ന്യൂഡൽഹി: ലൈംഗിക പീഡന പരാതി നൽകിയതിന് അക്രമികൾ തീവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഉന്നാവിലെ പെൺകുട്ടി മരിച്ചു. ഹൃദയാഘാത്തെ തുടർന്ന് സഫ്ദർജങ് ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രി 11.40ഓടെയാണ് മരണം. 11.10നാണ് പെൺകുട്ടിക്ക് ഹൃദയാഘാതം ഉണ്ടായതെന്നും ചികിത്സ നൽകിയെങ്കിലും 11.40ഓടെ മരിക്കുകയായിരുന്നെന്ന് ആശുപത്രി വക്താവ് മാദ്ധ്യമങ്ങളെ അറിയിച്ചു. 90% ശതമാനം പൊള്ളലേറ്റ നിലയിലായിരുന്നു പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സ ലഭ്യമാക്കാൻ വൈകിയതും പെൺകുട്ടിയുടെ നില അപകടത്തിലാക്കിയതെന്ന് ഡോക്ടർമാർ അറിയിച്ചു.
വിവാഹ വാഗ്ദാനം നൽകിയ ആൾ കൂട്ടുകാരനുമൊത്തു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതി നൽകിയ പെൺകുട്ടിയെയാണ് പ്രതികളടക്കം അഞ്ചു പേർ ചേർന്നു തീ കൊളുത്തി പരിക്കേൽപ്പിച്ചത്. ഉന്നാവ് ഗ്രാമത്തിൽ നിന്നു റായ്ബറേലിയിലെ കോടതിയിലേക്കു പോകാൻ തുടങ്ങവേ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. അതീവ ഗുരുതരവസ്ഥയിലായ പെൺകുട്ടിയെ ലക്നൗവിലെ ആശുപത്രിയിൽ നിന്നു വിദഗ്ധ ചികിൽസയ്ക്കായി ഡൽഹിയിലേക്കു മാറ്റുകയായിരുന്നു.
നേരത്തെ, ബിജെപി എം.എൽ.എയ്ക്കെതിരെ പീഡന പരാതി ഉന്നയിച്ച ഉത്തർപ്രദേശിലെ ഉന്നാവ് പെൺകുട്ടി നേരിട്ട അതേ സാഹചര്യങ്ങളിലൂടെയാണ് ഉന്നാവിൽനിന്നുള്ള ഈ പെൺകുട്ടിയും കടന്നുപോയത്. അന്ന് പെൺകുട്ടിയെ വാഹനമിടിച്ചു കൊലപ്പെടുത്താനായിരുന്നു പ്രതികൾ പദ്ധതിയിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |