കൊല്ലം: പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ.എം.എം.എൽ) പൂട്ടിക്കാൻ നടക്കുന്ന ശ്രമങ്ങൾ ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളെ ആശങ്കയിലാക്കി.ഖനന നിരോധനത്തെ തുടർന്ന് കെ.എം.എം.എല്ലിന് ഇപ്പോൾ അസംസ്കൃത വസ്തുവായ ഇൽമനൈറ്റ് ഉത്പാദിപ്പിക്കാനാവുന്നില്ല. ഇതിന് പകരം ബെനിഫിഷിയേറ്റഡ് ഇൽമനൈറ്റ് (ബി.ഐ) എന്ന സിന്തറ്റിക് റൂട്ടൈൽ പുറമേ നിന്ന് വാങ്ങുന്നതിനെതിരെ എൻ.കെ. പ്രേമചന്ദ്രൻ എം.പി രംഗത്ത് വന്നിരിക്കുന്നത് കരിമണൽ കള്ളക്കടത്ത് മാഫിയയ്ക്കും വിദേശ കുത്തകകൾക്കും വേണ്ടിയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കേരളത്തിലെ ധാതു അധിഷ്ഠിത വ്യവസായങ്ങളെ നശിപ്പിക്കാനേ ഇത് വഴിയൊരുക്കൂ.ബഹുരാഷ്ട്ര കുത്തകകളിൽനിന്നും ടൈറ്റാനിയം ഡയോക്സൈഡ് ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്തു കോടികൾ കമ്മിഷനായി തട്ടിയെടുത്ത് കെ.എം.എം.എൽ, ഐ.ആർ.ഇ. കമ്പനികളെ പ്രതിസന്ധിയിലാക്കുന്നത് അജൻഡയാക്കിയവരാണ് ഇതിന് പിന്നിൽ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്.
പ്രതിസന്ധി ഘട്ടങ്ങളിൽ ഐ.ആർ.ഇയിൽ നിന്നും
മറ്റ് സ്വകാര്യ കമ്പനികളിൽ നിന്നും ഇൽമനൈറ്റ് വാങ്ങുകയാണ് കെ.എം.എം.എല്ലിന്റെ വർഷങ്ങളായുള്ള പതിവ്.
. ഇൽമനൈറ്റ് വാങ്ങി ഉത്പാദനം നടത്തിയാൽ ലാഭത്തിൽ കുറവുവരുമെന്നേയുള്ളൂ. നഷ്ടമുണ്ടാകില്ല. ഖനനത്തിന് കഴിയാതെ വരികയും പുറത്ത് നിന്ന് വാങ്ങാതിരിക്കുകയും ചെയ്യുമ്പോൾ
ടൈറ്റാനിയം ഡയോക്‌സൈഡിന്റെ ഉത്പാദനം കുറയും. സ്വാഭാവികമായും കമ്പനി നഷ്ടത്തിലുമാകും. അതാണിപ്പോൾ സംഭവിച്ചത്. ഇതൊക്കെ മറച്ചുവച്ചാണ് കുപ്രചാരണം. 1993 മുതൽ തുടർച്ചയായി ലാഭത്തിലുള്ള കെ.എം.എം.എൽ ഏഴ് മാസമായി നഷ്ടത്തിലാണ്.
തദ്ദേശീയ കമ്പനികളിൽ നിന്നും ബി.ഐ. വാങ്ങുമ്പോൾ ഉത്പാദനചെലവിൽ ഗണ്യമായ കുറവു വരും. കൂടാതെ മാലിന്യസംസ്കരണത്തിന്റെ ഭാഗമായ കോടികളുടെ ചെലവും ഒഴിവായി കിട്ടും.
കേന്ദ്രസർക്കാരിന്റെ പാരിസ്ഥിതിക അനുമതിയില്ലാത്തതിനാലാണ് കെ.എം.എം.എല്ലിന്റെ ഖനനം നിറുത്തിവച്ചിരിക്കുന്നത്. ഇതിനെതിരെ പാർലമെന്റിൽ സബ്മിഷൻ ഉന്നയിക്കാൻ പോലും ഇതുവരെ തയാറാകാത്ത പ്രേമചന്ദ്രന്റെ കമ്പനി വിരുദ്ധ നിലപാടിൽ തൊഴിലാളികൾക്കിടയിൽ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.
ഫെബി വർഗീസ് എം.ഡി ആയിരുന്നപ്പോഴാണ് ബി.ഐ. വാങ്ങുന്നതിന് ആഗോള ടെൻഡർ വിളിച്ചത്. കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത കൊച്ചിയിലെയും തമിഴ്നാട്ടിലെയും കമ്പനികൾക്ക് കോടികളുടെ ബാങ്ക് ഗാരന്റിയുടെ അടിസ്ഥാനത്തിൽ ഓർഡർ നൽകി. കൊച്ചിയിലെ കമ്പനി ഓർഡർ പ്രകാരമുള്ള ബി.ഐയുടെ പകുതി മാത്രമേ നൽകിയിട്ടുള്ളൂ. അമിത ലാഭം കിട്ടുന്ന കച്ചവടമാണെങ്കിൽ ടെൻഡർ ഉറപ്പിച്ച ഉടനെ മുഴുവൻ സപ്ളൈ ചെയ്ത് പണം വാങ്ങിയേനെ.
2019 ഒക്ടോബറിൽ ടെൻഡർ കാലാവധി കഴിഞ്ഞാലും ബി.ഐ നൽകണമെന്ന് ആവശ്യപ്പെട്ട് മുൻ എം.ഡി ഫെബി വർഗീസ് കൊച്ചിയിലെ കമ്പനിക്ക് കത്ത് നൽകിയ വിവരം ബോധപൂർവം മറച്ചുവച്ച് അസത്യം പ്രചരിപ്പിച്ചവരുടെ ഗൂഢലക്ഷ്യത്തെ കുറിച്ച് അന്വേഷണം വേണമെന്നും ഒരുവിഭാഗം തൊഴിലാളികൾ ആവശ്യമുന്നയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |