ഹൈദരാബാദ്: തെലങ്കാനയിൽ ഇരുപത്തിയാറുകാരിയായ മൃഗഡോക്ടറെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ ശേഷം കൊന്ന് കത്തിച്ച കേസിലെ നാല് പ്രതികളെയും പൊലീസ് ഇന്നലെ പുലർച്ചെ വെടിവച്ചു കൊന്നു. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് സൈബറാബാദ് പൊലീസ് കമ്മിഷണർ വി. സി. സജ്ജനാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോറി ഡ്രൈവർ മുഹമ്മദ് അരീഫ് (26), ലോറിത്തൊഴിലാളികളായ ജൊല്ലു നവീൻ, ജൊല്ലു ശിവ, ചെന്നകേശവുലു (മൂവർക്കും 20 വയസ് ) എന്നിവരാണ് കൊല്ലപ്പെട്ട പ്രതികൾ. പ്രതികളെ വിചാരണ കൂടാതെ വെടിവച്ചു കൊല്ലണമെന്ന് ഡോക്‌ടറുടെ അമ്മയും ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു. കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റുകൾ ഉൾപ്പെടെ വ്യാപകമായി പ്രതിഷേധം നടത്തുന്നതിനിടെയാണ് പ്രതികൾ കൊല്ലപ്പെട്ടത്. അതേസമയം, വ്യാജ ഏറ്റുമുട്ടലാണെന്നും പൊലീസ് പ്രതികളെ മനഃപൂർവം വെടിച്ച് കൊന്നതാണെന്നും ആക്ഷേപം ശക്തമായി. ഏറ്റുമുട്ടലിനെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷൻ തെലങ്കാന പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.
പുഷ്പവൃഷ്ടി നടത്തി നാട്ടുകാർ
ഹൈദരാബാദ്: പ്രതികളായ നാലു പേരും പോലീസിന്റെ വെടിയേറ്റു മരിച്ച സംഭവത്തിൽ നാട്ടുകാരുടെ ആഘോഷം. പ്രതികളെ വെടിവെച്ച് കൊന്ന സ്ഥലത്തെത്തിയ നാട്ടുകാർ പുഷ്പവൃഷ്ടി നടത്തുകയും പോലീസുകാരെ തോളിലേറ്റി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഡോക്ടറുടെ അയൽവാസികളായ സ്ത്രീകൾ പോലീസ് ഉദ്യോഗസ്ഥർക്ക് മധുരം നൽകുകയും ജയ് വിളിക്കുകയും ചെയ്തു.
പൊലീസിന് നന്ദി: യുവതിയുടെ പിതാവ്
ഹൈദരാബാദ്: പോലീസിനും സർക്കാരിനും നന്ദിയെന്നും തന്റെ മകളുടെ ആത്മാവിന് ഇനി ശാന്തി ലഭിക്കുമെന്നും ഹൈദരാബാദിലെ വനിതാ ഡോക്ടറുടെ പിതാവ്. മകൾ മരിച്ച് 10 ദിവസമായെന്നും വേഗത്തിൽ നീതി ലഭിച്ചതിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |