ലക്‌നൗ: ഉന്നാവോയിൽ ക്രൂരമായ ലൈംഗിക പീഡനത്തെ അതിജീവിച്ച ഇരുപത്തിമൂന്നുകാരിയായ യുവതിയെ പ്രതികൾ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യമെങ്ങും കനത്ത പ്രതിഷേധം അലയടിക്കുന്നു. ഉത്തർപ്രദേശിലും ഉന്നാവോയിലും ഡൽഹിയിലും ജനക്കൂട്ടം പ്രതിഷേധവുമായി തെരുവിലിറങ്ങി. രോഷാകുലരായി സർക്കാരിനെതിരെ തിരിഞ്ഞ ജനാവലിയെ നിയന്ത്രിക്കാൻ വൻ പൊലീസ് സംഘം രംഗത്തുണ്ട്.
ഉന്നാവോയിൽ യുവതിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ ഉത്തർപ്രദേശ് മന്ത്രിമാർക്കും എം.പിക്കുമെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, കമൽ റാണി വരുൺ എന്നിവർക്കും ബി.ജെ.പി എംപി സാക്ഷി മഹാരാജിനുമാണ് ജനങ്ങളുടെ രോഷപ്രകടനം നേരിടേണ്ടിവന്നത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിവീശി. നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ) പ്രവർത്തകർ മന്ത്രിമാരെ വളഞ്ഞ് മുദ്രാവാക്യം വിളിച്ചു. ഇവരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. സമരക്കാരെ വലിച്ചിഴച്ചുമാറ്റി. തുടർന്നാണ് മന്ത്രിമാരുടെയും എം.പിയുടെയും വാഹനത്തിന് ഗ്രാമത്തിൽ പ്രവേശിക്കാനായത്.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് മന്ത്രിമാർ കുടുംബത്തെ സന്ദർശിക്കാനെത്തിയത്.
യുവതിയുടെ കുടുംബം ആവശ്യപ്പെടുന്ന ഏത് അന്വേഷണവും നടത്താൻ തയ്യാറാണെന്ന് സാക്ഷി മഹാരാജ് എം.പി പറഞ്ഞു. അക്രമികളിൽ ഒരാളെപ്പോലും വെറുതെ വിടില്ല. ഇക്കാര്യത്തിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ഉന്നാവിന് ചീത്തപ്പേരുണ്ടാക്കിയെന്ന് മന്ത്രി സ്വാമി പ്രസാദ് മൗര്യ പറഞ്ഞു. യുവതിയുടെ കുടുംബത്തിനൊപ്പമാണ് ബി.ജെ.പി. നീതിക്കവേണ്ടി പാർലമെന്റിൽ ശബ്ദമുയർത്തും. കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നും ആരെയും വെറുതെവിടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, യു.പി നിയമസഭയ്‌ക്കു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
''കറുത്ത ദിനമാണിന്ന്. അത്യധികം കുറ്റകരമായ സംഭവമാണ് നടന്നത്. ഈ ബി.ജെ.പി സർക്കാരിന് കീഴിൽ ആദ്യമായല്ല ഇത്തരമൊരു സംഭവം നടക്കുന്നത്. കുറ്റക്കാരെ വെടിവച്ചുകൊല്ലുമെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു, പക്ഷേ അവർക്ക് ഒരു മകളുടെ ജീവന്‍ രക്ഷിക്കാനായില്ല. ഉത്തർപ്രദേശ് മുഖ്യമന്ത്രി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവർ ഇതുവരെ രാജിവച്ചിട്ടില്ല, നീതി ലഭിക്കുകയില്ല. ഉന്നാവ് സംഭവത്തിൽ സംസ്ഥാനത്തുടനീളം അനുശോചന സമ്മേളനം നടത്തും.'' - അഖിലേഷ് യാദവ് പറഞ്ഞു.
90 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ഡൽഹിയിൽ എത്തിച്ച യുവതി രക്ഷപ്പെടാനുള്ള സാദ്ധ്യത കുറവാണെന്ന് ഡോക്‌ടർമാർ പറഞ്ഞിരുന്നു. വെന്റിലേറ്ററിൽ അബോധാവസ്ഥയിൽ കഴിഞ്ഞ യുവതിക്ക് വെള്ളിയാഴ്ച രാത്രി 11.10ന് ഹൃദയാഘാതമുണ്ടായി. തുടർന്ന് നില വഷളാകുകയും 11.40 ഓടെ മരണം സ്ഥിരീകരിക്കുകയും ചെയ്‌തു. ഇന്നലെ ഉച്ചയോടെ പോസ്‌റ്റുമാർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
2018 ഡിസംബറിലെ മാനഭംഗക്കേസ് നടപടിക്കായി റായ്ബറേലി കോടതിയിലേക്ക് പോകും വഴിയാണ് കഴിഞ്ഞ അഞ്ചിന് പുലർച്ചെ യുവതി ആക്രമണത്തിന് ഇരയായത്. പീഡന കേസിലെ രണ്ടു പ്രതികൾ അടക്കം അഞ്ചു പേർ തടഞ്ഞു വച്ച് കത്തികൊണ്ട് മുറിവേൽപ്പിച്ച ശേഷം കത്തിക്കുകയായിരുന്നു. കത്തുന്ന ശരീരവുമായി ഒരു കിലോമീറ്ററോളം ഓടിയ യുവതി സ്വയം നാട്ടുകാരനായ ഒരാളുടെ സഹായത്തോടെ 112ൽ വിളിച്ച് പരാതിപ്പെട്ടപ്പോഴാണ് പൊലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ നിന്ന് ലഖ്‌നൗ ആശുപത്രിയിലേക്കും പിന്നീട് ഡൽഹിയിലേക്കും മാറ്റി. പ്രാഥമിക ശുശ്രൂഷ നൽകുന്നതിൽ വന്ന വീഴ്‌ച പൊള്ളലിന്റെ ആഘാതം വർദ്ധിപ്പിച്ചെന്ന് ഡൽഹിയിലെ ഡോക്‌ടമാർ കണ്ടെത്തിയിരുന്നു.
കേസ് അതിവേഗ കോടതി പരിഗണിക്കും
ഉന്നാവോ കേസ് അതിവേഗ കോടതിയിലേക്ക് മാറ്റുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
സംഭവം അതീവ ദുഃഖകരമാണെന്നും, പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും യോഗി പ്രതികരിച്ചു.
യുവതി മജിസ്ട്രേട്ടിന് നൽകിയ മൊഴി
''പുലർച്ചെ നാല് മണിക്ക് വീടിനടുത്തുള്ള റയിൽവേ സ്റ്റേഷനിൽ നിന്ന് റായ്ബറേലിക്കുള്ള ട്രെയിൻ പിടിക്കാൻ പോവുകയായിരുന്നു ഞാൻ. അഞ്ച് പേർ അവിടെ എന്ന് കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ആദ്യം അവരെന്നെ വളഞ്ഞു. കാലിൽ അടിച്ചു. കഴുത്തിൽ കത്തികൊണ്ട് കുത്തി. പിന്നെയും പലതവണ കുത്തി. അതിന് ശേഷം ദേഹത്ത് പെട്രോളൊഴിച്ചു. തീ കൊളുത്തി. അലറിക്കരഞ്ഞ് കുറേദൂരം ഞാനോടി.'
പ്രതികൾക്ക് ബി.ജെ.പി ബന്ധം - പ്രിയങ്ക ഗാന്ധി
എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉന്നാവോയിൽ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു.' ഒരുവർഷമായി ഈ കുടുംബം തുടർച്ചയായി അപമാനിക്കപ്പെട്ടു.
പ്രതികൾക്ക് ബി.ജെ.പിയുമായി ബന്ധമുണ്ട്. അതുകൊണ്ടാണ് അവർ സംരക്ഷിക്കപ്പെടുന്നത്. സംസ്ഥാനത്ത് കുറ്റവാളികൾക്ക് ഭയമില്ലാത്ത സാഹചര്യമാണ്. ഈ മുഖ്യമന്ത്രിയുടെ ഭരണത്തിൽ സ്ത്രീകൾക്ക് യാതൊരു സ്ഥാനവുമില്ല. അതുകൊണ്ടാണ് വീണ്ടും അതിക്രമം അരങ്ങേറുന്നത് '- പ്രിയങ്ക പറഞ്ഞു.
പീഡനം വിവാഹ വാഗ്ദാനം നൽകി
പ്രതികളിലൊരാളായ ശുഭം ത്രിവേദി വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ വശത്താക്കിയ ശേഷം പലപ്പോഴായി പീഡിപ്പിച്ചെന്ന് കഴിഞ്ഞ മാർച്ചിൽ യുവതി നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ ഡിസംബറിൽ ശുഭവും സുഹൃത്ത് ശിവമും ചേർന്ന് തട്ടിക്കൊണ്ടുപോയി തോക്കു ചൂണ്ടി മാനഭംഗപ്പെടുത്തി. ശിവം അറസ്‌റ്റിലായെങ്കിലും അഞ്ചാം ദിവസം ജാമ്യം ലഭിച്ചു. ശുഭം മുങ്ങിയെന്ന് പൊലീസ്. പ്രതികൾ പിന്നീട് യുവതിയെ പുറകെ നടന്ന് ഭീഷണിപ്പെടുത്തി. ഇക്കാര്യം പൊലീസിൽ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.
അവൻമാരെ തൂക്കിക്കൊല്ലണം- യുവതിയുടെ സഹോദരൻ
''എനിക്ക് മരിക്കാൻ ഇഷ്‌ടമില്ല, എന്നെ രക്ഷിക്കൂ. എന്നോടിത് ചെയ്‌വൻമാരെ തൂക്കിലേറ്റുന്നത് എനിക്ക് കാണണം'' ബോധം നഷ്‌ടപ്പെടും മുമ്പ് യുവതി സഹോദരനോട് പറഞ്ഞ അവസാന വാക്കുകളാണിത്.
പെങ്ങളുടെ വാക്കുകൾ നടപ്പാക്കാൻ അവസാന ശ്വാസം വരെ പൊരുതുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഹൈദരാബാദിൽ നടപ്പാക്കിയതുപോലെ മകളുടെ ഘാതകരെയും വകവരുത്തി പെട്ടെന്ന് നീതി നടപ്പാക്കണമെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. പെട്ടെന്ന് നീതി നടപ്പാക്കണം. ക്രൂരമായ കുറ്റങ്ങൾ ചെയ്‌താൽ കഠിനമായ ശിക്ഷ, അതും പെട്ടെന്ന് ലഭിക്കുമെന്ന ബോധ്യം വരണം. അല്ലെങ്കിൽ ശിവത്തെപ്പോലുള്ളവർ(പീഡനക്കേസ് പ്രതി) ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റം ചെയ്യും. ഇക്കാര്യത്തിൽ ഹൈദരാബാദ് പൊലീസിനെ അഭിനന്ദിക്കുന്നു. മകളെ തീകൊളുത്തിയ നരാധൻമാർക്കെതിരെ നടപടിയെടുക്കാൻ യു.പി പൊലീസും അവരെ മാതൃകയാക്കണം. ആ പ്രതികൾ രക്ഷപ്പെട്ടിരുന്നെങ്കിൽ സ്‌ത്രീകളുടെ സുരക്ഷ ആശങ്കയിലായേനെ. മകൾക്ക് നീതി തേടി പലയിടത്തും അലഞ്ഞെന്നും നീതി വൈകുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം കേസുകളിൽ പൊലീസ് സമയബന്ധിതമായി നടപടിയെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |