമാനം. 2008-09ലെ ആഗോള സാമ്പത്തിക മാന്ദ്യകാലത്തെ 4.75 ശതമാനമാണ് റിപ്പോയുടെ ഏറ്റവും കുറഞ്ഞ നിരക്ക്.
നിർണായകം ഈ
സൂചനകൾ
പലിശ കുറയ്ക്കുന്നതിനേക്കാൾ റിസർവ് ബാങ്കിൽ നിന്ന് സാമ്പത്തികലോകം ശ്രദ്ധയോടെ കാതോർക്കുന്നത് രണ്ടു കാര്യങ്ങൾ സംബന്ധിച്ച വിലയിരുത്തലുകൾക്കാണ്.
1. ജി.ഡി.പി വളർച്ചാ പ്രതീക്ഷ
2. റീട്ടെയിൽ നാണയപ്പെരുപ്പത്തിന്റെ ഗതി
ഇതിൽ, നടപ്പുവർഷത്തെ ഇന്ത്യയുടെ വളർച്ചാ പ്രതീക്ഷ ഒക്‌ടോബറിലെ യോഗത്തിൽ റിസർവ് ബാങ്ക് 6.9 ശതമാനത്തിൽ നിന്ന് 6.1 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചിരുന്നു. കൂടുതൽ കുറവ് ഇന്ന് വരുത്തിയാൽ അത് നിക്ഷേപക ലോകത്തെയും ബിസിനസ് സംരംഭകരെയും നിരാശപ്പെടുത്തും. നടപ്പുവർഷം റീട്ടെയിൽ നാണയപ്പെരുപ്പ പ്രതീക്ഷ നാലു ശതമാനം തന്നെയാണ്. അതിൽ മാറ്റം വരുത്തുന്നതും സമ്പദ്‌ലോകത്തെ ബാധിക്കും.
നിരക്കുകൾ ഇപ്പോൾ
റിപ്പോ നിരക്ക് : 5.15%
റിവേഴ്‌സ് റിപ്പോ : 4.90%
സി.ആർ.ആർ : 4.00%
എം.എസ്.എഫ് : 5.40%
എസ്.എൽ.ആർ : 18.50%
റിപ്പോ ഇളവിന്റെ പാത
2018 ഡിസം : 6.50%
2019 ഫെബ്രു : 6.25%
2019 ഏപ്രിൽ : 6.00%
2019 ജൂൺ : 5.75%
2019 ആഗസ്റ്ര് : 5.40%
2019 ഒക്‌ടോ : 5.15%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |