കേരളത്തിലെ ആദ്യ ശാഖ കൊച്ചിയിൽ തുറന്നു
കൊച്ചി: ആദിത്യ ബിർള കാപ്പിറ്രലിന് കീഴിലുള്ള ആദിത്യ ബിർള ഹെൽത്ത് ഇൻഷ്വറൻസ് കമ്പനിയുടെ കേരളത്തിലെ ആദ്യ സമ്പൂർണ സേവന ശാഖ കൊച്ചി കലൂർ-കടവന്ത്ര റോഡിൽ തുറന്നു. സി.ഇ.ഒ മായങ്ക് ബത്‌വാൾ ഉദ്ഘാടനം ചെയ്‌തു.
54 ലക്ഷം ഉപഭോക്താക്കളുള്ള കമ്പനി കഴിഞ്ഞ സാമ്പത്തിക വർഷം 500 കോടി രൂപയുടെ ബിസിനസ് രേഖപ്പെടുത്തിയെന്ന് മായങ്ക് ബത്‌വാൾ പറഞ്ഞു. നടപ്പുവർഷം ഏപ്രിൽ-സെപ്‌തംബറിൽ 78 ശതമാനം വളർച്ചയോടെ ബിസിനസ് 316 കോടി രൂപയാണ്. നടപ്പുവർഷം ആകെ ലക്ഷ്യമിടുന്നത് സമാന വളർച്ചാനിരക്കാണ്. വിപുലമായ പോർട്ട്‌ഫോളിയോകളാണ് കമ്പനി അവതരിപ്പിക്കുന്നത്. പ്രത്യേകിച്ച്, മുതിർന്ന പൗരന്മാർക്ക് പ്രത്യേക പോർട്ട്ഫോളിയോ ലഭ്യമാണ്.
കമ്പനിയുടെ മൊത്തം ബിസിനസിൽ രണ്ടര മുതൽ മൂന്നു ശതമാനം വരെ കേരളത്തിലാണ്. ഏറ്റവും ഉയർന്ന വളർച്ചാനിരക്ക് കുറിക്കുന്ന കേരളത്തിൽ 90 ആശുപത്രികളുമായി നിലവിൽ കമ്പനിക്ക് സഹകരണമുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും സാന്നിദ്ധ്യമുള്ള കമ്പനിയുടെ ഉത്‌പന്നങ്ങൾ നിലവിൽ പത്തു മുൻനിര ബാങ്കുകൾ മുഖേന ലഭ്യമാണ്. മൊത്തം ബിസിനസിൽ 55 ശതമാനം റീട്ടെയിൽ മേഖലയിൽ നിന്നാണ്.
ഇന്ത്യയിൽ മൊത്തം ആരോഗ്യ ഇൻഷ്വറൻസ് കവേറേജ് മൂല്യം 50,000 കോടി രൂപയാണ്. ജനസംഖ്യയുടെ പകുതിയോളം മാത്രമേ ഈ പരിധിയിലുള്ളൂ. മൊത്തം ആരോഗ്യസംരക്ഷണ ചെലവ് ഇന്ത്യയിൽ ആറുലക്ഷം കോടി രൂപയാണ്. അതായത്, ഹെൽത്ത് ഇൻഷ്വറൻസ് കമ്പനികൾക്ക് ഏറെ വളർച്ചാ സാദ്ധ്യതകൾ രാജ്യത്ത് നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |