തിരുവനന്തപുരം : കെ.പി.സി.സി പുന:സംഘടന അനിശ്ചിതത്വത്തിൽ നിൽക്കെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ കോൺഗ്രസ് നീക്കം. മേൽത്തട്ടിലേക്കുള്ള ഭാരവാഹികളുടെ കാര്യത്തിൽ തീരുമാനമാവാതെ വന്നതോടെയാണ് കീഴ് കമ്മിറ്റികളുടെ പുന:സംഘടന എത്രയും വേഗം നടത്താൻ പാർട്ടിയിൽ തീരുമാനമായത്. ഇതിന്റെ ഭാഗമായി കെ.പി.സി.സി ഭാരവാഹികൾ കഴിഞ്ഞദിവസം വിവിധ ഡി.സി.സികളിലെത്തി താഴെ തട്ടിൽ നടത്താനുള്ള കർമ്മപരിപാടികളെപ്പറ്റി വിശദീകരിച്ചു.
ഡിസംബർ 31നകം എല്ലാ വാർഡ് കമ്മിറ്റികളും പുന:സംഘടിപ്പിക്കാനാണ് തീരുമാനം. പ്രസിഡന്റ്, 2 വൈസ് പ്രസിഡന്റുമാർ, ട്രഷറർ, 5 ജനറൽസെക്രട്ടറിമാർ ഉൾപ്പടെ 21 അംഗ വാർഡ് കമ്മിറ്റികളാണ് നിലവിൽ വരുന്നത്.സംസ്ഥാനത്തെ ഇരുപത്തി ഒന്നായിരത്തോളം ബൂത്ത് കമ്മിറ്റികൾ പുന:സംഘടിപ്പിച്ചുവെങ്കിലും വാർഡ് കമ്മിറ്റികളിൽ കുറേ കാലങ്ങളായി പുന:സംഘടനയൊന്നും നടന്നിരുന്നില്ല.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം നടത്തുന്നത് വാർഡ് കമ്മിറ്റികളായിരിക്കും. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന കാര്യത്തിൽ കെ.പി.സി.സിയോ ഡി.സി.സിയോ ഇടപെടില്ല. സ്വന്തം സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാനുള്ള പൂർണ അധികാരം വാർഡ് കമ്മിറ്റികൾക്കായിരിക്കുമെന്ന് ഒരു മുതിർന്ന നേതാവ് ഫ്ളാഷിനോട് പറഞ്ഞു. 2010ൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഈ മോഡലാണ് പാർട്ടി പരീക്ഷിച്ചത്. അന്ന് ചരിത്രത്തിൽ ആദ്യമായി എഴുപത് ശതമാനത്തോളം തദ്ദേശസ്ഥാപനങ്ങൾ കൈപിടിയിലൊതുക്കാൻ കോൺഗ്രസിനായി. എന്നാൽ 2015ലെ തിരഞ്ഞെടുപ്പിൽ പാർട്ടിയിലെ ഭിന്നത കാരണം ഇത് നടപ്പാക്കാനായില്ല. അന്നുണ്ടായ വലിയ തിരിച്ചടിയുടെ പ്രധാന കാരണമായി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത് സ്ഥാനാർത്ഥി നിർണയം പ്രാദേശിക ഘടകങ്ങൾക്ക് കൊടുക്കാത്തതാണ്. നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കുന്നതിന് പകരം വാർഡ്-മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം സ്വീകരിക്കും.
സംസ്ഥാനത്ത് രൂപീകരിക്കുന്ന വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനുവരിയിൽ ഭവനസന്ദർശനം നടത്തും. ഭവനസന്ദർശനത്തിൽ അതാത് വാർഡുകളിലെ വീടുകളിലെ സാമൂഹിക-സാമുദായിക അന്തരീക്ഷം പഠിക്കുന്നതിനായി സർവ്വേ നടത്താനാണ് തീരുമാനം. വീട്ടിലെ അംഗങ്ങൾ, സമ്മതിദായകരുടെ എണ്ണം, തൊഴിൽ, സാമ്പത്തികം അടക്കമുള്ള കാര്യങ്ങൾ വ്യക്തമാക്കാനുള്ള ഫോം ഭവനസന്ദർശനത്തിനൊപ്പം വീട്ടുകാർക്ക് നൽകും. തിരഞ്ഞെടുപ്പുകൾക്ക് ആവശ്യമായ ഫണ്ട് ശേഖരണവും ഭവനസന്ദർശനത്തിന്റെ ലക്ഷ്യമാണ്. ഫെബ്രുവരിയിൽ ഡി.സി.സി പ്രസിഡന്റുമാർ നടത്തുന്ന പദയാത്രയിൽ ഫണ്ട് കൈമാറും. കൂടുതൽ തീരുമാനങ്ങൾക്കായി ഡി.സി.സി പ്രസിഡന്റുമാരുടെ യോഗം ഈ മാസം എറണാകുളത്ത് ചേരുന്നുണ്ട്.
അതേസമയം കെ.പി.സി.സി, യൂത്ത് കോൺഗ്രസ് പുന:സംഘടനകളെപ്പറ്റി വ്യക്തമായ ധാരണയിൽ എത്തിച്ചേരാൻ നേതാക്കൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരാൾക്ക് ഒരു പദവി, ജംബോ കമ്മിറ്റി, യുവാക്കൾക്കും വനിതകൾക്കുമുള്ള പ്രാതിനിധ്യം എന്നീ കാര്യങ്ങളിലാണ് തീരുമാനമാകാത്തത്. കൂടുതൽ ചർച്ചകൾക്കായി കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്ക് കേരളത്തിലേക്ക് എത്തുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം. യൂത്ത് കോൺഗ്രസ് പുന:സംഘടന സംബന്ധിച്ച് ദേശീയനേതാക്കളും കോൺഗ്രസ് എം.പിമാരും തമ്മിൽ കഴിഞ്ഞദിവസം ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. സംഘടനാ തിരഞ്ഞെടുപ്പിനെ എതിർത്ത എം.പിമാർ കേരളത്തിൽ മാത്രം തിരഞ്ഞെടുപ്പ് നടത്തുന്നതിനോട് യോജിപ്പില്ലെന്ന് ദേശീയ നേതാക്കളെ അറിയിച്ചു. എന്നാൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയേതീരൂ എന്ന നിലപാടാണ് ദേശീയനേതൃത്വത്തിന്.വയനാട്ടിൽ എത്തിയ രാഹുൽഗാന്ധിയുമായും നേതാക്കൾ പുന:സംഘടന വിഷയത്തിൽ ചർച്ച നടത്തിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |