ബംഗളൂരു:കർണാടകത്തിൽ പതിനഞ്ച് നിയമസഭാ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്നലെ രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് ആറിന് അവസാനിച്ചു. വൈകിട്ട് അഞ്ച് മണിവരെ 60 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ഡിസംബർ ഒൻപതിന് ഫലം അറിയാം.കോൺഗ്രസ്, ജെ.ഡി.എസ്. സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച് 17 എം.എൽ.എമാർ രാജിവച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് കേസ് നിലനിൽക്കുന്നതിനാൽ രണ്ടു മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കയാണ്.
സ്വതന്ത്രർ അടക്കം 165 സ്ഥാനാർത്ഥികളാണുള്ളത്. 15 മണ്ഡലങ്ങളിൽ കോൺഗ്രസ്, ജെ.ഡി.എസ് വിമതരാണ് ബി.ജെ.പി. സ്ഥാനാർത്ഥികൾ. മൂന്നു മണ്ഡലങ്ങൾ ജെ.ഡി.എസിന്റെ സിറ്റിംഗ് സീറ്റുകളാണ്. മണ്ഡലങ്ങളിൽ ത്രികോണ പോരാട്ടമാണെങ്കിലും കോൺഗ്രസും ബി.ജെ.പി.യും തമ്മിലാണ് പ്രധാനമത്സരം.ആറു സീറ്റിലെങ്കിലും വിജയിച്ചില്ലെങ്കിൽ ബി.ജെ.പി സർക്കാരിന്റെ നിലനിൽപ്പ് പ്രതിസന്ധിയിലാകും.
ബി.ജെ.പി നടത്തിയ നാലു സർവേകളിൽ ഒൻപത് മുതൽ 13 വരെ സീറ്റുകൾ തങ്ങൾക്ക് കിട്ടുമെന്നാണ് പ്രവചനം. ഇതിലാണ് സർക്കാരിന്റെ പ്രതീക്ഷ. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെയും ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പുകൂടിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |